ഭാഗ്യമില്ലാത്ത പെണ്ണ്
Bhagyamillatha Pennu Author : ലതീഷ് കൈതേരി
നശിച്ചവൾ ,,നിന്റെ തലവട്ടം കണ്ടപ്പോൾ പോയതാ തന്തയും തള്ളയും ,,,
എന്തിനാ ഇളയമ്മേ എന്നെ വഴക്കുപായുന്നതു ?
നീ എന്തിനാണ് അനുവിനെ പെണ്ണ് കാണാൻ വന്നവരുടെ മുൻപിൽ പോയി ഇളിച്ചുകൊണ്ടു നിന്നതു
ഞാൻ അറിഞ്ഞുകൊണ്ടുപോയതാണോ ,? നാലുപേര് വരുമെന്നുപറഞ്ഞിട്ടു ഏഴുപേരുവന്നപ്പോൾ പാല് എത്താതായപ്പോൾ അതുവാങ്ങാൻ നാരായണി അമ്മൂമ്മയുടെ അടുത്ത് പോയതാണ് ,,തിരിച്ചുവരുമ്പോൾ ഒരു സിഗരറ്റും പുകച്ചുകൊണ്ടു പയ്യൻ തെങ്ങിൻചോട്ടിൽ നിൽക്കുന്നു ,എനിക്ക് എന്തുചെയ്യാൻ കഴിയും
നിന്റെ തള്ള എന്റെ ഏട്ടനെ വശീകരിച്ചു എടുത്തത് എല്ലാവർക്കും അറിയാം ,,ആ സ്വാഭാവം നിനക്കും കാണും ,,ആ ചെക്കന്നെ കാണുമ്പോൾ കണ്ണും കയ്യും കാണിച്ചു മയക്കിയിട്ടു ഇപ്പൊ ഒന്നും അറിയാത്തപോലെ നിൽക്കുന്നു ,,സുന്ദരിക്കോത ,,,
ഇത്രയൊക്കെ പറയാൻ ഇപ്പൊ ഇവിടെ എന്താ ഇളയമ്മേ ഉണ്ടായത് ?
ഓ ,,അതുനീ അറിഞ്ഞില്ലേ ,,എന്റെമോളുടെ കല്യാണം മുടങ്ങി ,,അവർക്കു ഈ ശിങ്കരിച്ചിയെ മതിപോലും
ആര് എന്നെയോ ?
അതെ നിന്നെ തന്നെ ,,സ്വന്തമായിട്ടു ഒരുതരി ഭൂമിയോ ഒരുപവന്റെ സ്വർണ്ണമോ ഇല്ലാ എന്നുപറഞ്ഞിട്ടും അവനു നിന്നെ തന്നെ മതി ,,,സ്വബുദ്ധി ഇല്ലാത്ത ചെക്കൻ അല്ലാതെ എന്താപറയുക
അതിനു എനിക്ക് ഈ കല്യാണം വേണ്ടെങ്കിലോ ?
അതുനീയാണോ തീരുമാനിക്കുക ,,ഇനിയും നാശം പിടിച്ച നിന്നെപോറ്റാൻ എനിക്കുവയ്യ ,,കെട്ടിച്ചുവിട്ടാൽ അങ്ങുപോയിക്കൊള്ളണം പിന്നെ ബന്ധം കുന്ദം എന്നൊക്കെ പറഞ്ഞു ഈ പടി എടുത്തുവെക്കരുത്
എന്തുപറയണം എന്നറിയാത്ത അവസ്ഥ ,,,,തന്റെ നാലാമത്തെ വയസ്സിൽ ഗുരുവായൂരിൽ പോയി തിരിച്ചുവരുന്ന സമയം അപകടത്തിൽ അച്ഛനും അമ്മയും മരിച്ചുപോയ അന്നുമുതൽ തുടങ്ങിയതാണ് ഈ നരക ജീവിതം ,ഇളയമ്മ ഇന്നുവരെ സ്നേഹത്തോടെ ഒരുവാക്കുപോലും സംസാരിച്ചിട്ടില്ല എപ്പോഴും വഴക്കും ശാപ വാക്കും മാത്രം ,,എന്നീട്ടും അവരെന്നെ വളർത്തി ,,, അവരെന്നെ വളർത്തുന്നതിന് കൃത്യമായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു ,,തനിക്കു പ്രായപൂർത്തിയാകുമ്പോൾ മാത്രം തന്നിലേക്ക് ചേരുന്ന തന്റെ സ്വത്തുക്കൾ അതായിരുന്നു ലക്ഷ്യം ,,തന്റെ പതിനെട്ടാമത്തെ വയസ്സിൽ സൂത്രത്തിൽ അവരെന്നിൽ നിന്നും എല്ലാം എഴുതിവാങ്ങി ,,,