ചെക്കിങ്ങും കാര്യങ്ങളും പെട്ടെന്ന് കഴിഞ്ഞതോടെ പുറത്തേക്കിറങ്ങി അറബിയെ വിളിച്ച് നോക്കിയപ്പോൾ അറബി വന്നു കൊണ്ടിരിക്കുകയാണെന്നും വെയ്റ്റ് ചെയ്യാനും പറഞ്ഞപ്പോൾ ഞാൻ പുറത്തേക്കിറങ്ങി നിന്നു .
കൂടുതൽ വൈകാതെ അറബി ഫോൺ വിളിച്ച് വണ്ടി നിൽക്കുന്ന സ്ഥലത്തേക്ക് വരാൻ പറഞ്ഞപ്പോൾ ഞാനാ ഭാഗത്തേക്ക് ചെന്നതും ചിരിച്ച് കൊണ്ട് വണ്ടിയിൽ നിന്നുമിറങ്ങിയ അറബി ഒരു കൂടപ്പിറപ്പിനെ ചേർത്ത് നിർത്തുന്നത് പോലെ നെഞ്ചോട് ചേർത്ത് നിർത്തി വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി.
വണ്ടിയിൽ കയറി ഞങ്ങൾ വീട്ടിലേക്ക് തിരിക്കുമ്പോൾ അറബി കളിയാക്കി കൊണ്ട് ഭാര്യയെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും ചോദിക്കുന്നതിന് ഉത്തരം കൊടുക്കാൻ കഴിയാതെ ചിരി അഭിനയിച്ച് ഞാൻ വിഷയം മാറ്റി കൊണ്ടിരുന്നു.
ലീവിന് മുൻപുള്ള എന്റെ സംസാരവും തിരിച്ച് വന്നപ്പോഴുള്ള എന്റെ സംസാരത്തിലെ മാറ്റവും ശ്രദ്ധിച്ച അറബിയെന്റെ മുഖത്തേക്ക് നോക്കി
” അൻവർ ഇൻത്ത
എഷ് മുഷ്ക്കിലാ ഹബീബി .. ? വള്ളാഹി അൻവർ അവ്വൽ മാഫീ കിത .. ”
( അൻവർ നിനക്കെന്താണ് പ്രശ്നമെന്നും പടച്ചോനാണേ നീ മുൻപ് ഇങ്ങനെ ആയിരുന്നില്ല ) എന്നും പെട്ടെന്ന് പറഞ്ഞപ്പോൾ ” അർബാബ് ഭാര്യയെ പിരിഞ്ഞത് കൊണ്ടുള്ള ടെൻഷനാ.. ” എന്ന് അറപ്പോടെ പറയേണ്ടി വന്നവനാടാ ഞാൻ കാരണം എന്റെ അറബിക്ക് എന്നെ നല്ല ഇഷ്ടമായിരുന്നു. പെണ്ണ് കെട്ടി കഴിഞ്ഞാൽ അവളെ സൗദിയിലേക്ക് കൊണ്ട് വരണമെന്നും അതിനെന്തൊക്കെ വേണോ അതൊക്കെ ചെയ്ത് തരുമെന്നും പറഞ്ഞിരുന്ന ആ മനുഷ്യനോട് എന്റെ അപ്പോഴത്തെ അവസ്ഥകൾ പറയാൻ കഴിയില്ലായിരുന്നു.
എന്തുണ്ടെങ്കിലും എന്നെ അറിയിക്കണം എന്ന് പറഞ്ഞ് അറബി വണ്ടി വീട്ടിലേക്ക് തിരിച്ചു. യാത്രക്കിടയിൽ അറബി എന്റെ പുതിയ ജോലിയെ കുറിച്ച് പറഞ്ഞു തന്നു. കേട്ടപ്പോൾ വളരെ കുറഞ്ഞ സമയം മാത്രമേ ജോലി ഉണ്ടായിരുന്നൊള്ളൂ. അറബിയെ ഓഫീസിൽ കൊണ്ടുപോയി വിടുക വല്ലപ്പോഴും കുടുംബത്തോടൊപ്പം കറങ്ങാൻ പോവുക. ഒഴിവ് സമയം കൂടുതലായിരുന്നതിനാൽ ഓർമ്മകൾ നൊമ്പരങ്ങളെ ഗർഭം ധരിക്കുമെന്നും, ആലോചനകൾക്ക് തീ പിടിക്കുമെന്നും ഉറപ്പായിരുന്നു കാരണം ഒറ്റക്കിരിക്കുന്ന നേരത്താണല്ലോ മരുഭൂമിയിലേക്ക് പഴയ ഓർമ്മകൾ കൂട്ടം കൂടി വരിക.
കുറച്ചധികം യാത്ര ചെയ്ത് ഞങ്ങൾ അറബിയുടെ വീട്ടിലേക്കെത്തി. വണ്ടിയിൽ നിന്നും ഇറങ്ങിയ ഞാൻ ബേഗുമായി റൂമിലേക്ക് നടക്കുമ്പോൾ ” അൻവർ ഭാര്യക്ക് സുഖമല്ലേ… ? എന്താണ് അവളുടെ പേരൊന്നൊക്കെ” ചോദിച്ച് അറബിയുടെ ഭാര്യ അപ്പുറത്ത് നിന്നും വിശേഷങ്ങൾ ചോദിച്ചപ്പോൾ ചിരിച്ച് കൊണ്ട് മറുപടി കൊടുത്ത് കൂടുതൽ ചോദ്യങ്ങൾ കേള്ക്കാൻ നിൽക്കാതെ ഞാൻ എന്റെ റൂമിലേക്ക് ചെന്നു.
നാട്ടിലേക്ക് പോകുമ്പോൾ പൂട്ടിയിട്ട എന്റെ റൂമിന്റെ വാതിൽ തുറന്ന് ഞാനകത്തേക്ക് കയറിയപ്പോൾ ഞാനീ ലോകത്ത് തനിച്ചായത് പോലെ തോന്നി. ബെഡ് ഷീറ്റ് വിരിച്ച് കട്ടിലിൽ മലർന്നു കിടന്ന് നാട്ടിൽ പോകുന്നതിനു മുൻപ് ഞാൻ കണ്ട കിനാവുകളെ ഒരിക്കൽ കൂടി നോക്കിയപ്പോൾ അതെല്ലാം എന്നെ നോക്കി വിതുമ്പുന്നുണ്ടായിരുന്നു.