നാട്ടിലെത്താൻ പിന്നെയും ഒരുപാട് സമയമുണ്ടായിരുന്നു .
കാത്തിരുന്ന നിക്കാഹ് സമ്മാനിച്ച വേദനയേറിയ ഓർമ്മകളുമായി സൗദിയിലേക്ക് തിരികെ വരുന്ന അൻവർ തന്റെ കഥ തുടർന്ന് പറയാൻ തുടങ്ങി.
ഫ്‌ളൈറ്റിൽ കയറി ബേഗ് മുകളിലേക്ക് വെച്ച് സീറ്റ് ബെൽറ്റൊക്കെ ധരിച്ച് പുറപ്പെടുന്നതും കാത്ത് ഞാനങ്ങനെ ഇരുന്നു. കണ്ണുകളടച്ച് കിടന്നെങ്കിലും ആ നശിച്ച അനുഭവങ്ങളുടെ ചിതയൊരുക്കാൻ കഴിയാതെ വന്നപ്പോൾ പേടിച്ചലറിയ മനസ്സ് കണ്ണുകളെ വിളിച്ചുണർത്തി തുറപ്പിച്ചു .
എല്ലാവരും കയറി കഴിഞ്ഞതും പോകാനൊരുങ്ങിയ വിമാനം മൂടൽ മഞ്ഞ് മറഞ്ഞു തുടങ്ങിയ റൺവേയിൽ നിന്നും പതുക്കെ ചലിച്ചു തുടങ്ങി.
ഫ്‌ളൈറ്റ് മരുഭൂമി ലക്ഷ്യമാക്കി ആകാശത്തേക്ക് പൊന്തി ഉയരുമ്പോൾ കണ്ണിൽ നിന്നും മറയാൻ പോകുന്ന നാടിന്റെ പച്ചപ്പ് വിമാനത്തിന്റെ ഗ്ളാസ്സിനുള്ളിലൂടെ അവസാനമായി നോക്കി നിൽക്കുന്ന ഓരോ പ്രവാസിയും കൊതിച്ചു പോകുന്നുണ്ടാവും ഇതൊരു അവസാന യാത്രയായിരുന്നെങ്കിൽ എന്നല്ലാം.
വിമാനം മേഘങ്ങൾക്ക് മുകളിലെത്തിയതും ഞാൻ സീറ്റ് ബെൽറ്റ് അഴിച്ചു . ഇന്നിപ്പോൾ എനിക്ക് സംസാരിച്ചിരിക്കാൻ നീയുണ്ട്. അന്ന് തിരിച്ചു പോകുമ്പോൾ ഏതോ ഒരു സ്ത്രീയായിരുന്നു അപ്പുറത്തെ സീറ്റിൽ. അവരെ പരിചയപ്പെടാനൊന്നും എനിക്കപ്പോൾ കഴിഞ്ഞില്ല.
ഞാൻ മറ്റൊരു ലോകത്തായിരുന്നു വെട്ടിപ്പിടിച്ച സാമ്രാജ്യം മുഴുവനും ഒറ്റ രാത്രികൊണ്ട് നഷ്ട്ടപ്പെട്ട രാജാവിനെ പോലെ കിനാവുകളൊക്കെ കൊള്ളയടിക്കപ്പെട്ട ഞാൻ ഫ്‌ളൈറ്റ് സൗദിയിലെത്തുന്നതും നോക്കിയിരുന്നു .
നാട്ടിൽ നിന്നും ലീവ് കഴിഞ്ഞ് തിരികെയുള്ള യാത്രയിൽ പ്രവാസികളെ ദുഃഖങ്ങൾ തളർത്തുന്നത് കൊണ്ടാവണം പലരും വിമാനത്തിൽ വെച്ച് പെട്ടെന്നുറങ്ങി പോകും പക്ഷേ മാറാ രോഗം പിടിപെട്ട എന്റെ ദുഃഖങ്ങൾ എന്നെ ഉറങ്ങാനനുവദിച്ചില്ല. മനസ്സുറങ്ങാതെ കണ്ണുകളെങ്ങനെ അടഞ്ഞു കിടക്കും ഡാ .
മനസ്സിന്റെയുള്ളിൽ കിനാവുകളെ ക്രൂരമായി മാനഭംഗപ്പെടുത്തി അനുഭവങ്ങൾ അട്ടഹസിക്കുകയായിരുന്നു. നിസ്സഹായത നിറഞ്ഞ ജീവിതം ഓർക്കുംതോറും എനിക്കെന്നോട് തന്നെ വെറുപ്പ് കൂടി കൊണ്ടിരുന്നു. മണിക്കൂറുകൾ നീണ്ട ആകാശ യാത്രക്കൊടുവിൽ വിമാനം സൗദി അറേബ്യൻ മണ്ണിലേക്കിറങ്ങി.
യാത്രക്കാർ നാട്ടിലേക്ക് പോകുമ്പോൾ വിമാനം ഇറങ്ങുന്ന സമയത്ത് കാണിക്കുന്ന ആവേശമൊന്നും അതേ ഫ്‌ളൈറ്റിൽ ഗൾഫിലെത്തിയാൽ കാണിക്കില്ല . എല്ലാവരും പതുക്കെ പുറത്തേക്കിറങ്ങി കൊണ്ടിരുന്നു. ആളൊഴിഞ്ഞു തുടങ്ങിയതോടെ ഞാനും മെല്ലെ എഴുന്നേറ്റ് ഹാൻഡ് ബേഗുമെടുത്ത് ഐര്പോര്ട്ടിനുള്ളിലേക്ക് നടന്നു.