എയർപോർട്ടിന്റെ ഒരു ഭാഗത്ത് പുഞ്ചിരിച്ച് സന്തോഷത്തോടെ മടങ്ങി വരുന്നവരും അവരെ പ്രതീക്ഷിച്ച് കാത്ത് നിൽക്കുന്നവരുമാണെങ്കിൽ , മറു ഭാഗത്ത് പ്രാണൻ പോകുന്ന വേദനയോടെ, കരഞ്ഞു കലങ്ങിയ കണ്ണുകളോടെ മടങ്ങി പോകുന്ന പ്രവാസികളും അവരെ യാത്രയാകുന്ന അവരുടെ ബന്ധുക്കളുമായിരിക്കും . എല്ലാം കണ്ട് താങ്ങാൻ കഴിയാതെ സഹിച്ച് നിൽക്കുകയാണെന്ന് തോന്നിപ്പിക്കുന്ന എയർപോർട്ടിനുള്ളിലേക്ക് കൂടെ വന്നവരോട് യാത്ര പറഞ്ഞ് ഞാൻ നടന്നു .
അകത്തേക്ക് കയറി ഗ്ലാസ്സിനുള്ളിലൂടെ ഉപ്പയെ ഒന്നും കൂടി കാണാൻ പുറത്തേക്ക് നോക്കിയപ്പോൾ ആളുകൾക്കിടയിലൂടെ കാണുന്ന ജീപ്പിനരികിൽ നിന്ന് കണ്ണ് തുടച്ച് ഉള്ളിലേക്ക് പോയ മോനെ നോക്കി നിൽക്കുന്ന ഉപ്പയെ കണ്ടതും കൂടുതലാ കാഴ്ച്ച കണ്ടു നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല.
ലൈനിൽ നിന്ന് പെട്ടെന്ന് ബോർഡിങ് പാസ് വാങ്ങി ഉപ്പാക്ക് വിളിച്ച് അവരോട് വീട്ടിലേക്ക് പോകാൻ പറഞ്ഞ് ഞാൻ ഫ്‌ളൈറ്റ് വെയ്റ്റ് ചെയ്യുന്ന ഭാഗത്തേക്ക് നടന്നു . എമിഗ്രെഷൻ ചെക്കിങ് എല്ലാം കഴിഞ്ഞതും യാത്രക്കാർ ഇരിക്കുന്ന ഭാഗത്തേക്ക് ചെന്ന് സൗദിയിലേക്ക് കൂടെ പോകാനൊരുങ്ങി വരുന്നവരെയും നോക്കി അവിടെയിരുന്നു .
‘കിട്ടിയ ലീവിൽ
കെട്ടിയ പെണ്ണിന്റെ കൂടെ നിന്ന് മതിവരാതെ യാത്ര പറഞ്ഞിറങ്ങുമ്പോൾ വിരഹത്തിന്റെ നാട്ടിൽ ചെന്ന് ഫോണിന്റെ രണ്ടറ്റത്തിരുന്ന് സ്നേഹിക്കാൻ വിധിക്കപ്പെട്ട തന്റെ മാരനെ പിരിയാൻ കഴിയാതെ കാണ്ണീരൊഴുക്കി നിൽക്കുന്ന പ്രിയതമയെ നെഞ്ചോട് ചേർത്ത്
പിടിച്ചാശ്വസിപ്പിച്ച് പോയി വരാമെന്നു പറഞ്ഞിറങ്ങുന്നത് സ്വപ്നം കണ്ട് നാട്ടിലെത്തി വിവാഹം കഴിച്ച എനിക്ക് വിധിയേൽപ്പിച്ച തിരിച്ചടികൾ ആ നേരത്തും വന്ന് മനസ്സിനെ അസ്വസ്ഥനാക്കിയപ്പോൾ ഞാനാ സീറ്റിൽ നിന്നും എഴുന്നേറ്റ് കുറെ അങ്ങോമിങ്ങോട്ടും നടന്നു.’
കൂടുതൽ വൈകിയില്ല യാത്രക്കാരോട് ലൈനിൽ നിൽക്കുവാനും ഫ്‌ളൈറ്റ് വന്നിട്ടുണ്ടെന്നുമുള്ള അനൗൺസ് കേട്ടതോടെ ഞാൻ ഹാൻഡ് ബേഗുമെടുത്ത് ഫ്ളൈറ്റിലേക്ക് നടന്നു.
നാട്ടിലേക്ക് നമ്മളിപ്പോൾ പോകുന്നത് പോലെയുള്ള ഒരു സന്തോഷമൊന്നും ലീവ് കഴിഞ്ഞ് തിരിച്ച് വരുമ്പോൾ കിട്ടില്ല. ആരെങ്കിലും ഒന്ന് തടഞ്ഞിരുന്നെങ്കിൽ അവരെ അനുസരിക്കാമായിരുന്നു എന്നല്ലാം നമുക്ക് തോന്നി പോകുന്ന നിമിഷങ്ങളാണ് ഗള്ഫിലേക്ക് തിരികെ വരുമ്പോൾ നമുക്കുണ്ടാവുക.
നീ നാട്ടിലേക്ക് ആദ്യമായി പോവുകയല്ലേ നിനക്കൊരുപാട് സന്തോഷം നമ്മളവിടെ
എത്തുമ്പോൾ ഉണ്ടാവും .
അൻവർ കഥ പറയുമ്പോൾ കഥ കേട്ടിരിക്കുന്ന അപ്പുറത്തിരിക്കുന്നയാൾ ഇടക്കിടക്ക് നെടുവീർപ്പിടുന്നത് ഞാൻ ശ്രദ്ധിച്ചു. ഒരുപക്ഷെ അവരുടെ കാതിലേക്കെത്തിയ അവന്റെ ചില അനുഭവങ്ങൾ കേട്ടത് കൊണ്ടായിരിക്കണം അയാളും എന്നെപ്പോലെ അസ്വസ്ഥനായത് .