ബഹറിനക്കരെ
ഒരു കിനാവുണ്ടായിരുന്നു 9
Bahrainakkare Oru Nilavundayirunnu Part 9 | Previous Parts
വീട്ടുകാരോട് യാത്ര പറഞ്ഞിറങ്ങി വണ്ടിക്കരികിലേക്ക് നടക്കുന്ന ഞാൻ സൗദിയിലേക്കുള്ള എന്റെ ആദ്യത്തെ യാത്രയിൽ എന്നെ ഉറങ്ങാതെ കാത്ത് നിന്ന് യാത്രയാക്കിയ എന്റെ റൈഹാനത്തില്ലാത്ത അവളുടെ വീടിന് മുന്നിലൂടെ പോയപ്പോൾ അവളവിടെ ഇല്ലെന്നറിയാമെങ്കിലും വെറുതെയാ ജനലിനരികത്തേക്ക് നോക്കി ഞാൻ മുന്നോട്ട് നടന്നു. ജീപ്പ് നിർത്തിയിട്ട സ്ഥലത്തേക്കെത്തിയതും ഉപ്പ കാണാതെ നിറഞ്ഞൊലിച്ച കണ്ണുകൾ പെട്ടെന്ന് തുടച്ച് ഉപ്പയുടെ അടുത്തേക്ക് കയറിയിരുന്നു.
ജീപ്പ് ഡ്രൈവർ നാട്ടുകാരനും, കൂട്ടുകാരനുമായ ഷറഫു എല്ലാവരും കയറിയതോടെ ” ന്നാ പോവല്ലേ ” എന്നും പറഞ്ഞ് ബിസ്മി ചൊല്ലി വണ്ടി സ്റ്റാർട്ട് ചെയ്തു . യാത്രയായി തുടങ്ങുമ്പോൾ കളിച്ച് വളർന്ന പരിസരങ്ങളോട് വിട പറയുന്ന കാഴ്ച എന്നെ കാണിക്കാതിരിക്കാൻ ഇരുട്ട് ശ്രമിക്കുന്നത് പോലെ തോന്നി.
പ്രവാസം മടുപ്പുണ്ടാക്കുമെങ്കിലും ചില നേരത്ത് അതൊരു വല്ലാത്ത ആശ്വാസമാണ് … എന്നെപ്പോലെ ആരോടും പറയാൻ കഴിയാത്ത വിഷമങ്ങൾ അനുഭവിക്കുന്നവർക്ക് പ്രവാസമെന്ന വിലങ്ങുകളില്ലാത്ത ജയിലറ നൽകുന്ന ഒറ്റപ്പെടൽ ഒരാശ്വാസം തന്നെയാണ്.
പിറന്ന മണ്ണ് കാണിച്ച സ്വപ്‌നങ്ങൾ പൂവണിയിപ്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് നാട് കൈ മലർത്തുമ്പോൾ സഹായിക്കാൻ മാത്രമല്ല പറയാതെ വരുന്ന ജീവിതാനുഭവങ്ങളെ മറച്ച് വെക്കാനും ആ ചൂട് പതക്കുന്ന ഗൾഫെന്ന ബർക്കത്ത്ന്റെ നാട് സഹായിക്കാറുണ്ട്.
ആരും സംസാരിക്കാതിരിക്കുന്ന വണ്ടിയിൽ ഉപ്പയാണ് ആദ്യം സംസാരിച്ചു തുടങ്ങിയത്. മകന്റെ മടങ്ങി പോക്ക് കണ്ട് ദുഖങ്ങളൊരുപാടുണ്ടെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ ഉപ്പ ഓരോ കഥകൾ പറഞ്ഞ് ഞങ്ങളെ ചിരിപ്പിച്ചു കൊണ്ടിരുന്നു. ഉപ്പ അങ്ങനെയായിരുന്നു സങ്കടങ്ങളോടും, ജീവിതത്തോടും ഒറ്റക്ക് പോരാടും ജയിച്ചാലും തോറ്റാലും ആരേയും അറിയിക്കില്ല.
വിഷമങ്ങൾ ഒറ്റക്കനുഭവിച്ച് ആരോടും പറയാതെ നടക്കുന്ന എന്റെ സ്വഭാവം ഉപ്പയുടേതാണെന്ന് ഉമ്മ എപ്പോഴും പറയാറുണ്ട്. താങ്ങും തണലുമായി ഒരായുസ്സിന്റെ പകുതിയിലേറെയും പിന്നിട്ട് ഉപ്പാന്റെ കൂടെയുള്ള ഉമ്മാക്കല്ലാതെ ആർക്കാണ് ഉപ്പാനെ മനസ്സിലാവുക .
ഉപ്പ വണ്ടിയിലിരുന്ന് പണ്ട് ഗള്ഫിലേക്ക് പോയതും വന്നതുമെല്ലാം രസം കലർത്തി പറയുന്നത് കേട്ടിരിക്കുമ്പോൾ ഞാനെന്റെ ദുഃഖങ്ങൾ കുറച്ച് നേരത്തേക്കെങ്കിലും മറന്നിരുന്നു. ഉപ്പാക്ക് ഒരു പ്രത്യേക കഴിവാണ് ജീവിതം പറയാൻ. അനുഭവങ്ങളിൽ നിന്ന് കനലോളം വെന്തത് മാറ്റി വെച്ച് മധുരമുള്ളത് മാത്രം നുള്ളിപ്പെറുക്കിയെടുത്ത് പറഞ്ഞ് തന്ന് ഉപ്പയെന്റെ മനസ്സ് മാറ്റുകയാണെന്ന് എനിക്കാ നേരത്ത് അറിയില്ലായിരുന്നു കാരണം ഞാനെത്ര വളർന്നാലും