“ഈ കത്ത് നാട്ടിലെത്തിയ ഉടനെ ഞാൻ അവളുടെ മഹല്ലിലേക്ക് അയക്കും അതിന് മുൻപ് നീ ഇതിൽ സാക്ഷികളിൽ ഒരാളായി നിൽക്കണം. നീ ഒപ്പിടുന്നതിനു മുൻപ് ഞാനവളെ മൂന്നു ത്വലാഖും ചൊല്ലാനുണ്ടായ ആരേയും അറിയിക്കാത്ത യഥാർത്ഥ കാരണവും, അതെന്ത് കൊണ്ട് ആരോടും എനിക്ക് പറയാൻ കഴിഞ്ഞില്ല ? എന്നല്ലാം രണ്ടാം സാക്ഷിയായ നീയും കൂടി അറിയണം. അറിഞ്ഞതിനു ശേഷം പൂർണ്ണ സമ്മതമാണെങ്കിൽ മാത്രമേ നീയിതിൽ സാക്ഷിയായി ഒപ്പിടാവൂ…..
കൂടെ ഞാനല്ലാതെ ഇക്കാര്യങ്ങൾ അറിയുന്ന മൂന്ന് പേരും കൂടിയുണ്ട് ഈ ലോകത്ത് . അതിലൊരാൾ ഈ ലെറ്ററിൽ ഒന്നാം സാക്ഷിയായി ഒപ്പിട്ടിരിക്കുന്ന എന്റെ ഖഫീലാണ്. ഖഫീലീ സംഭവം അറിയാനും സാക്ഷിയായി ഒപ്പിടാനും കാരണമായ സാഹചര്യവും ഞാൻ പറയാം. ബാക്കി രണ്ട് പേർ എന്റെ നാട്ടുകാരാണ്. അവരെയും നിനക്ക് വഴിയെ മനസ്സിലാകും. “
വേറെ എന്തിനെങ്കിലും വേണ്ടിയായിരിക്കും ഇവനിങ്ങനെ നാട്ടിൽ പോകാതെ എന്നെ കാത്തിരുന്നത് എന്ന് ചിന്തിച്ച് നടന്നിരുന്ന എന്റെ ടെൻഷൻ കൂട്ടുന്ന ഈ സംഭവം അവനിൽ നിന്നും കേട്ടപ്പോൾ ആശ്വാസവാക്കുകൾ നൽകാൻ പ്രയാസപ്പെടുന്നത് പുറത്തു കാണിക്കാതെ നെഞ്ചിടിപ്പോടെ ഞാനവനോട് പറഞ്ഞു ” സ്വബോധമുള്ള, വിശ്വാസിയായ ഒരാണും മഹർ കൊടുത്ത് കെട്ടിയപെണ്ണിനെ തക്കതായ കാരണങ്ങളില്ലാതെ ത്വലാഖ് ചൊല്ലില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. നിന്റെ കാര്യത്തിൽ നീ കാരണങ്ങൾ പറയാതെ ഒപ്പിടാൻ മാത്രം പറഞ്ഞാലും ഞാൻ സാക്ഷിയായി ഒപ്പിടും പക്ഷേ നീ എന്തൊക്കെയോ മറച്ചു വെച്ചു എന്ന് പറഞ്ഞല്ലോ അതെന്തായിരുന്നു എന്നും, എന്തിനായിരുന്നു എന്നും അറിയാൻ ആഗ്രഹമുണ്ട് പറ നാട്ടിലെത്താൻ ഇനിയും ഒരുപാട് മണിക്കൂറുകളുണ്ട് സാവധാനം എല്ലാ കാര്യങ്ങളും തുറന്ന് പറ. എന്താ ഡാ … എന്താ നിന്റെ ജീവിതത്തിൽ സംഭവിച്ചത് അതും നിന്നെ പോലെ ഒരാൾക്ക് …???
കരിപ്പൂർ ലക്ഷ്യമാക്കി കുതിച്ചു കൊണ്ടിരിക്കുന്ന സൗദി എയർലൈൻസ് എസ്. വി 0740 വിമാനത്തിനുള്ളിൽ നെടുവീർപ്പുകൾ കൊണ്ട് കഥ പറയാൻ ഒരുങ്ങുന്ന അൻവറിന്റെ വാക്കുകൾ കേള്ക്കാൻ ഞാൻ കാതോർത്തിരുന്നു. അവൻ അതുവരെ കാണാത്ത ഒരു വല്ലാത്ത മുഖഭാവത്തോടെ തന്റെ കഥ പറയാൻ തുടങ്ങി …
( തുടരും )
” ദുനിയാവ് ചതിക്കുന്ന ചില ജീവിതങ്ങളുണ്ട്. ചതിയെന്താണെന്നറിയാത്ത ജീവിതങ്ങളാണവർ “
??