‘ചില നേരത്ത് തോന്നും എന്നോട് പടച്ചോനെന്തോ വെറുപ്പുണ്ടെന്ന് …. ചിലപ്പോൾ തോന്നും അവനെന്നെ ഒരുപാട് ഇഷ്ടമാണെന്നും കാരണം ഇഷ്ടപ്പെട്ടവരെ അവനൊരുപാട് പരീക്ഷിക്കില്ലേ … ‘.
ചിന്തിച്ച് ചിന്തിച്ച് എനിക്ക് എന്തൊക്കെയാണന്ന് സംഭവിച്ചിരുന്നതെന്ന് ആ അടച്ചിട്ട മുറിക്കുള്ളിലെ വസ്തുക്കൾക്ക് മാത്രമേ അറിയൂ.
ഇടക്ക് ഞാനവനോട് ചോദിച്ചു
” അൻവർ എന്ത് കൊണ്ടാണ് ഇത്രയൊക്കെ നടക്കാൻ പാടില്ലാത്തത് ജീവിതത്തിൽ സംഭവിച്ചിട്ടും നീ ഇക്കാര്യങ്ങൾ അന്നാരോടും പറയാതെ മറച്ചു വെച്ചത്. ? പറയാമായിരുന്നില്ലേ.. നിന്റെ വീട്ടുകാരോട് ? ത്വലാഖ് ചൊല്ലുവാൻ ഇതിനേക്കാൾ വലിയ കാരണം വേറെ ഇല്ലല്ലോ.. ? നീ എന്താ അന്നത് മറച്ചു വെച്ചത് ??
ഒരുപാട് നേരമായി അവനോട് ചോദിക്കണമെന്നുണ്ടായിരുന്ന ആ ചോദ്യത്തിന്
മറുപടിയായി അൻവർ പറഞ്ഞു
” അവളെ ത്വലാഖ് ചൊല്ലുവാൻ ഞാൻ പറയാൻ മടിച്ച ആ കാരണങ്ങൾ വേണ്ടുവോളം മതിയെന്നുള്ളത് എനിക്കറിയാഞ്ഞിട്ടല്ലായിരുന്നു ഞാനത് അന്ന് പറയാതിരുന്നത് . ഞാനത് പറഞ്ഞാലുണ്ടാകുന്ന ഭവിഷത്തുകൾ ചിന്തയിൽ കയറിയിരുന്ന് എന്നെ പറയാനായക്കാതെ വീർപ്പുമുട്ടിച്ച് സമ്മതിക്കാതിരിക്കുകയായിരുന്നു .
കല്ല്യാണം കഴിഞ്ഞ് മാസങ്ങൾ കഴിയുന്നതിന് മുൻപ് തന്നെ ത്വലാഖ് ചൊല്ലുന്നതിന്റെ കാരണങ്ങൾ
പുറത്തറിയുമ്പോൾ നഷ്ടപ്പെടുന്നത് എന്റെ വീട്ടുകാരുടെ സന്തോഷമായിരിക്കും, അവരുടെ കണ്ണീര് ഞാൻ കാണേണ്ടി വരും. അതൊന്നും ഇതിന്റെ കൂടെ എനിക്ക് സഹിക്കില്ലായിരുന്നു.
ഇതിനേക്കാൾ എന്റെ അലട്ടി കൊണ്ടിരുന്ന മറ്റൊരു തടസ്സം കൂടിയുണ്ടായിരുന്നു . ആ നശിച്ചവളുടെ വീട്ടിൽ ഒന്നുമറിയാതെ വളർന്നു വരുന്ന പെൺകുട്ടികൾ ഉണ്ട് , വിവാഹം കഴിക്കാൻ പ്രായമായ വലിയ പെൺ മക്കളുളള അവളുടെ ജേഷ്ട്ടത്തിയുണ്ട്. എന്റെ ഉമ്മാക്ക് തുല്യം ഞാൻ കണ്ട അവളുടെ ഉമ്മയുണ്ട് ഇവരുടെയൊക്കെ ജീവിതം തകരുമെന്നുറപ്പായിരുന്നു കാരണം എന്റെ ത്വലാഖിന്റെ കാരണം കാരണവന്മാരോട് പറയുമ്പോൾ അത് നാട്ടുകാരും എന്റെ കുടുംബക്കാരും ചേർന്ന് ആഘോഷിക്കും. രഹസ്യമായി എന്റെ നാട്ടിൽ ഒരു ത്വലാഖ് നടത്താൻ ബുദ്ധിമുട്ടായിരുന്നു. പ്രത്യേകിച്ച് കാരണങ്ങൾ ദുർഗന്ധമുള്ളതും കൂടി ആകുമ്പോൾ എങ്ങനെയെങ്കിലും അതാളുകളിലേക്ക് എത്തുകയും ആളി പടരുകയും ചെയ്യും . പിന്നെ വൈകാതെ ഇതെല്ലാം അവളുടെ നാട്ടിലുമെത്തും ഒന്നുമറിയാത്ത ആ കുടുംബത്തിലെ മറ്റുള്ളവർ ഞാനത് പറഞ്ഞത് കാരണം തകരുന്നത് കണ്ടാസ്വദിക്കാൻ മാത്രം ഖൽബിനുറപ്പ് പടച്ചോനെനിക്ക് തരണ്ടേ.
അവളും, അവളുടെ വാപ്പയും ചെയ്ത മാപ്പില്ലാത്ത തെറ്റിന് ശിക്ഷ കൊടുക്കാനൊന്നും അധികാരം എനിക്കില്ല. അതിനധികാരം എന്റെ റബ്ബിന് മാത്രമേയുള്ളൂ. അതവൻ കൊടുത്തോളും. ഞാനനുഭവിക്കുന്നത് എനിക്ക് നേരിടേണ്ട പരീക്ഷണങ്ങളാണെന്നുള്ള തോന്നലും മറ്റുള്ളവരുടെ കണ്ണീരിലാഴ്ത്തിയത് കൊണ്ട് എന്റെ കണ്ണീര് തോരില്ലെന്നും മനസ്സ് തുറന്ന് പറഞ്ഞപ്പോൾ എനിക്കാ ക്രൂരത ചെയ്യാൻ കഴിഞ്ഞില്ല.
അതുകൊണ്ടായിരുന്നു അക്കാര്യങ്ങൾ ത്വലാഖിന്റെ കാരണങ്ങളായി പറയാൻ ഞാനന്നും ഇന്നും മടിച്ചതും മടിക്കുന്നതും .. ഇനി നീ പറ ഞാനിക്കാര്യങ്ങൾ അന്ന് എല്ലാവരോടും പറയണമായിരുന്നോ..? അതോ എല്ലാം ഉച്ചത്തിൽ പറഞ്ഞ് ദേഷ്യം തീർത്ത് കുറേപേരുടെ ജീവിതം നശിപ്പിക്കണമായിരുന്നോ..??? ഒന്നുമറിയാത്ത അവരുടെ കണ്ണീര് കണ്ട് സന്തോഷിക്കണമായിരുന്നോ ????