ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 10 16

മുസല്ല മടക്കി വെച്ച് വൈകാതെ തന്നെ നാട്ടിലുള്ള എന്റെ ഉസ്താദിനെ വിളിച്ചു. എന്നെ മദ്രസ്സയിൽ പഠിപ്പിച്ച ഉസ്താദാ.. കൂടെ ഇന്നെന്റെ നല്ലൊരു സുഹൃത്തും കൂടിയാണ്. മനസ്സ് താളം തെറ്റുമ്പോൾ, ജീവിതത്തിലെ ചില കിട്ടാത്ത സംശയങ്ങൾ വരുമ്പോൾ പോയി ചോദിക്കാൻ എനിക്കീ ലോകത്ത് നേരിട്ട് പരിചയമുള്ള ഒരേയൊരു പണ്ഡിതൻ.

ഫോണെടുത്തതും ഉസ്താദിനോട് സലാം പറഞ്ഞ് അൻവർ ആണെന്ന് പറഞ്ഞപ്പോൾ ഉസ്താദ് വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി സംസാരത്തിനിടയിൽ ഒരു സുഹൃത്തിന് വേണ്ടിയാണ് ത്വലാഖിനെ കുറിച്ചും, അത് ചെയ്യുന്നതിനെ കുറിച്ചും അറിയാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ ഉസ്താദ് പറഞ്ഞു ” അൻവർ ഇന്നത്തെകാലത്ത് മുസ്ലിമായ ചില ആണുങ്ങൾക്കും, പെണ്ണുങ്ങൾക്കും ഈമാന്റെ ഭാഗമായ ക്ഷമ കുറഞ്ഞ് കൊണ്ടിരിക്കുന്ന ഒരു സമയമാണ്. ഒരു ഭർത്താവ് തന്റെ ഭാര്യയുടെ ഭാഗത്ത് നിന്നും സംഭവിക്കുന്ന ക്ഷമിക്കാൻ കഴിയുന്ന ചെറിയ ചെറിയ ന്യൂനതകൾക്ക് വരെ അവളെ ത്വലാഖ് ചൊല്ലുന്ന അവസ്ഥ ഇന്ന് നമുക്കിടയിലുണ്ട്. അതുപോലെ ഒരു കുട്ടിയൊക്കെ ആയി കഴിഞ്ഞാൽ സ്വന്തം ഇഷ്ടത്തിന് നടക്കാൻ ഭർത്താവ് സമ്മതിച്ചില്ലെങ്കിൽ ആ ഭർത്താവിന്റെ പോരായ്മകൾ കണ്ടെത്തി അവളുടെ ജീവിതത്തേക്കാൾ പണത്തിന് മുൻ‌തൂക്കം നൽകുന്ന വീട്ടുകാരോടൊപ്പം വേർപിരിയാൻ ധൃതി കാണിച്ച് നഷ്ടപരിഹാരം കിട്ടണമെന്നൊക്കെ വാശിപിടിച്ച് കോടതിയിലും മറ്റും കയറിയിറങ്ങുന്ന ഭാര്യമാരും കൂടി കൊണ്ടിരിക്കുന്നു . ഇതെല്ലാം മുമ്പുള്ളതിനേക്കാൾ ദിവസവും വർദ്ധിച്ച് കൊണ്ടിരിക്കുന്ന ഒരു കാലഘട്ടം കൂടിയാണ് ഇന്ന്.

ത്വലാഖ് നമുക്ക് അനുവദിക്കപ്പെട്ടത് ഒരു ആണിനോ പെണ്ണിനോ വിവാഹം കഴിഞ്ഞതിന് ശേഷം മനസ്സറിഞ്ഞ് സ്നേഹിക്കുവാൻ കഴിയാത്ത കാരണങ്ങൾ ഉണ്ടാവുകയും പൊരുത്തപ്പെട്ട് പോകുവാൻ എത്ര ശ്രമിച്ചിട്ടും കഴിയാതെ വരികയും ചെയ്‌താൽ പിന്നെ ആ ബന്ധം കൊണ്ട് പ്രയോജനമില്ല എന്ന് മാത്രമല്ല അതുകൊണ്ട് പല ബുദ്ധിമുട്ടുകളും പിന്നീടവരുടെ ജീവിതത്തിൽ സംഭവിച്ചേക്കും. അങ്ങനെ നിവർത്തിയില്ലാതെ വരുന്നവർക്ക് പിരിയാൻ വേണ്ടി മാത്രമാണ് ത്വലാഖ് .

അല്ലാതെ തോന്നുമ്പോൾ കെട്ടുകയും തോന്നുമ്പോൾ ഒഴിവാക്കാനും വേണ്ടിയല്ല ഇസ്ലാം ത്വലാഖ് അനുവദിച്ചത് പക്ഷേ ഇസ്ലാം എന്താണ് പറഞ്ഞതെന്ന് നോക്കാതെയും , അതെന്താണെന്ന് പഠിക്കാതെയും ചെറിയ ചെറിയ കാരണങ്ങൾക്ക് വരെ വിവാഹത്തിന്റെ പവിത്രതയും ദാമ്പത്യ ജീവിതത്തിന്റെ മഹത്വവും നഷ്ടപ്പെടുത്തി ചിലർ ത്വലാഖ് ചൊല്ലുന്നു .

കൂടെ എല്ലാവരും ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് ത്വലാഖ് എന്ന് പറയുന്നത് പടച്ച റബ്ബ് അവനിഷ്ടമില്ലാതെ വെറുപ്പോടെ സമ്മതിച്ച ഒരൊറ്റ കാര്യമാണെന്നുള്ളതും , അവന്റെ സിംഹാസനം പോലും ത്വലാഖുകൾ വിറപ്പിക്കുമെന്നുള്ളതും, ഇബ്ലീസ് ത്വലാഖ് ചിന്തിച്ച് നടക്കുന്നവരെ പിന്തുടർന്ന് അത് ചെയ്യാൻ പ്രേരിപ്പിക്കുകയും അവരെ കൊണ്ടത് ചെയ്യിപ്പിക്കുകയും, ചെയ്യുമെന്നുള്ള കാര്യങ്ങൾ പലരും ഓർക്കുന്നില്ല.

ത്വലാഖ് ചൊല്ലുന്നതിന് മുൻപ്‌ ചൊല്ലുവാൻ നിൽക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്.

ഭർത്താവ് ദേഷ്യത്തിന്റെ പുറത്ത് ത്വലാഖ് ചൊല്ലിയാലും , തമാശയിൽ ത്വലാഖ് ചൊല്ലി പോയാലും ബന്ധം മുറിയും. പിന്നെ ദേഷ്യം മാറുമ്പോഴും, തമാശയായിരുന്നു എന്ന് തോന്നുമ്പോഴും മാറ്റി പറയാൻ കഴിയില്ല …!

ഒരു വട്ടമോ രണ്ട് വട്ടമോ ത്വലാഖ് ചൊല്ലി പോയ ഭർത്താവിന് അവനവളെ വീണ്ടും തിരിച്ചെടുക്കാൻ സാധിക്കും. അല്ലാതെ മൂന്നുവട്ടം ത്വലാഖ് ചൊല്ലി പോയാൽ പിന്നെയവന് ആ പെണ്ണിനെ വീണ്ടും ഭാര്യയായി സ്വീകരിക്കണമെങ്കിൽ അവളെ വേറെയാരെങ്കിലും വിവാഹം ചെയ്ത് അയാളവളെ മൊഴി ചൊല്ലണം, അതുകൊണ്ടാണ് വിവാഹത്തിന് അത്രയും മഹത്വം കൽപ്പിക്കുന്ന ഇസ്ലാം നമ്മളോട് ത്വലാഖ് കൊണ്ട് കളിക്കുകയോ അതിന്റെ ഗൌരവം മറക്കുകയോ ചെയ്യരുതെന്ന് ആവർത്തിച്ച് പഠിപ്പിച്ചത് .

Updated: September 14, 2017 — 7:35 am