അതെല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഒരു സീറ്റിൽ ഞാനും മറ്റേ സീറ്റിൽ അവനും ഒന്നും പറയാതെ, പറയാൻ കിട്ടാതെ ശ്വാസമടക്കിപ്പിടിച്ച് കുറെ നേരമിരുന്നു . അവന്റെ അവസ്ഥ കണ്ടു പേടിച്ച എന്റെ മരവിച്ച മനസ്സിനെ ആശ്വാസിപ്പിക്കുകയാണെന്ന് തോന്നിപ്പിക്കും വിധം നെടുവീർപ്പുകൾ പുറത്തേക്കിറങ്ങി കൊണ്ടിരുന്നു .
ഒരു പുരുഷനെങ്ങനെ ഇത്രക്ക് ക്ഷമിക്കാൻ കഴിയുന്നു എന്നോർത്തപ്പോൾ അവനോടെനിക്ക് വല്ലാത്ത ബഹുമാനം തോന്നുകയായിരുന്നു.
എത്ര നേരം ഞങ്ങളങ്ങനെ മിണ്ടാതിരുന്നെന്ന് അറിയില്ല. മനസ്സടങ്ങിയതോടെ ഞാനവനോട്
” അൻവർ പറ പിന്നെ എന്താണുണ്ടായത്.. ?” എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു.
ഉമ്മ ഫോണിലൂടെ പറഞ്ഞ വിശേഷങ്ങൾ കേട്ടപ്പോൾ ഞാനന്നൊരു ഭ്രാന്തനെ പോലെയാവുമെന്ന് തോന്നുകയുണ്ടായി . അത്രക്ക് തളർന്നു പോയിരുന്നു . എനിക്കപ്പോൾ എന്താണ് ചെയ്യേണ്ടത് എന്നറിയില്ലായിരുന്നു . ആ മരുഭൂമിയിൽ ആരോട് ചെന്നിട്ടാണ് ഞാനിതൊക്കെ പറയുക… ആശ്വാസവാക്കുകൾ പോലും എനിക്ക് കിട്ടാതെ പോയ നിമിഷങ്ങൾ.
പിറ്റേന്ന് മുതൽ ജോലിയിൽ കയറിയ എന്നെ നോക്കി നിൽക്കാതെ ദിവസങ്ങൾ പരിഹസിച്ചോടി മറഞ്ഞിട്ടും എനിക്കൊന്നും ചെയ്യാനോ പറയാനോ കഴിഞ്ഞില്ല. ഇടക്ക് വീട്ടിലേക്ക് വിളിക്കുമെന്നല്ലാതെ ഞാനവൾക്ക് വിളിക്കുകയോ അവളെ കുറിച്ച് ചോദിക്കുകയോ ചെയ്യാറില്ലായിരുന്നു .
ഒരു ദിവസം ജോലി കഴിഞ്ഞ് വന്ന് റൂമിൽ ഓരോന്നാലോജിച്ചിരിക്കുമ്പോഴാണ്
നാട്ടിൽ നിന്നും എന്റെ ഇത്താത്ത ഫോൺ ചെയ്യുന്നത്. ഇത്തയോട് സംസാരിക്കുമ്പോൾ ‘ നീ അവളോടി ചെയ്യുന്നത് ശരിയല്ലെന്നും അവൾ നിന്നെ അനുസരിക്കാത്തവളും, വെറുപ്പിക്കുന്നവളും ഒക്കെയാണെന്ന് ഇത്താക്ക് അറിയാം പക്ഷേ ഒന്നുമില്ലെങ്കിലും അവൾ നിന്റെ ഭാര്യയും ഇപ്പൊ നിന്റെ കുഞ്ഞിനെ ജന്മം നൽകാൻ പോകുന്നവളും ആണെന്ന്” പറഞ്ഞപ്പോൾ കൂടുതൽ കേള്ക്കാൻ നിൽക്കാതെ ഞാൻ വിളിക്കാം ജോലിയിലാണ് എന്ന് പറഞ്ഞ് ഫോൺ വെച്ചു.
അവൾക്കെങ്ങനെ ഞാൻ വിളിക്കും..? എനിക്കതിന് കഴിയില്ലായിരുന്നു. ചിന്തകളെ ദുഃഖങ്ങൾ തളർത്തി കളഞ്ഞപ്പോൾ ആശ്വാസമായി വന്ന ഉറക്കം അന്നന്നെ കുറെ നേരത്തേക്ക് ഈ ലോകത്ത് നിന്നും തട്ടിക്കൊണ്ടു പോയി.
രാത്രിയാണ് അന്ന് ഞാൻ ഉറക്കത്തിൽ നിന്നും ഉണരുന്നത്. ഉണർന്ന് ഫ്രഷായി നമസ്ക്കരിച്ച് ഞാൻ കുറെ നേരം പ്രാർത്ഥിച്ചു . ചിന്തിക്കാതെ എന്തെങ്കിലും ചെയ്ത് എന്നെ ഒറ്റപ്പെടുത്തരുതേ എന്നും എനിക്കെന്തെങ്കിലും വഴി കാണിച്ച് തരണേ എന്നൊക്കെയുള്ള നീറി കരഞ്ഞപേക്ഷിച്ച എന്റെ തോരാത്ത കണ്ണീര് കണ്ടത് കൊണ്ടാവണം പടച്ചോനെനിക്ക് അപ്പോഴെന്റെ ഉസ്താദിനെ വിളിക്കാൻ തോന്നിപ്പിച്ചത് .