അവൾ ഗൗരി 30

” അമ്മയുടെ പേര് പറയൂ.. ”
രജിസ്റ്റർ ബുക്ക് തുറന്നുകൊണ്ടു റസിയ അവിടെ നിന്നിരുന്ന അയാളോട് ചോദിച്ചു.

” മാലതി ”

അയാൾ മറുപടി പറഞ്ഞു.
ഒരു നടുക്കത്തോടെ തലയുയർത്തി നോക്കിയ റസിയ കണ്ടു. ഒരു ചെറിയ ഭാണ്ഡക്കെട്ടും നെഞ്ചിൽ ചേർത്ത് പിടിച്ചുകൊണ്ട് എന്തിയേന്തി നടന്നുവരുന്ന ആ വൃദ്ധയെ…
കാലം പിന്നോട്ട് പോകുന്നു…
ഗൗരിയുടെ അലറിയുള്ള കരച്ചിൽ അവിടെ മുഴുവൻ പ്രധിധ്വനിയ്ക്കുന്ന പോലെ അവൾക്കു തോന്നി….കാലങ്ങളായി രജിസ്റ്റർ ബുക്കിന്റെ ഉള്ളിൽ സൂക്ഷിച്ച ഗൗരിയുടെ അസൈൻമെന്റിനു വേണ്ടി അവൾ പേജുകൾ മറിച്ചു..ഫാനിന്റെ കാറ്റത്തു പറന്നുയർന്ന ആ തുണ്ടുകടലാസ് മുന്നിലെ സീറ്റിലിരുന്ന അയാളുടെ നെഞ്ചത്ത് പോയിരുന്നു. അയാൾ അത് നിവർത്തി നോക്കി.

“”മദേഴ്‌സ് ഡേ :
അഗതി മന്ദിരങ്ങളിൽ കുമിഞ്ഞു കൂടുന്ന അമ്മമാർക്ക് വേണ്ടി വർഷത്തിലൊരിയ്ക്കൽ ഓർമ്മപുതുക്കാനുള്ളതാണോ മദേഴ്‌സ് ഡേ എന്നെനിയ്ക്കറിയില്ല. ഒന്ന് മാത്രം അറിയാം..
അനാഥ മന്ദിരത്തിന്റെ വാതിൽക്കൽ ഉപേക്ഷിച്ചുപോയ എന്റെ അമ്മയോടെനിക്ക് പരാതിയില്ല…എനിക്ക് വളരണം എന്നെപോലെ ഉപേക്ഷിയ്ക്കപ്പെടുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി..
ആവശ്യം കഴിയുമ്പോൾ ചവച്ചു തുപ്പുന്ന അമ്മമാർക്ക് വേണ്ടി….

ഗൗരി – സ്റ്റാൻഡേർഡ് Vll.. “”””

അയാൾക്ക് ഒന്നും മനസ്സിലായില്ല. ആ കടലാസ് കഷ്ണം അയാൾ റസിയയെ ഏല്പിച്ചു. അവൾ അത് ഭദ്രമായി രെജിസ്റ്റർ ബുക്കിൽ അടച്ചുവെച്ച് കയറി വന്ന അഗതിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിനായി അകത്തേയ്ക്കു പോയി .