അവൾ ഗൗരി 30

രജിസ്റ്റർ ബുക്ക് നിവർത്തി കാണിച്ചുകൊണ്ട് റസിയ പറഞ്ഞു.

” സോറി അങ്ങനെ പറയരുത്. ഇത് നാലാമത്തെ സ്ഥലമാണ് ഞങ്ങൾ കയറിയിറങ്ങുന്നത്. എങ്ങനെയെങ്കിലും ഒന്ന് അക്‌സെപ്റ്റ് ചെയ്യണം. വേറെ നിവർത്തിയില്ലാത്തതു കൊണ്ടാണ്. ”

കൂടെ നിൽക്കുന്ന ഭർത്താവിനെ മറികടന്ന് ആ യുവതി പറഞ്ഞു..

” ബെഡ് സ്പേസ് തന്നെ വേണമെന്നില്ല.
താഴെയാണെങ്കിലും കിടന്നോളും അമ്മ ”

കുനിഞ്ഞു നിൽക്കുന്ന ഭർത്താവിനെ പിന്നിലൂടെ തോണ്ടിക്കൊണ്ടു അവർ വീണ്ടും അപേക്ഷിയ്ക്കുകയാണ്. ഇതുപോലുള്ള കാഴ്ചകൾ കണ്ടുമടുത്തത് കൊണ്ടാവും റസിയക്ക്
പ്രത്യേകിച്ച് വികാരങ്ങളൊന്നും തോന്നിയില്ല. എന്തേ ഈ സമൂഹം ഇങ്ങനെയായി പോയി.? മാതാ പിതാക്കളെ വേണ്ടാത്ത മക്കൾ..പണ്ട് ഗൗരി മനസ്സിൽ കോറിയിട്ട ചിത്രങ്ങൾ മനസ്സിലൂടെ കടന്നുപോയി.. ഒരു വിരോധാഭാസം പോലെ അവസാനിപ്പിച്ച പഠിത്തം. മാനസിക നില തെറ്റി ഒടുവിൽ വീടുവിട്ടിറങ്ങിയ തന്നെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച ഫാദർ ഡാനിയേൽ..
കാലം ഒരുപാട് കഴിഞ്ഞിരിയ്ക്കുന്നു.

” എസ്ക്യൂസ്മീ പ്ലീസ് ഹെല്പ് അസ് ”

ആ യുവതിയുടെ ശബ്ദമാണ് അവളെ ഭൂതകാലത്തിന്റെ അശുഭ ചിന്തകളിൽ നിന്ന് തിരിച്ചു കൊണ്ടുവന്നത്. ഇവിടെയും പുറത്താക്കപ്പെട്ടാൽ കാറിലിരിയ്ക്കുന്ന സ്ത്രീയെ
ഇനി ഒരുപക്ഷെ അവർ വിഷം കൊടുത്ത് കൊന്നേക്കാം. അതുകൊണ്ടു ഉപേക്ഷിയ്ക്കാൻ തോന്നിയില്ല റസിയക്ക്.

” ശരി അമ്മയെ വിളിച്ചുകൊണ്ടു വരൂ ”

റസിയയുടെ മറുപടി കേൾക്കേണ്ട താമസം ആ യുവതി കാറിനടുത്തേക്ക് ഓടി.