അവൾ ഗൗരി 30

” അറിയില്ല ടീച്ചർ . .. മാത്രമല്ല അച്ഛനും അമ്മയും ആരെന്നറിയാത്ത നീ എന്തെഴുതാനാണ് എന്ന് മാലതി ടീച്ചർ അവളോട് ചോദിക്കുന്നുണ്ടായിരുന്നു. ”

” ഉം ”

ആരൊക്കെയോ വരുന്നത് കണ്ട് അംബിക ടീച്ചർ വരാന്തയിലേക്ക് പോയി.

” ടീച്ചറെ….ഒരു കുട്ടി ബസിനു വട്ടം ചാടീട്ടുണ്ട്‌…നെഞ്ചത്തൂടെ….ബസ്സ്…”

മുഴുമിക്കാനാവാതെ പറഞ്ഞു നിർത്തിയ വാക്കുകൾ കോരിച്ചൊരിയുന്ന മഴയിൽ അലിഞ്ഞില്ലാതായി. അസ്വസ്ഥമായ മനസുമായി അംബിക ടീച്ചർ സ്റ്റാഫ്‌റൂമിലേയ്ക്ക് നടന്നു.

” ആ കൊച്ചു മനഃപൂർവം ചെയ്തതാന്ന കണ്ടുനിന്നവർ പറേണെ ”

അവരിൽ ആരോ പറയുന്നത് വാതിക്കൽ നിന്നിരുന്ന റസിയ കേട്ടു. കണ്ണിൽ ഇരുട്ട് കയറും പോലെ തോന്നി അവൾക്ക്‌. ആരും ശ്രദ്ധിയ്ക്കാതെ ക്ലാസ്സ് മുറിയുടെമൂലയിൽ ചുരുണ്ടുകിടക്കുന്ന കടലാസ് കഷ്ണം അവൾ കുനിഞ്ഞെടുത്തു . അതെ, ഗൗരിയുടെ അസൈൻമെന്റ്.

വിറങ്ങലിയ്ക്കുന്ന കൈകളിലിരുന്ന ചിന്നിച്ചിതറിയ ആ അക്ഷരങ്ങൾ തന്നെ നോക്കി പരിഹസിക്കുന്നത് പോലെ അവൾക്ക് തോന്നി.
അല്ല തന്നെ മാത്രമല്ല ഈ സമൂഹത്തെ മുഴുവൻ നോക്കി ആ തുണ്ടുകടലാസു അട്ടഹസിക്കുകയാണ്. അതെ, അത് രക്ത വർണ്ണം തൂകി അവിടെ മുഴുവൻ പരന്നൊഴുകുകയാണ്.

” എന്താണ് കയ്യിൽ ? ”
മാലതി ടീച്ചർ തൊട്ടുമുന്നിൽ !!.

” അ.. അത്..ഒന്നുമില്ല ടീച്ചർ.. ”

കയ്യിലിരുന്ന ആ കടലാസ് അവൾ പിന്നിലൊളിപ്പിച്ചു …

” ഉം.. ആരോടും ഒന്നും പറയാൻ നിക്കണ്ട, മനസ്സിലായോ പറഞ്ഞത് നിനക്ക് ? ”

അവരുടെ രൂക്ഷമായ നോട്ടത്തെ താങ്ങുവാനുള്ള ശക്തി അവൾക്കില്ലായിരുന്നു.

” എല്ലാ ബെഡുകളും ഫിൽ ആണ് പുതിയ രെജിസ്ട്രേഷൻ തത്കാലം വേണ്ട എന്നാണു ഫാദർ പറഞ്ഞിട്ടുള്ളത്. “