അവൾ ഗൗരി 30

Aval Gowri by Niyas Vaikkom

“ഇറങ്ങിപ്പോടീ എന്റെ ക്‌ളാസ്സീന്ന് ”
ചോരയൊലിയ്ക്കുന്ന കൈ അമർത്തിപ്പിടിച്ചുകൊണ്ടു ഒരു കാലിൽ മുടന്തുള്ള മാലതി ടീച്ചർ അലറി. ശബ്ദം കേട്ട് തൊട്ടപ്പുറത്തെ ഓഫീസ് മുറിയിൽ നിന്ന് പ്രിൻസിപ്പൽ അംബിക ടീച്ചർ ഇറങ്ങി വന്നു.
മാലതി ടീച്ചറുടെ കയ്യിൽ നിന്നും വീഴുന്ന ചോരത്തുള്ളികൾ ക്ലാസ്സ് റൂമിന്റെ തിണ്ണയിൽ ചുവന്ന പുള്ളികൾ തീർത്തു കൊണ്ടിരുന്നു. ബാക്ക് ബഞ്ചിനരികിൽ ചൂരലുമായി നിൽക്കുന്ന ഗൗരിയുടെ കണ്ണുകളിൽ അഗ്നി ജ്വലിച്ചു നിൽക്കുന്നത് പോലെ തോന്നി.

” കുട്ടികൾക്കിത്രയും അഹങ്കാരമോ?”

അംബിക ടീച്ചർ അവളുടെ കയ്യിൽ നിന്ന് ചൂരൽ പിടിച്ചു വാങ്ങി തുടയുടെ ഇരു വശങ്ങളിലും മാറി മാറി അടിച്ചു. ആ വടി നെടുകനെ പിളർന്നു തുടങ്ങിയിട്ടും അവർ അടി നിർത്തിയില്ല. മുടിക്കുത്തിൽ പിടിച്ചു കൊണ്ട് അവളെ മുന്നോട്ട് ആഞ്ഞു തള്ളി. ബ്ലാക്ക്ബോർഡിന്റെ മൂലയിലിടിച്ച് അവളുടെ നെറ്റി പൊട്ടി ചോരയൊഴുകാൻ തുടങ്ങി.

” ഗെറ്റ് ഔട്ട് ദി ക്ലാസ്സ്. ”

ആ കോരി ചൊരിയുന്ന മഴയത്തു അംബിക ടീച്ചർ അവളെ പിടിച്ചു ക്‌ളാസ്സിന് പുറത്തേയ്ക്കു തള്ളി. വരാന്തയ്ക്കു മുന്നിലെ ചെളിവെള്ളത്തിലേയ്ക്ക് മുഖം കുത്തി വീണ അവൾ വേച്ചു വേച്ചു എഴുന്നേറ്റു ഗെയ്റ്റിന് പുറത്തേയ്ക്കു നടന്നു . കൈ ഡ്രസ്സ് ചെയ്യാൻ പ്രിൻസിപ്പൽ മാലതി ടീച്ചറിനെ സ്റ്റാഫ് റൂമിലേയ്ക്ക് പറഞ്ഞു വിട്ടു.

” എന്തായിരുന്നു പ്രശ്നം? ”

ക്ലാസ്സ് ലീഡർ റസിയയോട് കാര്യം തിരക്കി.

“അത്… അത്…ടീച്ചർ …. ”
റസിയ മിനിട്ടുകൾക്ക് മുൻപ് താൻ കൂടി സാക്ഷിയായ അശുഭ സംഭവങ്ങളെ ഓർത്തെടുക്കുകയായിരുന്നു.

“എല്ലാവരും അസൈൻമെന്റ് കൊണ്ട് വന്നു വെക്കൂ. ? ”

ടേബിളിൽ ചാരി നിന്നുകൊണ്ട് മാലതി ടീച്ചർ എല്ലാവരോടുമായി പറഞ്ഞു.
അവൾ തന്റെ അസൈന്മെന്റുമായി എഴുന്നേറ്റപ്പോൾ മാലതി ടീച്ചർ വിലക്കി.