പിന്നെ എന്നെ കെട്ടാൻ പോകുന്ന ആളോട്, ഡോ, താൻ എന്റെ കഴുത്തിൽ താലികെട്ടുമായിരിക്കും, പക്ഷെ ഞാനൊരിക്കലും തന്റെ ഭാര്യയാവില്ല. ഞാൻ താൻ അർഹിക്കുന്നതിലും മുകളിൽ ആണ് അത് മനസിലാക്കി താൻ പിന്മാറണമായിരുന്നു. താൻ ചെയ്ത ആ തെറ്റിന് ഒരു ജീവിതകാലം മുഴുവൻ ഞാൻ തന്നെക്കൊണ്ട് പ്രായശ്ചിത്തം ചെയ്യിക്കും.
ഇനി എന്റെ പുന്നാര അമ്മായിയമ്മ, മൂത്ത മകൻ ഭാര്യവീട്ടിലാണ് താമസം എന്നാണ് ശങ്കുണ്ണിയേട്ടൻ പറഞ്ഞത്, അത് ഈ തള്ളയുടെ സ്വഭാവം കൊണ്ടായിരിക്കും. ആ സ്വഭാവം കൊണ്ട് എന്റെ അടുത്തേക്ക് വാ, കാണിച്ച് തരാം.
സ്വയം ഒരു ബലിയാടായി മാറുകയാണ് എന്ന തോന്നലിനൊപ്പം എല്ലാവരോടുമുള്ള വെറുപ്പും കൂടി വന്നു. കാര്യങ്ങൾ പറഞ്ഞപ്പോൾ കൂട്ടുകാരികളും കുറച്ച് ബലംപിടിച്ച് നിൽക്കാൻതന്നെയാണ് പറഞ്ഞത്.
കല്യാണത്തിന് മുൻപ് അനിയേട്ടൻ ഫോൺ വിളിക്കുമായിരുന്നു, ഒരിക്കലും ഒരു കാമുകിയായോ കെട്ടാൻ പോകുന്ന പെണ്ണായോ അനിയേട്ടനോട് സംസാരിച്ചിട്ടില്ല. എന്തെങ്കിലും ഒഴികഴിവ് പറഞ്ഞ് ഫോൺ വെക്കുമ്പോൾ ഞാൻ ഉള്ളിൽ ചിരിക്കുകയായിരുന്നു. കല്യാണം കഴിഞ്ഞും അതുപോലെയാണ് അനിയേട്ടനോട് പെരുമാറിയത്.
ഒരിക്കലും ഞാൻ അനിയേട്ടന്റെ ഭാര്യയായിട്ടില്ല, ഒരു ഭാര്യയുടെ കടമ നിറവേറ്റിയിട്ടില്ല. ഒരു ഭർത്താവിന്റെ ആഗ്രഹങ്ങൾ നടത്തിക്കൊടുത്തിട്ടില്ല.
ഒരു മുറിയിൽ ഒരു കട്ടിലിൽ കിടക്കുമ്പോഴും ഞങ്ങൾ അപരിചിതരാണ്.
എന്റെ അമ്മ വാടീ പോടീ വിളിക്കുമ്പോൾ ഇവിടുത്തെ അമ്മ എപ്പോഴും മോളേ എന്നാ വിളിക്കാറ്, എന്നിട്ടും എനിക്ക് അവരോട് സ്നേഹം തോന്നിയില്ല.
ഇങ്ങനെയൊക്കെ ചെയ്യുമ്പോഴും, എന്റെ വാശി, ദേഷ്യം തീർക്കുക എന്നല്ലാതെ ഏട്ടനെ പിരിയുന്നതിനെപ്പറ്റി ഒരിക്കലും ഞാൻ ആലോചിച്ചിട്ടില്ല.
ഈശ്വരന്മാരേ ഇന്നലെ ഏട്ടൻ പറഞ്ഞതെല്ലാം എന്നെ പറ്റിയ്ക്കാൻ ആവണേ.
ഗീതു പതുക്കെ എണീറ്റ് പുറത്തേക്കിറങ്ങി, അമ്മ അടുക്കളയിൽ എന്തോ പണിയിലാണ്.
‘മോള് എണീച്ചോ? പല്ല് തേച്ചിട്ട് വാ, അമ്മ ചായ എടുക്കാം’
ചൂട് ചായ കുടിക്കുമ്പോഴും അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു.
‘അമ്മയ്ക്ക് എല്ലാ പണിയും ചെയ്ത് ബുദ്ധിമുട്ടായോ?’
‘ഏയ്, ഇതൊക്കെ ഞാൻതന്നെയല്ലേ മുൻപും ചെയ്തിരുന്നത്. കൂടെ ഒരാളുണ്ടെങ്കിൽ ഒരു ആശ്വാസം അത്രേ ഉള്ളു’
‘അമ്മേ, അരുണേട്ടൻ എന്താ ചേച്ചിയുടെ വീട്ടിൽ നിൽക്കുന്നത്?’
‘മോളത് അനിയോട് ചോദിച്ചില്ലേ?’
‘ഇല്ല, ഏട്ടന് വിഷമം ആവോ എന്ന് കരുതി. അമ്മയും ദേവുചേച്ചിയും തമ്മിൽ എന്തെങ്കിലും…?’
തുടരും