അറിയാൻ വൈകിയത് 2 35

അപ്പോഴാണ് ആ സത്യം മനസിലായത്, ആ വന്നിരിക്കുന്ന കറുമ്പൻ ആണ് കല്യാണച്ചെക്കൻ.
വന്നവർ പോകാൻവേണ്ടി ഞാൻ കാത്തിരുന്നു. അവർ പടി കടന്നതും ഉറപ്പിച്ചു പറഞ്ഞു എനിക്കയാളെ വേണ്ടെന്ന്.
പക്ഷേ അന്നെനിക്ക് മനസിലായി ഒരു പെണ്ണിന് തന്റെ വിവാഹക്കാര്യത്തിൽ അഭിപ്രായമൊന്നുമില്ലെന്ന്. അച്ഛന് അവരെ നന്നായി ബോധിച്ചിരിക്കുന്നു. ഒരുപക്ഷെ അച്ഛന്റെ സ്ഥാനത്ത് നിന്ന് നോക്കുമ്പോൾ അത് ശരിയായിരിക്കാം. ഉണ്ണാൻ അരിയുണ്ട്, കിടക്കാൻ വീടുണ്ട്, ചെയ്യാൻ ഒരു തൊഴിലുണ്ട്, നല്ല ആരോഗ്യമുണ്ട്. അച്ഛന് മകളെ കൈപിടിച്ചേൽപ്പിക്കാൻ ഈ കാരണങ്ങൾ മതിയായിരിക്കും. പക്ഷേ, എന്റെ ആഗ്രഹങ്ങൾ, പഠിപ്പ്, നല്ല ഭംഗി, ജോലി, പ്രായം ഇതിനൊന്നിനും ഒരു വിലയുമില്ലേ?

പെണ്ണുകാണൽ അല്ലേ നടന്നിട്ടുള്ളൂ, ഇനിയും ചടങ്ങുകൾ ഉണ്ടല്ലോ. ജാതകചേർച്ചയൊന്നും നോക്കിയിട്ടില്ല എന്ന് പറഞ്ഞ് അമ്മ സമാദാനിപ്പിക്കാൻ നോക്കി. എനിക്ക് വേണ്ടി അച്ഛനോട് സംസാരിച്ചതിന് ഒരുപാട് ചീത്തയും കേട്ടു.
സ്ത്രീധനമായി ഒന്നും വേണ്ട എന്നാണ് അവര് പറഞ്ഞിരിക്കുന്നത്, ആ വാക്കിലാണ് അച്ഛന്റെ പ്രതീക്ഷ. സ്ത്രീധനമായി ഒന്നും കൊടുക്കാനില്ല എന്നത് എനിക്കും അറിയാവുന്ന സത്യമാണ്, എന്നാലും… എന്റെ സ്വപ്‌നങ്ങൾ…
ചേച്ചിയുടെ കല്യാണത്തിന് വേണ്ടി എടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങി ജപ്തിയായപ്പോൾ അമ്മയുടെ താലിമാലപോലും വിൽക്കേണ്ടി വന്നു. ഇനിയും ലോൺ എടുത്ത് കടക്കെണിയിൽ വീഴാൻ അച്ഛന് പറ്റുമായിരുന്നില്ല. ലോണിന്റെ നല്ലൊരു ഭാഗവും വീട്ടിയത് അനിയനാണ്, ഇനിയും അവനെക്കൊണ്ട് ഭാരം വലിപ്പിക്കണോ.

ഒരാഴ്ച്ചക്ക് ശേഷം ശങ്കുണ്ണിയേട്ടൻ വന്നത് ജാതകങ്ങൾ തമ്മിൽ ചേർന്നതും അവർക്ക് ഈ ബന്ധത്തിൽ പൂർണ്ണ സമ്മതമാണെന്ന് അറിയിച്ചതും പറയാൻ ആയിരുന്നു.
എന്റെ വാക്കുകൾ കേൾക്കാതെ ഇവിടെയും സമ്മതമാണെന്ന് അച്ഛൻ പറയുമ്പോൾ തകർന്നത് എന്റെ സ്വപ്‌നങ്ങൾ ആയിരുന്നു. ഒരു ജീവിതമായിരുന്നു.
ഉറപ്പിച്ച കാര്യങ്ങളിൽ ഇനിയൊരു മാറ്റം ഉണ്ടാവില്ലെന്ന് ഉറപ്പായപ്പോൾ ആകെ തളർന്നുപോയി. പിന്നീടങ്ങോട്ട് എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു.

ത്യാഗം, അതെ ഞാൻ ത്യാഗം ചെയ്യാൻ പോവുകയാണ്, എന്റെ കുടുംബത്തിന് വേണ്ടി. ഇ
എന്റെ ജീവിതം നശിപ്പിക്കാൻ പോവുകയാണ് എന്റെ കുടുംബത്തിന് വേണ്ടി.
എന്റെ സ്വപ്‌നങ്ങൾ കുഴികുത്തി മൂടുകയാണ് എന്റെ കുടുംബത്തിന് വേണ്ടി.
സിനിമകളിലും സീരിയലുകളിലും കുടുംബത്തിനായി സ്വന്തം ജീവിതം മറക്കുന്ന നായികയെപ്പോലെ ഞാൻ മാറുകയായിരുന്നു.

പിന്നീടങ്ങോട്ട് പക ആയിരുന്നു, എല്ലാവരോടും.
എന്റെ സ്വപ്നങ്ങളെ തല്ലിച്ചതച്ച അച്ഛനോട്, അച്ഛന്റെ ഭാഗത്ത് നിന്ന അമ്മയോട്, എനിക്ക് വേണ്ടി സംസാരിക്കാത്ത അനിയനോട്.