അറിയാൻ വൈകിയത് 2 35

കോളേജും കൂട്ടുകാരുമായുള്ള ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് ഞങ്ങളുടെ കൂട്ടത്തിൽ ഓരോരുത്തരായി കുറഞ്ഞ് പോയത്. കല്യാണം, കൂട്ടത്തിലെ ഒരാളുടെ കല്യാണം ആണെന്ന് പറയുമ്പോൾ ഞങ്ങൾക്ക് വലിയ സന്തോഷമായിരുന്നു. ഒരുപാട് കളിയാക്കിയും ആഘോഷമാക്കിയും അവളെ പറഞ്ഞ് വിടുമ്പോൾ അറിഞ്ഞിരുന്നില്ല ഒരാൾ ഉണ്ടാക്കുന്ന വിടവ് എത്രയാണെന്ന്. ആ വിടവിന്റെ ആഴം മനസിലായത് എന്റെ ശക്തിയായി നിന്നിരുന്ന റെജിയും ലതികയും എന്നെ തനിച്ചാക്കി പോയപ്പോഴാണ്. രണ്ടാളുടെയും കല്യാണം അടുത്തടുത്തായിരുന്നു. അവർക്ക് ചേർന്ന ചെറുപ്പക്കാരൻ ചെക്കന്മാർ. ഒരാൾ ഐ.ടി പ്രൊഫഷണൽ ഒരാൾ പ്രവാസി. അവരുടെ കല്യാണപ്പന്തലിൽ നിന്നിറങ്ങുമ്പോൾ എന്റെയുള്ളിൽ സ്വപ്നങ്ങളുടെ മണ്ഡപം ഉയരുകയായിരുന്നു. സ്വപ്നങ്ങളിൽ മുഖം വ്യക്തമല്ലാത്ത നായകന്മാർ വന്നു. സുമുഖന്മാരും ജോലിയുള്ളവരും റൊമാന്റിക്കും ആയ ഭർത്താക്കന്മാരെ സ്വപ്നം കാണാൻ തുടങ്ങി. കോളേജിലെ പലരെയും തന്റെ സങ്കൽപ്പങ്ങൾക്കനുസരിച്ചുള്ള ആളാണോ എന്ന് നോക്കിയിട്ടുണ്ട്, ആരെയും കിട്ടിയില്ല. ഒടുവിൽ പഠിപ്പിക്കുന്ന സാർമാരെ നോക്കി, ഒന്നിലും ഒരു തൃപ്തി വന്നില്ല.
അങ്ങനെ അവസാന സെമസ്റ്ററും പൂർത്തിയാക്കി വീട്ടിലെത്തി. അപ്പോഴേക്കും ദാരിദ്ര്യത്തിൽ നിന്നും കര കയറാൻ തുടങ്ങിരുന്നു എന്റെ വീട്. പഴയതെങ്കിലും ഒരു ടി.വി വാങ്ങി. അടുക്കളയിലും പുതിയ ഉപകരണങ്ങൾ സ്ഥാനം പിടിച്ചു.

രാത്രി ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോഴാണ് അച്ഛൻ അത് പറഞ്ഞത്,
‘നാളെ നിന്നെക്കാണാൻ ഒരു കൂട്ടര് വരുന്നുണ്ട്. ശങ്കുണ്ണി പറഞ്ഞതാ. അവനാവുമ്പോ നമുക്ക് പറ്റിയത് തന്നെ കൊണ്ട് വരുമല്ലോ’

അന്നത്തെ രാത്രി ഉറങ്ങാൻ പറ്റിയില്ല, എന്റെ സ്വപ്‌നങ്ങൾ, അവയ്ക്ക് ചിറക് മുളയ്ക്കാൻ പോകുന്നു. ആദ്യത്തെ പെണ്ണുകാണൽ ചടങ്ങ് ആണ്, ടെൻഷൻ ഉണ്ട്. എന്നാലും വല്ലാത്തൊരു ആകാംഷ, സന്തോഷം.
ഈശ്വരാ , ഞാൻ ആഗ്രഹിക്കുന്ന പോലുള്ള ഒരാളെ എനിക്ക് തരണേ. ജീവിതത്തിൽ ഇന്ന് വരെ സുഖം എന്തെന്ന് അറിഞ്ഞിട്ടില്ല. വിവാഹത്തോടെ വേണം പുതിയൊരു ജീവിതം തുടങ്ങാൻ. ഉള്ളത്കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാനാണ് അമ്മ പറഞ്ഞിട്ടുള്ളത് , ഇതുവരെയും അങ്ങനെയാണ് ജീവിച്ചത്. ഇനി പറ്റില്ല, ഇനിയെങ്കിലും ജീവിതമെന്തെന്ന് അനുഭവിക്കണം,
ആസ്വദിക്കണം.

രാവിലെ അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് വന്നു, നന്നായി ഒന്ന് ഒരുങ്ങി. ജനലിലൂടെ പുറത്തേക്ക് നോക്കി എന്റെ ചെക്കനെ കാത്തിരുന്നു.

ഗേറ്റ് തുറന്ന് രണ്ടാണും ഒരു സ്ത്രീയും അകത്തേക്ക് വന്നു. സ്ത്രീ അമ്മായിയമ്മ ആയിരിക്കും, ആണുങ്ങളിൽ ഒന്ന് ബ്രോക്കർ ആണ്, മറ്റേത് കണ്ടിട്ട് ചെക്കന്റെ ഏട്ടൻ ആണെന്നാ തോന്നുന്നത്. മുപ്പതിനോടടുത്ത് പ്രായം തോന്നും, കറുത്ത നിറമാണ്, എന്നാലും ഒരു ചന്തമൊക്കെയുണ്ട്. ഇനി ചെക്കനും കറുത്തിട്ടാകുമോ? സ്വത്തും പണവുമൊന്നും ഇല്ലെങ്കിലും ആകെയുള്ളത് കുറച്ച് പഠിപ്പും തൊലിവെളുപ്പും ആണ്. അതിന് ചേർന്ന ഒരാളെ മതി എനിക്ക്. ജീവിതത്തിൽ ഇത്രയും കാലം അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചു, ഇതിൽ പറ്റില്ല, ഇതിൽ മാത്രം. ഇത് എന്റെ ജീവിതത്തിന്റെ കാര്യമാണ്, ഇതിലെങ്കിലും എനിക്ക് വിജയിക്കണം.

അങ്ങനെ ആദ്യത്തെ ചായ കൊടുക്കൽ ചടങ്ങ് നടന്നു. കാരണവന്മാർ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്, എന്റെ ചിന്ത അപ്പോഴും കല്യാണച്ചെക്കനെ പറ്റിയായിരുന്നു. ഒരു ഫോട്ടോ കിട്ടിയിരുന്നെങ്കിൽ എന്ന് ആലോചിച്ച് നിൽക്കുമ്പോൾ ആണ് അമ്മ അടുത്തേക്ക് വന്നത്.

‘നിനക്ക് ആളെ ഇഷ്ടായോ?, ഇത്തിരി നിറം കുറവുണ്ടെന്നേയുള്ളു, നല്ല കുടുംബമാ’