“ഞാൻ തീരുമാനിച്ചതല്ല. ചെയർമാൻ നേരിട്ട് പറഞ്ഞതാണ്. അവർക്ക് എത്രയും പെട്ടന്ന് കാര്യങ്ങൾ ചെയ്ത് തീർക്കണം അതുകൊണ്ടാണ്.”
“മ്.. ഓക്കെ സർ.”
“ഇന്ന് രാത്രി റൂം എടുത്തോ നാളെമുതൽ ഗസ്റ്റ് ഹൗസിലേക്ക് മാറാം.”
“ശരി സർ. ”
കോൾ കട്ട് ചെയ്ത് എബി ഗിയർമാറ്റി കാറിന്റെ വേഗതകൂട്ടി.
ഉച്ചയോടുകൂടെ കോട്ടയ്ക്കലിലെത്തിയ എബി ഭക്ഷണം കഴിക്കാനുള്ള റെസ്റ്റോറന്റ് തിരഞ്ഞു. പുത്തനത്താണിയെത്തിയപ്പോൾ
ഇടതുവശം ചേർന്നുനിൽക്കുന്ന സൗപർണിക റെസ്റ്റോറന്റിൽ കയറി ഭക്ഷണംകഴിച്ച് യാത്ര തുടർന്നു.
“എടാ മച്ചാനെ, അവിടെയെത്തിയിട്ട് വിളിക്ക് ട്ടാ, ”
വാട്സ്ആപ്പിൽ അഖിലിന്റെ വോയ്സ് മെസ്സേജ് കേട്ട എബിയുടെ അധരങ്ങളിൽ പുഞ്ചിരി വിടർന്നു.
“ഹഹഹ, കള്ളുകുടിക്കാൻപറ്റിയ പുതിയ സ്ഥലങ്ങൾ നോക്കിയിരിക്കുവാ തെണ്ടി.”
എബി മനസിൽ പറഞ്ഞു.
നഗരങ്ങളെ മുഴുവൻ അന്തിച്ചോപ്പുമായി അർക്കൻ വർണ്ണാലങ്കാരമാക്കിയിരുന്നു.
തെരുവുവിളക്കുകൾ തെളിയാൻ തുടങ്ങി.
വിടവാങ്ങാനൊരുങ്ങി അരുണൻ പടിഞ്ഞാറെ ആഴിയിലേക്കു യാത്രതിരിച്ചു.
ഹെഡ്ലൈറ്റിട്ട് എബിയുടെ കാർ മുന്നോട്ട് കുതിച്ചു. ചില ഭാഗങ്ങളിൽ മഴ ശക്തമായി പെയ്യുന്നുണ്ടായിരുന്നു.
ഏറെ നേരത്തെ ഡ്രൈവിങ്ങിന് ശേഷം കാഞ്ഞിരപ്പള്ളിയിലെത്തിയ എബി
പുളിക്കരയിൽ ലോഡ്ജിൽ റൂമെടുത്തു. റൂംബോയ് അവന്റെ സാധനങ്ങൾ എടുത്ത് മുൻപേ നടന്നു. പിന്നാലെ നടന്ന എബിയുടെ നിഴലിന്റെ കൂടെ മറ്റൊരു നിഴൽകൂടി പ്രത്യക്ഷപെട്ടു. തന്നെ ആരോ പിന്തുടരുന്നുയെന്ന് തോന്നിയ എബി ഒരു നിമിഷം അവിടെനിന്നു. തൂങ്ങിയാടുന്ന ബൾബിന്റെ പ്രകാശത്തിൽ ഇടതുവശം ചേർന്ന് തന്റെ നിഴലിനെ തൊട്ടടുത്ത് മറ്റൊരു നിഴലുണ്ട് എന്ന സത്യം അവൻ മനസിലാക്കി..
തുടരും…