അന്ന – 2 130

” അയ്യോ മതി. പഴംപുരാണം കുറേ കേട്ടതാണ്. ഇച്ചായൻ ഒറ്റയ്ക്കിരുന്നു പറഞ്ഞാൽമതി. ഞാൻ പോവാണ് അടുക്കളയിൽ ധാരാളം പണിയുണ്ട്.”
മേരി എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.

സമയം എട്ടുമണിയായതോടെ എബി സാധനങ്ങളൊക്കെ ബാഗിലാക്കി കാറിന്റെ പിൻസീറ്റിൽ കൊണ്ടുവന്നുവച്ചു.
ചായകുടിച്ച് അവർ ഒരുമിച്ച് പ്രാർത്ഥിച്ചു.
ശേഷം എബി യാത്രപറഞ്ഞ് മുറ്റത്തേക്ക് ഇറങ്ങി.

“പപ്പാ, പോയിട്ട് വരാം പ്രാർത്ഥിക്കണം. എന്തൊക്കെ സംഭവിച്ചാലും ഈ പ്രോജക്റ്റ് ഞാൻ പൂർത്തിയാക്കും.”

“മ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി. കാഞ്ഞിരപ്പള്ളി ഞാനറിയാത്ത സ്ഥലമൊന്നുമല്ല.”

“മ്..ശരി പപ്പാ, മമ്മാ, എമി, ബൈ അവിടെ എത്തിയിട്ട് വിളിക്കാം”

എബി കാറിൽ കയറിപോകുന്നത് ഇമവെട്ടാതെ അവർ നോക്കിനിന്നു.

പ്രാർത്ഥനാ മുറിയിലേക്ക് മടങ്ങിവന്ന എബ്രഹാം താൻ കത്തിച്ചുവച്ച മെഴുകുതിരി അണഞ്ഞിരിക്കുന്നതുകണ്ടപ്പോൾ അയാളുടെ ഉള്ളിൽ അല്പം ഭയമുണർന്നു.

“അപ്പോൾ എന്റെ സംശയങ്ങൾ ശരിയായിരുന്നൊ? കർത്താവേ, എന്റെ കൊച്ചിനെ നീ കാത്തോൾണെ.”
എബ്രഹാം കുരിശുവരച്ച് പ്രാർത്ഥനാ മുറിയിൽനിന്നും പുറത്തേക്ക് കടന്നു.

കാസർഗോഡ് നിന്നും കാഞ്ഞിരപ്പള്ളിയിലേക്കുള്ള നാനൂറ്റിമുപ്പത്തിയൊമ്പത് കിലോമീറ്റർ എബിയെ സംബന്ധിച്ചിടത്തോളം കുറവായിരുന്നു. കാരണം ഇതിനുമുൻപേ അവൻ ഗോവയിലേക്കും ഹൈദരാബാദിലേക്കും വാഹനമോടിച്ച് പോയിട്ടുണ്ട്. പക്ഷെ അന്ന് ചില സൗഹൃദങ്ങൾ കൂടെയുണ്ടായിരുന്നതുകൊണ്ട് മുഷിപ്പ് തോന്നിയിരുന്നില്ല.

“ഹെലോ, എബി. താൻ പുറപ്പെട്ടോ?”
ഫോണിലേക്ക് വിളിച്ച ഫ്രീലാന്റ് ഹോളിഡേസിന്റെ മാനേജർ രഘുനന്ദൻ ചോദിച്ചു.

“ഉവ്വ് സർ, ”

“തന്നെ അസിസ്റ്റ് ചെയ്യാൻ അവിടെ ഒരു സ്റ്റാഫിനെ പറഞ്ഞുവച്ചിട്ടുണ്ട്. നാളെ അവര് ജോയിൻ ചെയ്‌തോളും.”

“സർ അത് വേണ്ടായിരുന്നു.”
എബി താല്പര്യക്കുറവ് അറിയിച്ചു.