അന്ന – 2 130

മൊബൈലുമെടുത്ത് അവൻ ജാലകത്തിനോട് ചാരിയുള്ള കസേരയിൽ ഇരുന്നു. പുതിയ ജോലിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളിയിലേക്ക് പോകുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് അല്പസമയം അതിൽ ചിലവഴിച്ചു.

“ഇച്ചായാ, ദേ പപ്പ വിളിക്കുന്നു.”
ചായയുമായി വന്ന അനുജത്തി എമി ചായക്കപ്പ് അവനുനേരെ നീട്ടിയിട്ട് പറഞ്ഞു.

“മ്, നീ പൊയ്ക്കോ ഞാൻ വരാം.”
എമി കൊണ്ടുവന്ന ചായ കുടിച്ച് അവൻ പപ്പയുടെ അടുത്തേക്ക് നടന്നു.

വീടിനുപുറത്ത് വലിയൊരു മാവുണ്ട്‌. എത്ര വെയിൽ വന്നാലും അതിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ ഒരു പ്രത്യേക തണുപ്പാണ്.
രാവിലെയാണെങ്കിൽ കിളികളുടെ കളനാദവും ഇളങ്കാറ്റും. മാവിനോടുചാരി കോൺക്രീറ്റുകൊണ്ട് നിർമ്മിച്ച ഒരു ഇരിപ്പിടമുണ്ട്. എബി പുറത്തേക്ക് വന്നപ്പോൾ എബ്രഹാം അവിടെ വിദൂരതയിലേക്ക് നോക്കിയിരിക്കുകയായിരുന്നു.

“പപ്പാ, ഇവിടെയിരിക്കുകയായിരുന്നോ? ഞാൻ അകത്തെല്ലാം നോക്കി.”

“നീ വാ, ഇവിടെയിരിക്ക്.”
എബ്രഹാം അവനെ തന്റെ അരികിലേക്ക് ഇരുത്തി.

“എന്താ പപ്പാ വിളിച്ചേ?”

“ഏയ്‌, ഞാൻ നിന്റെ പുതിയ പ്രോജെക്റ്റിനെകുറിച്ചു അറിയാൻ വിളിപ്പിച്ചതാണ്. ശരിക്കും ഇതെവിടെയാണ്.”
എബ്രഹാം അവനെ നോക്കിക്കൊണ്ട് ചോദിച്ചു.

“ശരിക്കും എനിക്കറിയില്ല പപ്പാ, കാഞ്ഞിരപ്പള്ളിയിൽ നിന്ന് കുറേ ഉള്ളിലോട്ടാണ്. പണ്ട് സായിപ്പന്മാർ നാട്ടിൽ വരുമ്പോൾ താമസിച്ചിരുന്ന ബംഗ്ലാവായിരുന്നു പിന്നീട് അവർ പോയപ്പോൾ അവരുടെ കാര്യങ്ങൾ നോക്കിനടത്തിയ ഒരാൾക്ക് കൊടുത്തു. പിന്നെ കൈമാറി കൈമാറി വന്നു. നമുക്ക് ചുളുവിലയിൽ കിട്ടി. എന്തായാലും ഞാനത് കേരളത്തിലെ നമ്പർ വൺ റിസോർട്ടാക്കിമാറ്റും. പപ്പ നോക്കിക്കോ.”

“മ്, എന്റെമോൻ കൈവച്ചതൊക്കെ പൊന്നായിട്ടേയുള്ളൂ.”
എബിയുടെ ആത്മവിശ്വാസം കണ്ട് എബ്രഹാം ദീർഘശ്വാസമെടുത്തു.