അന്ന – 2 130

“ചോദിച്ചത് കേട്ടില്ലേ? കുറച്ചുദിവസമായി താനെന്റെ പുറകിൽ, എന്താണ് ആവശ്യം ?”
അപ്പോഴും അവൾ പുഞ്ചിരിമാത്രമാണ് സമ്മാനിച്ചത്. തുടുത്ത അധരങ്ങൾ വിടരുന്നത് കണ്ടപ്പോൾ വിരിയാൻ കാത്തുനിൽക്കുന്ന പനിനീർപൂക്കളെ ഒരു നിമിഷം എബി ഓർത്തുപോയി.

“എന്തെങ്കിലുമൊന്നു മിണ്ടൂ ഞാനെത്രനേരായി ചോദിക്കുന്നു.”
അരിശം മൂത്ത എബി ഇടതുകൈയിലെ മുഷ്ടിചുരുട്ടികൊണ്ട് ചോദിച്ചു.

പെട്ടന്ന് അവളുടെ മുഖഭാവത്തിന് രൂപമാറ്റം സംഭവിക്കാൻ പോകുന്നുവെന്ന തോന്നൽ എബിയിൽ ഭീതിപടർത്തി.
അവന്റെ തോന്നൽ ശരിയായിരുന്നു. അവളുടെ കണ്ണുകളിലെ കൃഷ്ണമണിയുടെ കറുപ്പുനിറം മാഞ്ഞ് നീലനിറമായി മാറി. എബി ഒരുനിമിഷം അവിടെ നിന്നു. പെട്ടെന്നുണ്ടായ അവളുടെ മാറ്റത്തിന്റെ ഭാഗമായി അവനിൽ ഭയത്തിന്റെ വിത്തുകൾ മുളച്ചു. കൈകാലുകൾ വിറയൽ കൊണ്ടു. അവളുടെ മിഴികളിൽ നിന്നും രണ്ടുതുള്ളി രക്തം പൊടിഞ്ഞു. സൂക്ഷിച്ചുനോക്കിയ എബിയ്ക്ക് താൻ സംഭരിച്ച ധൈര്യമെല്ലാം ഒരു നിമിഷം ചോർന്നുപോകുന്നതായി തോന്നി. അവളുടെ മിഴികളിൽനിന്നും വീണ്ടും രക്തം ഒഴുകിത്തുടങ്ങി. അവ കവിൾത്തടം താണ്ടി അധരങ്ങളിലേക്ക് ഒലിച്ചിറങ്ങിയപ്പോൾ അവൾ മിഴികൾ പതിയെ അടച്ചു.

ഒന്നലറിവിളിക്കാൻ തുനിഞ്ഞെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല. അവൻ ചുറ്റിലും നോക്കി.
നിലാവിന്റെ നീലവെളിച്ചവും വെളുത്ത പുകയും മാത്രം.

പെട്ടന്ന് അടഞ്ഞുകിടക്കുന്ന അവളുടെ മിഴികൾ തുറന്നു. പക്ഷെ അവയ്ക്കുള്ളിൽ കൃഷ്ണമണികൾ ഉണ്ടായിരുന്നില്ല. ഭീകരമായ ആ കാഴ്ച അവനെ സ്വപ്നത്തിൽ നിന്നും ഞെട്ടി എഴുന്നേല്പിച്ചു.

“കർത്താവേ, എന്തൊരു സ്വപ്നമാണ്. ഇതും യാഥാർത്ഥൃണെങ്കിൽ ഞാൻ കാണുന്ന സ്വപ്നത്തിലെ ആ പെൺകുട്ടി ആരുടെയെങ്കിലും ആത്മാവാണോ? ”

കുരിശുവരച്ച് എബി ബെഡിൽ നിന്നും എഴുന്നേറ്റ് മൊബൈൽ എടുത്തുനോക്കി.
സമയം അഞ്ചേമുക്കാൽ കഴിഞ്ഞിരിക്കുന്നു.

“ഇനി കിടന്നാൽ ശരിയാകത്തില്ല.”
എബി എഴുന്നേറ്റ് മുറിയുടെ ജാലകപാളികൾ തുറന്നു. ഉദയസൂര്യൻ ഉണർന്നിട്ടില്ല എങ്കിലും ചുറ്റും വെളിച്ചമുണ്ട്. വെളുത്ത പുകപോലെ മഞ്ഞ് ഒഴുകിനടക്കുന്നു.