അന്ന – 2 129

“ഇല്ലാ, റോസിന്റെ മണമാണ്.”

എബി തല തോർത്തുമുണ്ടുകൊണ്ട് തുടച്ച് പുറത്തേക്ക് ഇറങ്ങി.

ബാത്ത്റൂമിൽനിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ നേരത്തെ അനുഭവപ്പെട്ട ചന്ദനത്തിരിയുടെ ഗന്ധം പിന്നെ അവന് ആസ്വദിക്കാൻ കഴിഞ്ഞില്ല.

“ഞാനെവിടെയോ വായിച്ചിട്ടുണ്ട്. ആത്മാക്കളുടെ സാന്നിധ്യം ഉള്ളിടത്ത് ഇതുപോലെ മുറിയിൽ ഇല്ലാത്തവസ്തുക്കളുടെ, പൂക്കളുടെ നല്ല ഗന്ധം അനുഭവപ്പെടുമെന്ന് ശരിയാണോ?. ഇനിയതല്ലെങ്കിൽ ആ ചന്ദനത്തിരിയുടെ മണം എവിടെനിന്നാണ്?”
എബി മുറിയുടെ നാലുകോണിലേക്കും സൂക്ഷ്മമായി കണ്ണോടിച്ചു.

“ഇല്ലാ, അസ്വാഭാവികമായി ഒന്നുമില്ല. ചിലപ്പോൾ എന്റെ തോന്നലാകാം.”

മേശപ്പുറത്തിരിക്കുന്ന കുപ്പിയിൽനിന്ന് ഒരുകവിൾ വെള്ളമെടുത്തുകുടിച്ച് എബി ഉറങ്ങാൻ കിടന്നു.

ആ രാത്രിയിലും അവന്റെ സ്വപ്നത്തിലേക്ക് അവൾ കയറിവന്നു. മഞ്ഞുമൂടിയ താഴ് വര, തണുത്ത കാറ്റ്, വെളുത്ത ഫ്രോക്ക് ധരിച്ച് ആ പെൺകുട്ടി അവനെതന്നെ ഇമവെട്ടാതെ നോക്കിനിൽക്കുന്നു. ഇത്തവണ എബി അവളുടെ മുഖം വ്യക്തമായി കണ്ടു.
ഒറ്റനോട്ടത്തിൽ ഇരുപത്തിരണ്ടോ ഇരുപത്തിനാലോ വയസുമാത്രം തോന്നിക്കുന്ന നല്ല ഭംഗിയുള്ള കുഞ്ഞുമുഖം. അവളുടെ ഇടത്തെ പുരികത്തിന് ചെറിയ പൊട്ടലുണ്ട് ആ വിടവ് വളരെ വ്യക്തമായി കാണാം. ചിലപ്പോൾ എന്തെങ്കിലും അപകടം നടന്നതിന്റെ സൂചനയാകാം. ഫ്രോക്കിനൊപ്പം ഇളങ്കാറ്റിൽ അവളുടെ മുടിയിഴകൾ പാറിക്കളിക്കുന്നുണ്ടായിരുന്നു. നിലാവിന്റെ നീലവെളിച്ചം ആ താഴ് വരമുഴുവൻ വ്യാപിച്ചു. എബി പതിയെ അവളുടെ അരികിലേക്ക് നടന്നു. പക്ഷെ ഇത്തവണ അവന് തെല്ലൊരു ഭയംപോലുമുണ്ടായിരുന്നില്ല എന്നത് സത്യമായിരുന്നു.

“അല്ലെങ്കിലും ഞാനെന്തിന് പേടിക്കണം.”
അവൻ ധൈര്യം സംഭരിച്ച് മുന്നോട്ട് നടന്നു.
കോടമഞ്ഞ് മൂടിയ ആ വനഭൂമിയിൽ അവൻ ഒറ്റയ്ക്കാണെന്ന സത്യം തിരിച്ചറിയാതെ.

“താനേതാ? എന്തിനാ എന്നെ പിന്തുടരുന്നത്?”

മറുപടിയായി അവൾ ഒന്നുപുഞ്ചിരിക്കുക മാത്രമേ ചെയ്തൊള്ളൂ.