പക്ഷെ യാതൊരു മുഖഭേദവും വരാതെ.. “ആദ്യം നിന്നെ പഠിക്കട്ടെ.. എന്നിട്ടെഴുതാം ” എന്ന് പറഞ്ഞു ഗൗരി മുറി വിട്ടു പോയി…
തുടർന്നുള്ള ദിവസങ്ങളിൽ കൃത്യമായി പറഞ്ഞാൽ 10 ദിവസം ഗൗരി എന്നെ കാണാൻ വന്നു.. ഞാൻ പോലുമറിയാതെ എന്റെ കഥകൾ ഓരോന്നായി ചികഞ്ഞെടുത്തു… അനാഥയായ എന്നെ റാണിയമ്മ ദത്തെടുത്തത് മുതൽ അന്ന് വരെയുള്ള കാര്യങ്ങളും ഗൗരി കവർന്നു..
പക്ഷെ ഒരിക്കൽ പോലും ഗൗരി എന്റെ ശരീരത്തിൽ സ്പർശിച്ചില്ല..
എന്റെ മനസ് കീഴടക്കിയ ഗൗരിയെ പൂർണ മനസോടെ തൃപ്തിപ്പെടുത്താൻ ഞാൻ തീരുമാനിച്ചെങ്കിലും നിരാശയിൽ മടങ്ങേണ്ടി വന്നു.. പക്ഷെ എന്റെ ശരീരവും മനസും അവനായി കൊതിച്ചു…
ദിവസങ്ങൾ കഴിയുന്തോറും അവനുമായി ഞാൻ കൂടുതൽ അടുത്തു.. ആരാരും തൊടാതെ എന്റെ ശരീരം 10 ദിവസം പിന്നിട്ടു..
പെട്ടെന്നൊരു ദിവസം അവൻ വരാതെയായി..
ഒരുപാട് നേരം ഞാൻ നോക്കിയിരുന്നു.. പക്ഷെ…
ഞാനൊരു ഭ്രാന്തിയായി മാറുന്ന പോലെ എനിക്ക് തോന്നി.. അവനില്ലാതെ എനിക്ക് ജീവിക്കാനാകാത്ത അവസ്ഥ..
തലവേദന ആണെന്ന് പറഞ്ഞു വന്ന ആൾക്കാരെ ഞാൻ തിരിച്ചു വിട്ടു കതകും അടച്ചിരുന്നു ഒരുപാട് കരഞ്ഞു…
അല്ലെങ്കിലും എന്നെപോലെയുള്ള ഒരു പെണ്ണ് എന്ത് കണ്ടിട്ടാണ് അവനെ സ്നേഹിക്കുന്നത്… ഒരു ഭാര്യ ആവാനുള്ള യോഗ്യത എന്നേ നഷ്ടപ്പെട്ടതാണ്.. താലി വിധിച്ചിട്ടില്ലാത്ത ഒരു കൂട്ടം പെണ്ണുങ്ങൾ… അതാണ് റാണി മഠം.
ഞാൻ എന്നെത്തന്നെ പറഞ്ഞു തിരുത്തി അടുത്ത ആൾക്കായി വാതിൽ തുറന്നു കൊടുത്തു..
“അമ്മുവില്ലേ അകത്ത്…
കുളി മുറിയിലായിരുന്നിട്ട് പോലും ഗൗരിയുടെ ശബ്ദം ഞാൻ വ്യക്തമായി കേട്ടു..
മനസ്സിൽ ഒരായിരം പെരുമ്പറകൾ ഒരുമിച്ചു കൊട്ടി..
പെട്ടെന്ന് കുളിച്ചു തീർത്തു ഒരു ടവൽ മാത്രം ഉടുത്തു വന്ന എന്നേ നോക്കി ഗൗരി ബെഡിൽ ഇരിപ്പുണ്ടായിരുന്നു..
മുഖത്തു ആകെ ഒരു സന്തോഷം… ഡ്രസ്സ് ഇട്ടു പുറത്തേക്കു വാ എന്നുപറഞ്ഞു ഗൗരി ഇറങ്ങിപ്പോയി.
ഞാൻ ചെല്ലുമ്പോൾ റാണിയമ്മയും അവനും സംസാരിച്ചിരിപ്പുണ്ടായിരുന്നു..
ചെന്നപാടെ റാണിയമ്മ എന്നോട് പറഞ്ഞു
“അമ്മു… ഗൗരിക്ക് നിന്നെ കല്യാണം കഴിക്കണമെന്ന പറയുന്നേ… എന്താ നിന്റെ അഭിപ്രായം..
പെട്ടെന്ന് കേട്ടപ്പോൾ ശ്വാസം നിലച്ചവളെ പോലെ ഞാൻ നിന്നു… കരച്ചിലടക്കാൻ പാട് പെട്ടുകൊണ്ട് ഞാൻ മുറിയിലേക്ക് ഓടി..
തലയണിയിൽ അമർന്നു കരഞ്ഞു കൊണ്ടിരുന്ന എന്റെ മേലെ ഗൗരിയുടെ കൈ പതിച്ചപ്പോൾ ഒരായിരം മഞ്ഞു തുള്ളികൾ വീഴുന്ന സുഖം തോന്നി..
അവൻ എന്നേ ആദ്യമായി തൊട്ടു…
“അമ്മു… നീ പേടിക്കണ്ട.. നിന്നെപ്പോലെ ഞാനും ഒരു അനാഥനാണ്.. നിന്നോടുള്ള സിമ്പതി കൊണ്ടല്ല നിന്നെ ഞാൻ കല്യാണം കഴിക്കാം എന്ന് പറഞ്ഞത്… നിന്നെ ഒത്തിരി ഇഷ്ടമായിട്ടാ.. എന്നേ നിനക്ക് ഇഷ്ടായെങ്കിൽ എന്റെ കൂടെ പോന്നോളൂ.. ഞാൻ നോക്കികൊള്ളാം..
കേൾക്കുന്നത് സത്യമാണോ അതോ സ്വപ്നമാണോ എന്നറിയാതെ ഞാനവന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞു… ആദ്യമായി ഒരാണിന്റെ ഹൃദയത്തിന്റെ ചൂട് ഞാനറിഞ്ഞു……