” എങ്കിൽ നീ ഗായത്രീ മേഡത്തെ വന്നു കാണൂ “
“നാളെയാവട്ടെ വരാം “.
അവരുടെ സംസാരം ശ്രദ്ധിച്ചിരുന്നതേയുളളൂ ഞാൻ. സ്വാതിയെ വിട്ട് ഞങ്ങൾ യാത്ര തിരിച്ചു.
ജോണ്ടി സീറ്റിൽ ചാരിയിരുന്നുറക്കമായി.അരവി ശബ്ദം കുറച്ച് വെച്ച ഗസലിൽ പോലും എനിക്ക് ദേഷ്യം തുടങ്ങി. ഞാനത് ഓഫ് ചെയ്തു.മഴ ചെറുതായി തുടങ്ങി.
ഇടയ്ക്ക് അരവിയുടെ ഫോണിൽ വന്ന മെസ്സേജിന്റെ ശബ്ദം മാത്രം.നഗരത്തിൽ നിയോൺ ബൾബുകൾ പ്രകാശിച്ചു തുടങ്ങി. നിയോൺ വെളിച്ചത്തിൽ ചെറുമഴനൂലുകൾ തിളങ്ങി.
ഞാനൊന്നു മയങ്ങിയുണർന്നപ്പോൾ സോനയുടെ ലാബിൽ മുമ്പിൽ പാർക്ക് ചെയ്തിരിക്കയാണ് കാർ. പിൻസീറ്റിൽ ജോണ്ടി അപ്പോഴും ഉറക്കം. അൽപസമയത്തിനു ശേഷം ഇരു കൈകളിലും ഗ്ലൗസണിഞ്ഞ് സോന അരവിന്ദിനൊപ്പം പുറത്തിറങ്ങി വന്നു. ഞാനും പുറത്തിറങ്ങി.
“നീയങ്ങു ക്ഷീണിച്ചല്ലോ വേദാ?”
” ഓട്ടമല്ലേ സോന, “
” ഓട്ടത്തിന്റെ കാര്യം ഞാൻ അറിഞ്ഞു, ഒറ്റയ്ക്ക് ടൂറ് പോകാൻ നിനക്ക് വട്ടായോ വേദ ?”
“വട്ടെനിക്ക് പണ്ടേയുള്ളതല്ലേ, നിന്നെപ്പോലെ എനിക്ക് കൂട്ട് വരാൻ കെട്ടിയോനില്ലല്ലോ”
“ഇവനെ കൂട്ടീട്ടു പോകാമല്ലോ?’
അവൾ അരവിയെ ചൂണ്ടി പറഞ്ഞു.
“എന്തിനാ സോന ഉള്ള മന:സമാധാനം കളയാനോ ?”
സോനയുടെ സ്വതസിദ്ധമായ പൊട്ടിച്ചിരിയിൽ അരവി പറഞ്ഞ വാക്കുകൾ ലയിച്ചു പോയി.
” വേദ നീയാ ഡയറി താ. ഞാനാ ബ്ലഡ് ഗ്രൂപ്പ് നോക്കാം”
അവളുടെ വാക്കുകളിൽ നിന്നും അരവി എല്ലാം പറഞ്ഞിട്ടുണ്ടെന്ന് മനസ്സിലായി.വളരെ വേഗത്തിൽ ഞാൻ ബേഗിൽ നിന്നും ഡയറി എടുത്തു കൊടുത്തു.
“സോന ഡയറി ഒരു കാരണവശാലും മിസ്സാവരുത്.”
“ഇല്ലെടീ നീ ധൈര്യമായിട്ട് പോ. ഞാൻ വിളിക്കാം നിങ്ങളെ “
കാറിനടുത്തെത്തിയ അരവി വീണ്ടും സോനയുടെ അടുത്തേക്ക് ചെന്നു.പാൻസിന്റെ പോക്കറ്റിൽ നിന്നും ഒരു വിരലിനത്രയുള്ള ഒരു ചെറിയ കുപ്പി എടുത്ത് സോനയ്ക്ക് കൊടുത്തു.
കാറിൽ കയറിയ പാടെ അരവിയുടെ ഫോൺ ശബ്ദിച്ചു.
nice ❣