ഉദയനായിരുന്നു താരം [Dinesh Vasudevan] Like

ശനി.

ശനിയിലായിരുന്നു ജനനം. ഒരു ജൂലൈ മാസം 26 ന്.  ജനിച്ചത് മൂന്നാമത്തെ പുത്രനായി.

സംഖ്യാശാസ്ത്രം 8.

നക്ഷത്രവും 26-മത്തേത് ഉതൃട്ടാതി.2+6=8

ജനിച്ചപ്പോഴേ മുത്തശ്ശി വിധിയെഴുതി: അനുസരണ കെട്ടവൻ.

ഞാൻ അങ്ങനെ വളർന്നുകൊണ്ടിരുന്നപ്പോൾ മുത്തശ്ശിയുടെ അഭിപ്രായത്തിന് മാറ്റം വന്നു തുടങ്ങി.

അന്ന് മുത്തശ്ശി പറഞ്ഞിരുന്നത്: തന്തേല കഴുവേറി!

മുത്തശ്ശി എങ്ങനെ പറയാൻ തക്കതായ കാരണവും ഉണ്ടായിരുന്നു.

അവർ കിടക്കയിൽ ഒളിപ്പിച്ചു വച്ചിരുന്ന നാണയത്തുട്ടുകൾ ഞാൻ യഥേഷ്ടം മോഷ്ടിക്കാറുണ്ടായിരുന്നു.

സ്കൂളിൽ എല്ലാ ടീച്ചേഴ്സിന്‍റെയും കൈയിൽനിന്ന് എല്ലാ മാസവും ഏറ്റവും കൂടുതൽ ചൂരൽ പ്രയോഗത്തിനു

വിധേയനാകുന്നതും ഞാൻ തന്നെയായിരുന്നു.

അതിൽ ഗണിതശാസ്ത്രം പഠിപ്പിച്ചിരുന്ന രവി സാറായിരുന്നു ഏറ്റവും മധുരമുള്ള തല്ലുകൾ തന്നിരുന്നത്.

തലയിൽ ഒട്ടും രോമമില്ലാത്ത ഉരുണ്ട കണ്ണുകളും കട്ടി മീശയുമുള്ള അയാൾ എനിക്കൊരു പിശാചിനെ പോലെയാണ് തോന്നിയിരുന്നത്.

നിക്കർ താഴേക്ക് താഴ്ത്തി പുറം ചന്തിക്ക് മൂന്നടി. അതായിരുന്നു ആ കണക്കുസാറിന്റെ ഒരു കണക്ക്.

എന്നെ ഏറ്റവും കൂടുതൽ തല്ലിയിട്ടുള്ളതും രവിസാർ ആയിരുന്നു.

തീ പൊള്ളിയാൽ ഇത്രയും മധുരം കാണില്ല.

ആദ്യമൊക്കെ വല്ലപ്പോഴും മാത്രം തല്ലിയിരുന്ന ആൾ പിന്നെ എനിക്ക് തല്ലുകളുടെ എണ്ണം കൂട്ടുവാൻ തുടങ്ങി.

അയാൾ എന്നെ അങ്ങനെ തല്ലുവാനും ഒരു കാരണമുണ്ടായിരുന്നു.

ഒരു ദിവസം കണക്ക് തെറ്റിച്ചതിന് എന്റെ ചന്തിയിൽ മൂന്നടിയടിച്ച രവി സാറിന്റെ കാർട്ടൂൺ ചിത്രം പിറ്റേന്ന് രാവിലെ അയാൾ എത്തും മുൻപ്  ചോക്കുകൊണ്ട് ഞാൻ ബോർഡിൽ വരച്ചുവച്ചു.

ഞാൻ പ്രതികാരം ചെയ്തല്ലോ എന്ന ഭാവേന കൂട്ടുകാർക്കിടയിൽ ഞെളിഞ്ഞുനിന്നു.

അന്നെനിക്ക് നല്ല ശകാരവും, കൂടെ ചെവി കിഴിക്കും കിട്ടി.

പിന്നീട് അയാളിൽ നിന്ന് മസാമാസം ലഭിച്ചിരുന്ന അടികൾ എല്ലാം ബോണസോടുകൂടി ആയിരുന്നു കിട്ടിയിരുന്നത് .

അങ്ങനെ ടീച്ചർമാരിൽ നിന്നും അടികൊണ്ടു കൊണ്ട് എന്റെ ചന്തി തുടകൾ കൈപ്പുറങ്ങൾ കൈവെള്ള എന്നീ ഭാഗങ്ങൾ പതുക്കെ പതുക്കെ മരവിച്ചു തുടങ്ങി.

ആകെ കിട്ടിയ ലാഭം ഒരിക്കലും ഞാൻ കരയാൻ മിനക്കെടാറില്ല എന്നതായിരുന്നു.

എന്റെ വീട്ടിൽ നിന്നും സ്കൂൾ വളരെയേറെ ദൂരം ആയിരുന്നതിനാൽ വീടിനടുത്തുള്ള സഹപാഠികൾ വളരെ കുറവായിരുന്നു.

അതുകൊണ്ട് എനിക്ക് തല്ലു കിട്ടുന്ന വിവരങ്ങളിൽ അധികമൊന്നും വീട്ടിൽ അറിഞ്ഞിരുന്നില്ല. വീട്ടിൽ അറിഞ്ഞിരുന്നുവെങ്കിൽ അമ്മയുടെ ശകാരങ്ങളും ചിലപ്പോൾ തല്ലും കിട്ടുമായിരുന്നു.

തല്ലു കൊണ്ടുവരുന്ന ചില ദിവസങ്ങളിൽ ഞാൻ ഭക്ഷണം കഴിക്കാതെ കിടന്നുറങ്ങി കളയും. അത് അമ്മയ്ക്ക് വളരെ വിഷമമുള്ള കാര്യമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *