ഞങ്ങളുടെ ഗ്രാമത്തിന് കുറുകെ ഒഴുകുന്ന ഒരു പുഴയാണ് കുറുമാലിപ്പുഴ, ഒരുപാട് ദേശങ്ങൾ തഴുകിയാണ് ആ പുഴ ഒഴുകുന്നത്. അതിൽ ഒരു ദേശമാണ് മറവാഞ്ചേരി,
ഞങ്ങളുടെ അയൽ ദേശമായ മറവാഞ്ചേരിയിൽ ആണ് എന്റെ ചങ്ങാതിയായ അഖിൽ താമസിക്കുന്നത്, പുഴയുടെ തൊട്ടടുത്താണ് അഖിലിന്റെ വീട്, അടുത്തുതന്നെ ശിവക്ഷേത്രം ഉള്ളതുകൊണ്ട് ബലിതർപ്പണത്തിന് എല്ലാ ഭക്തജനങ്ങളും ആ പുഴയിലേക്കാണ് വരുന്നത്, അതുകൊണ്ടുതന്നെ സന്ധ്യയായി കഴിഞ്ഞാൽ പുഴക്കരയിൽ താമസിക്കുന്ന ആരും അധികം പുറത്തേക്കിറങ്ങാറില്ല…
ഞങ്ങൾ ഒരു ഏഴാം ക്ലാസിൽ പഠിക്കുന്ന സമയം പ്രേത കഥ പറഞ്ഞ് ഞങ്ങളെ പേടിപ്പിക്കുന്നതാണ് അഖിലിന്റെ മെയിൻ ഹോബി.
ഞങ്ങളെ പേടിപ്പിക്കുക മാത്രമല്ല ആശാനും ഉള്ളിൽ ഭയങ്കര പേടിയാണ്, വൈകുന്നേരം ആറുമണി കഴിഞ്ഞാൽ അവനു പുറത്ത് പോകണമെങ്കിൽ ആരുടെയെങ്കിലും സഹായം വേണം.
പ്രേതത്തോടുള്ള അവന്റെ വല്ലാത്ത പേടി കാരണം അവന്റെ അച്ഛമ്മ അവന് പ്രേതങ്ങളിൽ നിന്ന് രക്ഷപെടാൻ ഒരു ഉപായം പറഞ്ഞു കൊടുത്തു.
” പ്രേതങ്ങളെ നേരിൽ കാണുകയാണെങ്കിൽ കണ്ണടച്ചു പിടിച്ചു അറിയുന്ന തെറി വിളിച്ചു പറയുക പ്രേതങ്ങൾ നിന്റെ ഏഴു അയലത്തു വരില്ല “..
എഴുപതിനോട് അടുത്ത് പ്രായം ഉള്ള അച്ഛമ്മ കൊച്ചുമകന്റെ പേടി മാറാൻ വെറുതെ പറഞ്ഞു കൊടുത്തതാകാം. എന്തായാലും അത് അവന്റെ മനസ്സിന് കുറച്ചു ധൈര്യം കൊടുത്തു.
ഒരു ദിവസം രാത്രി ഏതാണ്ടൊരു പന്ത്രണ്ട് മണി ആയിക്കാണും അഖിലിന് ഭയങ്കര മൂത്ര ശങ്ക,ഒറ്റക്ക് പുറത്ത് പോകാൻ അത്രക്കും ധൈര്യം പോരാ.. അവനൊരു ഉപായം കണ്ടെത്തി ജനലിന്റെ ഉള്ളിൽ കൂടി പുറത്തേക്ക് കാര്യം സാധിക്കുക തന്നെ ആരും കാണാനുമില്ല അറിയാനുമില്ല.
അവൻ വേഗം എഴുനേറ്റ് ജനലിന്റെ കർട്ടൻ മാറ്റി ജനാല പതിയെ തുറന്നു, കാര്യം സാധിക്കുന്നതിന് മുൻപ് ഒന്ന് പുറത്തേക്ക് നോക്കിയതാ വീടിന്റെ സൈഡിൽ വച്ചിരുന്ന രണ്ട് നേന്ത്ര വാഴയുടെ ഇടയിൽ നിന്നും വെളുത്ത അവ്യക്തമായ രൂപം താഴെ നിന്ന് മുകളിലേക്കു ഉയർന്നു വരുന്നതാണ് അവൻ കണ്ടത്.
പേടിച്ച് കണ്ണ് പുറത്തേക്ക് തള്ളിയ അവന്റെ ടൗസറിലൂടെ മൂത്രം അറിയാതെ പോയി, എന്ത് ചെയ്യണം എന്ന് അറിയാതെ പേടിച്ചു വിറങ്കലിച്ചു നിന്ന അഖിലിന് പെട്ടെന്ന് അച്ഛമ്മ പറഞ്ഞു തന്ന ഉപായം ഓർമ്മ വന്നു..
പിന്നെ ഒന്നും ചിന്തിച്ചില്ല കണ്ണുകൾ മുറിക്കി അടച്ചു വച്ച് അറിയുന്നതും അറിയാത്തതുമായ പച്ച തെറികൾ വിളിച്ചു പറഞ്ഞു, കൊടുങ്ങലൂർ ഭരണിയെ തോൽപ്പിക്കുന്ന തരത്തിലുള്ള തെറികൾ പറഞ്ഞുകൊണ്ട് കണ്ണ് പോലും തുറക്കാതെ കട്ടിയുള്ള പുതപ്പ് തലവഴി മൂടി അവൻ കിടന്നു…
