ചുവന്നുടുപ്പ് 16

Chuvanna Uduppu by Nijila Abhina

“അമ്മേ എനിക്കൊരു ചൊമന്നുടുപ്പ് വാങ്ങിച്ചെരോ… ”

കുണുങ്ങിക്കൊണ്ടുള്ള ആമീടെ ചോദ്യം ഇന്നുമെന്റെ മനസിലുണ്ട്…..

“എന്തിനാപ്പോ എന്റാമിക്കുട്ടിക്ക് ചൊമന്നുടുപ്പ്…. ഇപ്പൊ ഇട്ടിരിക്കുന്നതും ചുവന്നുടുപ്പല്ലേ…. ”

“അതിനിത് എന്റടുപ്പല്ലാന്ന്‌ നന്ദിനിക്കുട്ടി പറഞ്ഞല്ലോ….. എല്ലാർടേം മുന്പില് വെച്ചവളു പറയ്യാ നന്ദിനിക്കുട്ടീടെ അമ്മ തറ തുടയ്ക്കാനിട്ട പഴെയുടുപ്പ് അമ്മ എടുത്തോണ്ടന്നയാന്ന്‌…. ”
‘ആണോമ്മേ ‘

വിങ്ങിപ്പൊട്ടി നിൽക്കുന്നയാ മുഖം ചേർത്തു പിടിക്കുമ്പോൾ എന്റെ കണ്ണും നിറഞ്ഞിരുന്നു…..

“അയ്യേ എന്റെ മോളെന്തിനാ കരേണെ….. അത് മോള്ടെ കുഞ്ഞേച്ചീടെ ഉടുപ്പാ നന്ദിനിക്കുട്ടിക്ക് മാറി പോയതാവും… മോൾക്കിഷ്ടല്ലേ കുഞ്ഞേച്ചിയെ പിന്നെന്ത…. ഇനീപ്പോ എന്റെ മോള് കരയണ്ടാട്ടോ നമുക്ക് അക്കരെ കാവിലെ ഉത്സവത്തിന് പുത്യടുപ്പ് വാങ്ങാ”

“എന്നാ ചൊമന്നുടുപ്പ് വാങ്ങിച്ചു തരണേ…. നന്ദിനിക്കുട്ടിക്ക് ഒരുപാട് ചൊമന്നൂടുപ്പുണ്ട് അവൾടച്ചന് ഒരുപാടിഷ്ടാത്രെ അത്.. എന്റച്ഛനും ഇഷ്ടാവും അല്ലെമ്മേ…..

” ഉം ”

മൂളാൻ മാത്രമേ എനിക്കായുള്ളു….

അല്ലെങ്കിലും അച്ഛനെപ്പറ്റിയവൾ ചോദിക്കുമ്പോഴൊക്കെയും തനിക്ക് ഉത്തരം മുട്ടാറാണല്ലോ പതിവ്…..

പിന്നീടും പല തവണയവൾ ചോദിച്ചിട്ടുണ്ട് അച്ഛനെപ്പറ്റി. അപ്പോഴൊക്കെയും അച്ഛൻ മോള്ടെ കുഞ്ഞേച്ചീടെ ഒപ്പമാണെന്നും പിന്നീടൊരിക്കൽ മോളെ കാണാൻ വരുമെന്നും പറഞ്ഞൊഴിഞ്ഞു…..

കുഞ്ഞേച്ചിയോടുള്ളയിഷ്ടമെന്താമ്മേ എന്നോടില്ലാത്തെ എന്റടുത്തു മാത്രമെന്താ അച്ഛൻ വരാത്തെയെന്നയവളുടെ ചോദ്യത്തിന് ചേർത്തു പിടിച്ചൊരു മുത്തം കൊടുക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ….