“ഒട്ടും വയ്യ പൊന്നുവേ…, ഒന്ന് ഇത്രേടം വരെ വരുവോ ടാ…? ഒറ്റക്ക് വരാൻ ആവൂല്ലടാ…!”
“വാവേ… ഞാൻ ദേ വരണ്… പോവണ്ടാന്ന് പറഞ്ഞാൽ കേക്കത്തുമില്ല…”
ഫോണും കട്ടാക്കി ഞാനിറങ്ങി… പനിയൊക്കെ പിടിച്ചപ്പോ കോവിലകത്തെ ഭാഷ വരെ എന്റെ കീത്തു പറഞ്ഞു… ഇത്രേടം വരെ…! ആ അവസ്ഥയിലും ചിരി വന്ന് പോയി…
ജല്ലജലാലൂ….
“ചേട്ടാ ഒന്ന് wait ചെയ്യണേ…!”
ഓട്ടോക്കാരനോട് അത്ര മാത്രം പറഞ്ഞ് ഞാൻ ഫാർമസിയിലേക്കോടി…
പാവം., തളർന്ന് വാടി ചെയറിൽ കാലിന് മുകളിൽ തലയും ചാച്ച് ഇരിക്കുന്നത് കണ്ട്, ഉള്ളൊന്ന് ആളിയിരുന്നു…
“കീത്തുവേ…”
എന്നെ കണ്ട് ചിരിക്കാൻ നോക്കിയെങ്കിലും പനി എന്ന കാലൻ ചുമയിലൂടെ അവളുടെ ചിരിയേ മറച്ചിരുന്നു…
“ദാ പൊന്നാ, പോയി വല്ലോം കഴിച്ചിട്ടും വായോ…!”
ഓഹ് പാസം മൂത്ത് നിക്കുവാ അവൾക്ക്., ആ അവസ്ഥയിലും ബാഗീന്ന് അഞ്ഞൂറിന്റെ നോട്ടെടുത്ത് എന്റെ നേരെ നീട്ടി.
“സമ്മതിച്ച്, നീ അംബാനിയുടെ മോള് തന്നെയാ…!”
”എന്താ…?”
“നീ ഇങ്ങോട്ട് വന്നേ… ഓട്ടോ അവിടെ wait ചെയ്യുവാ…”
“ഉച്ചക്കത്തേക്ക് ഒന്നും വീട്ടിൽ ഇരുപ്പില്ല പൊന്നാ… നിനക്ക് വല്ലോം കഴിക്കണ്ടേ…?”
“ദാണ്ട് പെണ്ണേ… ഹോസ്പിറ്റൽ ആണെന്നൊന്നും ഞാൻ നോക്കൂലാ, ഇങ്ങോട്ട് വന്നേ നീ…”
“അതേ ഡോക്ടർ എഴുതിയിരിക്കുന്ന ഗുളികയാണേ., കഞ്ഞി കൊടുത്തിട്ട് കഴിപ്പിച്ചേക്കണേ…!”
“അഹ്…!”
ഫാർമസിക്ക് അകത്ത് നിന്നും അതും വാങ്ങി, കീത്തുനേം പിടിച്ച് ഞാൻ ഓട്ടോക്ക് അടുത്തേക്ക് നടന്നൂ…
“വാ പയ്യെ കേറ്…!”
അവളേം ആദ്യം കേറ്റിയിരുത്തി ഞാനുമിരുന്നു. വീട് എത്തും മുന്നേ തന്നെ അടുത്തുള്ള കടയിൽ കേറി ഒരു കവറ് പൊടിയരിയും വാങ്ങിയിരുന്നു…!
“വാ കേറ്…”
ഓട്ടോക്കുള്ള പൈസയും കൊടുത്ത് അവളേം കൊണ്ട് അകത്തെ മുറിയിലേക്ക് പോയി.
“മര്യാദക്ക് ഞാൻ പറഞ്ഞതാ, ഇന്ന് ലീവ് എടുക്കെന്ന്… അതെങ്ങനെ പറഞ്ഞാ കേക്കണം…! മൂത്തവര് ചൊല്ലും ആനപുളിഞ്ചിക്ക, ആദ്യം പുളിക്കും പിന്നെ മധുരിക്കും…”
പിണക്കം നടിച്ച് ഞാൻ തിരിയുമ്പോ കണ്ടിരുന്നു, എന്റെ പരാക്രമങ്ങൾ ഒക്കെയും കണ്ടുള്ള അവളുടെ കുഞ്ഞു ചിരി…!
“കിടന്നോ കീത്തുവേ… ഞാൻ പോയി കഞ്ഞി ഉണ്ടാക്കാം…!”
“പൊന്നുവേ…”
“പേടിക്കണ്ട ടി… നീ ഉണ്ടാക്കും പോലെ രുചി ഉണ്ടാവോന്നറിയില്ല, എങ്കിലും വായില് വക്കാനൊക്കെ പറ്റും…!”