കൈയിലിരുന്ന ഫോൺ വിറയലോടെ താഴേക്ക് പതിച്ചിരുന്നു. ഒരു ഞെട്ടലോടെ അവളെന്നെ നോക്കി, എനിക്കും എന്താ നടക്കുന്നേന്ന് മനസ്സിലായിരുന്നില്ല.
“പ്രേമിച്ചിട്ടുണ്ടോ നിങ്ങൾ…?”
ഞെട്ടൽ മാറുമ്പോ അവളാദ്യം തിരക്കിയത് അതാണ്. നിലത്ത് വീണുടഞ്ഞു പോയ ഫോൺ കൈയേൽ എടുത്തവൾ ഒരുവേള എന്നെ നോക്കി, എന്റെ മറുപടി എന്തന്നറിയാൻ. ചെറു ചിരിയാൽ ഇല്ലാ എന്നർഥത്തിൽ തലയാട്ടുമ്പോ അവിടേം ചിരി തന്നാണ്…!
“ശെരിക്കും പ്രേമിക്കാതിരിക്കുന്നത് തന്നാ എല്ലാർഥത്തിലും നല്ലത്…! കാഴ്ച പോലും നഷ്ടപ്പെട്ട് പോവും. ഒരേ ഒരാൾക്ക് വേണ്ടി ഉഴിഞ്ഞ് വച്ചതാണീ മനസ്സും ശരീരവും., എന്നാ അതേ ആളാൽ തന്നെ എന്റെ ശരീരം എല്ലാരും കണ്ടൂ. കാരണം എന്താ…? ന്റെ… കാഴ്ചയില്ലായ്മ…!”
കണ്ണ് നിറഞ്ഞത് എന്നെ കാണിക്കാതിരിക്കാനാവാം, അവൾ തിരിഞ്ഞ് കളഞ്ഞതും.
“എന്റെ ശരീരം കാണാത്ത ആരേലും ഉണ്ടാവോ…? ചിലപ്പോ… ചിലപ്പോ നിങ്ങളും…?”
തകർന്നിരുന്ന് പോയവൾ, കൈകളാൽ സ്വയം മുടിയെ പറിച്ചെടുത്തു.,
“എനിക്കെന്നോട് തന്നിപ്പോ വെറുപ്പാ., ഈ ശരീരത്തോട് അറപ്പാ. പണ്ടേക്ക് പണ്ടേ ചാവുമായിരുന്നു, പക്ഷെങ്കി അച്ഛനും അമ്മയും ഒറ്റക്കായി പോവും. അതാ… ആ കാരണം കൊണ്ട് മാത്രാ ഈ പിഴച്ചവൾ ഇങ്ങനെ ഭൂമിക്ക് ഭാരായി ജീവിക്കണേ…!”
കണ്ണുനീരിനെ വാശിയോടെ തുടച്ച് കളഞ്ഞവൾ എഴുന്നേറ്റു., ആ മുഖത്ത് ഉണ്ട് അവളെടുക്കാൻ പോവുന്ന തീരുമാനം…!
“മനസ്സ് കൊണ്ട് പോലും ചതിക്കാൻ ആഗ്രഹിക്കുന്നില്ല, നല്ലൊരു ജീവിതം നിങ്ങൾക്കുണ്ട്. എന്നെ ഇഷ്ട്ടായില്ലാന്നോ, വേണ്ടാന്നോ പറഞ്ഞേക്ക്. ദൈവത്തെ ഓർത്ത് ഞാനീ പറഞ്ഞതൊന്നും എന്റെ അച്ഛനുമമ്മയും അറിയരുത്, അപേക്ഷയാണ്…!”
കൈകൾ കൂപ്പി എന്റെ മുന്നിലവൾ കേണപേക്ഷിക്കുമ്പോ, ഒന്നാശ്വസിപ്പിക്കാനോ ചേർത്ത് പിടിക്കാനോ എനിക്കയില്ല. കാരണം ഇപ്പൊ ഞാനവൾക്ക് ആരാന്നുള്ള ചോദ്യം തന്നെ…!
“എനിക്കും താഴെ ഒരാളുണ്ടായിരുന്നു, മാളൂട്ടി…! കുഞ്ഞുനാളിലെ കുറുമ്പി ആയിരുന്നു. പിറന്ന് ആറ് മാസം പ്രായം ഉള്ളപ്പഴാ അച്ഛൻ മരിക്കണേ. പിന്നീട് അവളുടെ ഏട്ടായിയും അച്ഛനുമൊക്കെ ഞാൻ തന്നായിരുന്നു…!”
ഓർത്തെടുക്കുവായിരുന്നു ചെറു നോവോടെ ഞാൻ., ഓർമകളെ…!
“പറഞ്ഞില്ലായിരുന്നോ, കുറുമ്പിയാ…! ഒടുവിൽ കാണിച്ച കുറുമ്പ് ലേശം കൂടിപ്പോയി. ഏട്ടയീടെ നെഞ്ച് കീറിയവൾ സ്വയം ജീവനൊടുക്കി…!”
താണിരുന്ന അവളുടെ ശിരസ്സ് ഒരുവേള ഉയരുമ്പോ, എന്റേത് താണ് പോയിരുന്നു, കണ്ണുനീരിനാൽ…!