മകളെ പറ്റി വേദനിപ്പിക്കുന്ന ഓരോന്ന് പറഞ്ഞത് കൊണ്ടാകാം ആ അമ്മയ്ക്കും ദേഷ്യം വന്നത്. അതിനാൽ തന്നെ ഇരുപതിന്റെ ഒരു നോട്ടും കൊടുത്ത് എന്റെ കൈയേൽ പിടിച്ച് വലിച്ചമ്മ നടന്നിരുന്നു.
ഒരുവേള തിരിഞ്ഞ് നോക്കുമ്പോ ഞാൻ കണ്ടത് എന്നെ തന്നെ നോക്കി കണ്ണുനീർ പൊഴിക്കുന്ന ആ മുത്തശ്ശിയെയാണ്. അതൊരു പക്ഷെ എന്നെ കുറിച്ചോർത്തോ, അതോ അമ്മ ദേഷ്യപ്പെട്ടതിനെ കുറിച്ചോർത്തോ എന്നത് മാത്രം ഇന്നും അറിയില്ല.
മാവേലി സ്റ്റോറിലും കേറി അരിയും മറ്റ് സാധനങ്ങളും ഒക്കെ വാങ്ങി ഇരുട്ട് വീഴുമ്പോഴാണ് പിന്നെ വീട്ടിലേക്ക് എത്തുന്നത്. മനസ്സപ്പോഴും ശാന്തമായിരുന്നില്ല.
“നീയവര് പറഞ്ഞതും ഓർത്ത് ചുമ്മാ, മനസ്സിനെ വിഷമിപ്പിക്കല്ലേടി. കാശിന് വേണ്ടിട്ട് അവരങ്ങനെ ഓരോന്നൊക്കെ പറയും., എനിക്കെന്റെ പഴേ കുറുമ്പീനെയാ ഇഷ്ട്ടം…! വന്നേ…”
വെറുതെ എങ്കിലും അമ്മ പറഞ്ഞത് ഞാനും വിശ്വസിച്ച് പോയി. അന്നാദ്യമായി ആവാം ആ മുത്തശ്ശിയോട് ദേഷ്യം പോലും തോന്നുന്നേ…!
“ഡ്രെസ്സൊന്നും മാറ്റാതെ കേറി കിടന്നോ…?”
“ഇനി പിന്നീട് മാറ്റാമ്മാ…!”
പറഞ്ഞിട്ട് ഞാൻ തിരിഞ്ഞ് കിടന്നു. അറിയാൻ പോകുന്ന വേദന മറന്ന്…!