ഹോസ്റ്റൽ – 1 46

പട്ട് മെത്തമേല്‍ ലാസ്യവതിയായി ബെറ്റി കിടന്നു…
പുറത്ത് ഇളംകാറ്റത്ത് ചാഞ്ചാടിയിരുന്ന വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ മെല്ലെ മെല്ലെ ശക്തമായി ഉലഞ്ഞ് തുടങ്ങി…
കാറ്റിന്‍റെ ശക്തിയില്‍ ചെറുശിഖരങ്ങള്‍ കെട്ടിപ്പുണര്‍ന്ന് കോര്‍ത്ത് കിടന്നു…

സുഖലഹരിയില്‍ കിടന്നിരുന്ന ബെറ്റിയുടെ കണ്ണുകള്‍ തുറിച്ചത് പെട്ടെന്നായിരുന്നു… ശരീരം വലിഞ്ഞ് മുറുകുന്നു…
ആല്‍ബിന് പൈശാചിക ഭാവം കൈവന്ന പോലെ…!!
ശരീരമാസകലം പ്രണന്‍ പോകുന്ന വേദനയ്ക്കിടയില്‍ ആല്‍ബിന്‍റെ മുഖം വികൃതമാകുന്ന കാഴ്ച അവള്‍ ഒരു നടുക്കത്തോടെ കണ്ടു…
ചീഞ്ഞ് തുടങ്ങിയ മാംസത്തിന്‍റെ ദുര്‍ഗന്ധം…

മെല്ലെ ആല്‍ബിന്‍ ജീര്‍ണ്ണിച്ച ഒരു പൈശാചിക ശരീരമായിമാറിയപ്പോഴേക്ക് ബെറ്റിയുടെ ശരീരത്തില്‍ നിന്നും അവസാന തുളളി രക്തവും ആ പൈശാചിക ശരീരം തന്‍റെ ശരീരത്തിലേക്ക് ആവാഹിച്ചിരുന്നു..

*********

നിമ്മി കണ്ണുകള്‍ തുറന്നു…
പുറത്ത് പുലര്‍കാലമായി എന്ന് വിളിച്ചോതുന്ന കിളികളുടെ ചിലമ്പല്‍…
കണ്ണുകള്‍ തിരുമ്മി നിമ്മി ബെറ്റി കിടന്ന കിടക്കയ്ക്ക് നേരെ നോക്കി…

കിടക്ക ശൂന്യം…!!!

മെല്ലെയവള്‍ കണ്ണുകള്‍ അടച്ച് അല്‍പ്പനേരം ധ്യാനനിമഗ്നയായി ഇരുന്നു…

വാതില്‍ തുറന്ന് കിടക്കുന്നത് അവള്‍ ശ്രദ്ധിച്ചു…

`രാവിലെ ബെറ്റിയെവിടെ പോയതാണ്…?’ നിമ്മി ചിന്തിച്ചു…

ഒറ്റദിവസത്തെ പരിചയം മാത്രമാണ് നിമ്മിയ്ക്ക് ബെറ്റിയുമായുളളത്…

ഈ വര്‍ഷം പുതിയതായി തുടങ്ങിയ സ്വാശ്രയ പ്രൊഫഷനല്‍ കോളേജായ സെന്‍റ് സെബാസ്റ്റ്യന്‍സ് ഹില്‍വേ കോളജിലെ ആദ്യബാച്ച് വിദ്യാര്‍ത്ഥിനികളില്‍
രണ്ട് പേരാണ് ബെറ്റിയും നിമ്മിയും..