സ്നേഹനിധി 10

കാത്തിരിപ്പിനൊടുവില്‍ വൈദ്യശാസ്ത്രം കുറിച്ചൊരാ നാളില്‍ വേദനയുടെ കാഠിന്യത്തിലും അവശതയുടെ മൂര്‍ധന്യാവസ്ഥയിലും പ്രസവമുറിയില്‍ ഞാന്‍ പിടഞ്ഞപ്പോള്‍..

പുറത്ത് മനമുരുകി നേദിച്ച പ്രാര്‍ത്ഥനയോടെ കാത്തിരുന്ന അച്ഛന് ആശ്വാസമായത് കൈകളിലേയ്ക്ക് ഇളം ചുവന്ന പുതപ്പില്‍ പൊതിഞ്ഞ കുരുന്നുജീവനെ വെച്ചുനല്‍കിയപ്പോഴാകാം..

ഒടുവില്‍ ഏട്ടനെ അച്ഛന്‍റെ സ്ഥാനത്തിനി കാണണമെന്നും അച്ഛന്‍ കഴിഞ്ഞാല്‍ ഏട്ടനാണിനിയെല്ലാമെന്നെന്‍റെ കൈകളില്‍ പിടിച്ചുകൊണ്ട് അവശതയോടെ പറഞ്ഞപ്പോഴും അറിയാതെപോയി..മരണത്തിലേയ്ക്കുള്ള കാല്‍വെയ്പ്പായിരുന്നൂവതെന്ന്.

മണലാരണ്യത്തിലെ ജീവിതമുപേക്ഷിച്ച് തിരിച്ചെത്തിയിട്ട്‌ ഒന്ന്‍ കണ്‍കുളിര്‍ക്കെ കാണുന്നതിനും മുന്‍പേ.. കണ്ടു കൊതി തീരും മുന്‍പേ ആ ലോകത്തിലേയ്ക്കച്ഛന്‍ നടന്നു.. അവസാനമായൊന്നു കാണാന്‍ പോലും കഴിയും മുന്‍പേ എന്‍റെ ബോധം നശിച്ചിരുന്നു.

വീട്ടിലേയ്ക്ക് വിരുന്നുവരുമ്പോള്‍ ഓടിച്ചെന്ന് കണ്ണുപൊത്താന്‍ തിരികെ മടങ്ങും വരെ ആ സ്നേഹത്തിലലിയാന്‍ ഇനിയെന്‍റെ അച്ഛനില്ല..

അഭിയേട്ടനോട് പിണങ്ങുമ്പോള്‍ അച്ഛനോട് പറഞ്ഞുക്കൊടുക്കുമെന്നു പറഞ്ഞ് ഫോണെടുത്ത് നമ്പര്‍ ഡയല്‍ ചെയ്യുമ്പോള്‍ മറുതലയ്ക്കലില്‍ “അവള്‍ക്ക് രണ്ടെണ്ണം കൂടെ കൊടുക്കെടാ മോനേ” എന്നഭിയേട്ടനോട് പറയാനിനി അച്ഛനില്ല..

ഇന്നേക്ക് പതിനാറുനാള്‍ മുന്‍പ് തെക്കേ തൊടിയില്‍ നിന്ന് വെട്ടിയെടുത്ത മൂവാണ്ടന്‍ മാവിന്‍റെ വിറകുചീളുകള്‍ക്കൊപ്പം എരിഞ്ഞടങ്ങിയ അച്ഛന്‍റെ ഇനിയുമണയാത്ത ഓര്‍മ്മകള്‍ മാത്രമാണിനി ബാക്കി.

ഓര്‍മകളിലാണിനിയച്ഛന്‍. അച്ഛാച്ചനെ പറ്റി ഞങ്ങളുടെ പൊന്നോമനകള്‍ക്ക് പറഞ്ഞുകൊടുക്കുന്ന വാക്കുകളിലാണിനിച്ഛന്‍റെ ജീവിതം.

ബാല്യക്കാലത്തിലച്ഛനോടൊത്തു നീന്തിയ ഈ നിളയില്‍ ഞാനിന്ന്‍ കര്‍മങ്ങള്‍ ചെയ്യുകയാണ്.. മണ്‍മറഞ്ഞ അച്ഛന്‍റെ ആത്മശാന്തിയ്ക്കായി.

ആഹ്ലാദപൂര്‍വ്വം ഈ ലോകവാസം കഴിച്ചനശ്വരനായ ആ ആത്മാവിനായി ഞാന്‍ പിണ്ഡവും എള്ളും ജലവും പുഷ്പ്പവും പ്രാര്‍ത്ഥനയും സമര്‍പ്പിക്കുന്നു.

“കീര്‍ത്തൂ.. വാ പോകാം..”

കുറച്ചുനേരംകൂടി ഇരുന്നോട്ടെ ഉണ്ണ്യേട്ടാ എന്ന ചോദ്യത്തിന് മറുപടിയായി കൈപ്പിടിച്ചെഴുന്നേല്‍പ്പിച്ചപ്പോഴെപ്പോഴോ അങ്ങകലേയ്ക്ക് കണ്ണുകള്‍ പാഞ്ഞു..

കണ്ടു ഞാനെന്‍റെ അച്ഛനെ.. വീണ്ടുമൊരിക്കല്‍ കൂടി.. പ്രകൃതിയോടലിഞ്ഞൊരു അദൃശ്യരൂപം.. “ഉണ്ണ്യേട്ടാ അങ്ങോട്ട്‌ നോക്കൂ ” ന്ന് പറഞ്ഞ് അകലേയ്ക്ക് വിരലുകള്‍ ചൂണ്ടിയപ്പോള്‍..

“നിനക്ക് തോന്നിയതാകും മോളേ” എന്നും പറഞ്ഞെന്നെ നെഞ്ചോട്‌ ചേര്‍ത്തുപ്പിടിച്ചാശ്വസിപ്പിയ്ക്കാന്‍ മാത്രമേ ആ പാവത്തിന് കഴിഞ്ഞുള്ളു….