സ്നേഹനിധി 10

തിരികെ മടങ്ങും വരെ അമ്മയുടെ ശിക്ഷണത്തില്‍ നിന്ന് കാത്തുസൂക്ഷിച്ചതും ഞങ്ങളുടെ കുറുമ്പുകളോടൊത്തുകൂടിയതും..

അവസാനമാനാളില്‍ ചില്ലുവാതിലിനപ്പുറത്തേയ്ക്ക് കടക്കുന്നതിനുമുന്‍പ്‌ കവിളുകടിച്ചെടുത്തുക്കൊണ്ടുമ്മ തന്നതും തിരികെ വീട്ടിലേയ്ക്കുള്ള യാത്രയിലുടനീളം കരഞ്ഞതും ഇന്നലെ കഴിഞ്ഞ പോലെ…

മരംകേറി പെണ്ണില്‍ നിന്നും പക്വതയിലേയ്ക്കുള്ള ആ വലിയ മാറ്റം കുഞ്ഞിക്കല്ല്യാണമായാഘോഷിച്ചപ്പോഴും അച്ഛനെത്താന്‍ കഴിയാതെ പോയി..

കാലചക്രം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാതെ കറങ്ങിക്കൊണ്ടേ ഇരുന്നു. ഒടുവില്‍..

ജന്മനാട്ടില്‍ വിശ്രമജീവിതം നയിക്കുവനായി മണലാരണ്യത്തിനോട് എന്നന്നേയ്ക്കുമായി വിടപറഞ്ഞെത്തിയ നാള്‍ അച്ഛനാഗ്രഹിച്ചതുപോലെ സ്വീകരിച്ചു..

ഗള്‍ഫിലേയ്ക്ക് തിരികെ പോകാന്‍ നേരം ചിണുങ്ങിക്കരഞ്ഞ ഞാന്‍ സര്‍ക്കാര്‍ സ്കൂള്‍ ടീച്ചര്‍ കീര്‍ത്തന മോഹനായും..

പരിഭവം കാണിച്ചകലെ മാറി നിന്ന ഉണ്ണ്യേട്ടന്‍ എ എസ് പി കാര്‍ത്തിക് മോഹന്‍ ഐ പി എസ് ആയും…

മണലാരണ്യത്തിലെ ചൂടുപേക്ഷിച്ച് ജന്മനാടിന്‍റെ കുളിര്‍ക്കാറ്റച്ഛനേറ്റത് ഞങ്ങളിരുവര്‍ക്കും നല്ലൊരു ജിവിതം സമ്മാനിച്ച ശേഷം മാത്രം…

പിന്നീടങ്ങോട്ട് സന്തോഷങ്ങളുടെ നാളായിരുന്നു.. ബാല്യത്തിന്‍റെ ഓരോ യാമങ്ങളിലും കണ്ട സ്വപ്നങ്ങളും ആഗ്രഹങ്ങളും ഓരോന്നായി പൂവണിഞ്ഞു..

ആയിടയ്ക്ക് വിവാഹലോച്ചനുമായി വന്ന ബ്രോക്കറോട് ഗള്‍ഫ്ക്കാരന്‍ വേണ്ടെന്ന് പറഞ്ഞത് പ്രവാസചൂട് നല്ലപോലെ അറിഞ്ഞതിനാലാകണം..

ആകാശത്തിലെ നക്ഷത്രങ്ങള്‍ വിവാഹങ്ങളോരോന്നോരോന്നായി മുടക്കിയപ്പോഴും സങ്കടത്തേക്കാളേറെ സന്തോഷമായിരുന്നു.. അച്ഛനെ വിട്ടടുത്തൊന്നും പിരിയേണ്ടല്ലോയെന്ന ആശ്വാസമായിരുന്നു.

അച്ഛന്‍റെ പുന്നാരയായങ്ങനെ കഴിയുന്ന കാലത്താണ് ഉണ്ണ്യേട്ടന്‍റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ അഭിഷേക് എന്നെ കാണുന്നതും.. ആലോചനയുമായെത്തുന്നതും…

ആകാശഗോളങ്ങള്‍ വഴിമാറിത്തന്നപ്പോള്‍ അച്ഛന്‍ തന്നെയാണ് എല്ലാവരുടെയും അനുഗ്രഹ-ആശീര്‍വാദങ്ങളോടെ അഭിയേട്ടനെന്നെ കൈപ്പിടിച്ചു കൊടുത്തതും.

തിരക്കുകളില്‍ പുഞ്ചിരിച്ചും തിരക്കൊഴിയുമ്പോള്‍ ആരും കാണുന്നില്ലെന്നുറപ്പുവരുത്തി നിറഞ്ഞു വന്ന മിഴികളച്ഛന്‍ തുടയ്ക്കുന്നത് കണ്ടത് നവവധുവായി ഞാനാ കതിര്‍മണ്ഡപത്തിലിരുന്നപ്പോഴാണ്..

വിടചൊല്ലിയിറങ്ങിയ നിമിഷങ്ങളില്‍ ആ നയനങ്ങളില്‍ ജലരേഖകള്‍ പടരുന്നതെന്‍റെ ഉള്ളമറിയുന്നുണ്ടായിരുന്നു.

സന്തോഷത്തിന്‍റെ വര്‍ണ്ണത്തേരിലേറി കാലം പിന്നെയും കടന്നുപോയി. നല്ലൊരു ഭാര്യയാകാനും മരുമകളാകാനുമെനിയ്ക്ക് കഴിഞ്ഞു.

ദൈവം അമ്മയാകുവാനുള്ള ഭാഗ്യം തന്നപ്പോള്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്ന നാളുകളില്‍ അച്ഛനുമൊപ്പമുണ്ടായിരുന്നു.. ധൈര്യവും ആശ്വാസവും ആത്മവിശ്വാസവും പകര്‍ന്നു തന്നുകൊണ്ട്..