സ്നേഹക്കൂട് 16

”എന്തോന്നാടാ സദാശിവാ നീയ് പിറുപിറുക്കുന്നത്..” ശിവരാമന്‍റെ ചോദ്യം കെട്ട് സദാശിവന്‍ ഒന്ന് ഞെട്ടി…

”ഒന്നൂല്ല അങ്ങുന്നേ… ഞാന്‍ ശ്യാമളെയല്ല നോക്കീതെന്ന് പറഞ്ഞതാര്‍ന്നു…”

”ആഹ്… ഞാന്‍ അതിന് നീ നോക്കുന്നത് ശ്യാമളെയാണെന്ന് പറഞ്ഞോടാ ഉവ്വേ… ശ്യാമളയ്ക്കടുത്ത് ഒരു കറവ പശുവും നില്‍പ്പോണ്ടല്ലോടാ… അതും പെണ്ണല്ലേടാ പൊട്ടാ…”

വീണ്ടും കൂട്ടച്ചിരി…

”എന്താ ശിവരാമാ ഇവിടെ എന്തെങ്കിലും വിശേഷമുണ്ടോ…?”
ആ ശബ്ദം കേട്ട് പിന്തിരിഞ്ഞ് നടക്കാനൊരുങ്ങിയ ശിവരാമന്‍ നിന്നു…

”അല്ലാ.. ഇതാര് വിജയന്‍മാഷോ… ഇങ്ങട് കേറി വാ… ചെറിയ ഒരു വിശേഷമുണ്ട്…”
സുഹൃത്തായ വിജയന്‍മാഷിനെ അകത്തേക്ക് ആനയിച്ച് കൊണ്ട് ശിവരാമന്‍ തുടര്‍ന്നു..

”എന്‍റെ ഇളയവന്‍ രവിയും കുടുംബവും ഇന്നത്തെ രാത്രിയിലത്തെ ഫ്ലൈറ്റിന് അമേരിക്കയില്‍ നിന്ന് ഇവിടെ എത്തുന്നുണ്ട്…”

”ആഹാ… മിക്കവാറും രവിയും ഗീതയും മാത്രല്ലേ വരാറുളളൂ… ഇത്തവണ മക്കളുമുണ്ടോ കൂടെ…”

”വരുന്നുണ്ടന്നേ… അതില്‍ മൂത്തവനായ അഭിജിത്ത് പതിനഞ്ച് കൊല്ലത്തിന് ശേഷമാ നാട്ടിലെത്തുന്നത്… ഇളയവളായ അഭിരാമി ഇടയ്ക്ക് രവിയോടും ഗീതയോടുമൊപ്പം വരാറുണ്ടെന്ന് പറയാം… പക്ഷെ രവിയും അവസാനമായി വന്നിട്ട് അഞ്ച് കൊല്ലമായെടാ… അപ്പോ അവരുടെ വരവ് ഒരു ആഘോഷമാക്കാമെന്ന് വച്ചു… എന്‍റെ ബാക്കിയെല്ലാ മക്കളും എന്‍റെ കയ്യെത്തും ദൂരത്ത് തന്നെയുണ്ട്…. ഇവന്‍ മാത്രേയുളളൂ എന്നെ വിട്ട് അകന്ന് പോയത്…”
ശിവരാമന്‍റെ അവസാന വാക്കുകളില്‍ വിഷാദഛവി പടര്‍ന്നിരുന്നു…

അപ്പോഴേക്ക് ചുടു ചായയുമായി നന്ദിതയെത്തിയിരുന്നു…

**********

വീടിന്‍റെ രണ്ടാം നിലയിലെ ചാവടിയ്ക്ക് മേല്‍ കാല്‍ നീട്ടിവെച്ച് നന്ദിത തൂണും ചാരിയിരുന്നു…

മുറ്റത്തെ തുളസിത്തറയില്‍ മണ്‍ചിരാതിനെ ഇളംകാറ്റ് തഴുകി നീങ്ങിയപ്പോള്‍ തിരിനാളം നാണത്തോടെ ചിണുങ്ങി…

ആ ഇളം കാറ്റ് നന്ദിതയുടെ മുടിയിഴകളെ തഴുകിയുണര്‍ത്തി…

3 Comments

  1. സുദർശനൻ

    കഥ നന്നായിട്ടുണ്ടു്. വില്ലന്മാരില്ലാത്ത സോദ്ദേശകഥ. ഇത്തരം കഥകൾ തുടർന്നും പ്രതീക്ഷിക്കന്നു!

  2. adipoli tto

  3. സൂപ്പർ

Comments are closed.