സ്നേഹക്കൂട് 16

”അഭിയെ പഠിപ്പിച്ച പോലെ ഫിഷിംഗ് എനിക്കും പഠിപ്പിച്ച് താ…” ലിസയുടെ വാക്കുകള്‍ കേട്ട് അരികില്‍ നില്‍ക്കുന്ന അഭിജിത്തിനെ നന്ദിത അത്ഭുതത്തോടെ നോക്കി…

അവന്‍ അവളെ കണ്ണടച്ച് കാണിച്ച് കൊണ്ട് പുഞ്ചിരിച്ചു…

ചൂണ്ടയുമായി കുളത്തിനരികിലെത്തിയപ്പോള്‍ നന്ദിത കൊളുത്തില്‍ ഇരയെ കോര്‍ക്കുന്ന വിധവും ചൂണ്ടയിടുന്ന വിധവുമെല്ലാം ലിസയ്ക്ക് പറഞ്ഞു കൊടുത്തു…

ഒരു ”കരട്ടി” മീന്‍ കൊളുത്തില്‍ കുരുങ്ങിയതോടെ നന്ദിതയുടെ സഹായത്താല്‍ ലിസ ചൂണ്ട വലിച്ച് കരയിലേക്കിട്ടു…

കരയിലെ പുല്‍ത്തകിടില്‍ കിടന്ന് പിടയുന്ന മത്സ്യത്തെ അതീവ സന്തോഷത്തോടെ നോക്കി ലിസ അല്‍പ്പം അകലെ നിന്ന അഭിയോട് വിളിച്ച് പറഞ്ഞു:
“ലുക്ക് അഭി… ദാ ഞാന്‍ മീന്‍ പിടിച്ചത് കണ്ടോ…”

അല്‍പ്പം നേരം ചൂണ്ടയിട്ട് രസിച്ചതിന് ശേഷം ലിസയും നന്ദിതയും അഭിക്കരികിലെത്തി…

”നീ പറഞ്ഞ ആ മാവ് എവിടെ അഭീ…?” ലിസയുടെ ചോദ്യം വീണ്ടും നന്ദിതയെ അതിശയിപ്പിച്ചു…

പതിനഞ്ച് വര്‍ഷത്തെ മാറ്റത്തില്‍ പടര്‍ന്ന് പന്തലിച്ച് മാവിലേക്ക് അഭിജിത്ത് ഒരു പുഞ്ചിരിയോടെ കൈചൂണ്ടി…

അത്ഭുതപരതന്ത്രയായി നില്‍ക്കുന്ന നന്ദിതയുടെ കൈവിരലുകളില്‍ വിരല്‍ കോര്‍ത്ത് ലിസ അഭിയെ വിട്ട് കുറച്ച് അകലേക്കായി നടന്നു…

”ഈ തറവാടും ഈ കുളവും മാവും കൊച്ചു നന്ദുവുമെല്ലാം അഭിയ്ക്ക് ഒരു ഹരമായിരുന്നു… അവന്‍ അവിടാണെങ്കിലും മനസ്സ് പലപ്പോഴും ഇവിടെയായിരുന്നു… എപ്പഴും അവന്‍ പറയും… ഈ നന്ദിതയെ കുറിച്ച്.. കൊച്ച് നന്ദിത അവന് നല്‍കിയ സ്നേഹം.. സംരക്ഷണമെല്ലാം..”

ലിസ നന്ദിതയ്ക്ക് അഭിമുഖമായി നിന്ന് അവളുടെ കവിളില്‍ തലോടി..

നന്ദിതയുടെ നെഞ്ച് വിങ്ങുകയായിരുന്നു…
എവിടെയോ അടച്ചമര്‍ത്തപ്പെട്ടിരുന്ന തേങ്ങലുകള്‍ കണ്ണുനീരായി പുറത്തേക്കൊഴുകി…

3 Comments

  1. സുദർശനൻ

    കഥ നന്നായിട്ടുണ്ടു്. വില്ലന്മാരില്ലാത്ത സോദ്ദേശകഥ. ഇത്തരം കഥകൾ തുടർന്നും പ്രതീക്ഷിക്കന്നു!

  2. adipoli tto

  3. സൂപ്പർ

Comments are closed.