സ്നേഹക്കൂട് 16

”വരുന്നതൊക്കെ കൊളളാം ഇടയ്ക്ക് വച്ച് വരണമെന്ന് പറയരുത്… മൊത്തവും കണ്ടിട്ടേ ഞാന്‍ വരൂ…” ശിവയ്ക്ക് നാടകത്തിനോട് അല്‍പ്പം കമ്പമുണ്ട്..

കേട്ടപ്പോള്‍ ലിസയ്ക്കും അഭിയ്ക്കും നാടകം കാണണമെന്ന് ഒരു ആഗ്രഹം … അവരോടൊപ്പം രവിയും ഗീതയും ചേര്‍ന്നതോടെ കുടുംബത്തിലെ ഭൂരിപക്ഷ അംഗങ്ങളും നാടകം കാണാന്‍ പോകാന്‍ തയ്യാറായി… നന്ദിതയുള്‍പ്പടെ…

”കാറെടുക്കേണ്ട.. നടന്ന് പോകാനുളള ദൂരമല്ലെയുളളൂ… പണ്ട് നമ്മളെത്ര നടന്നിരിക്കുന്നു…”
ചന്ദ്രന്‍ പറഞ്ഞു…

”അന്ന് ഈ കാണും പോലെ റോഡും തെരുവ് വിളക്കൊന്നുമില്ല.. വയല്‍ വരമ്പിലൂടെ ചൂട്ടും കത്തിച്ച് നടക്കും… കെ.പി.എ.സിയുടേയും എന്‍.എന്‍.പിളളയുടെയും എസ്‌.എല്‍പുരത്തിന്‍റെയുമെല്ലാം നാടകങ്ങള്‍ കാണാന്‍… വെളുക്കുംവരെയും സൂചി കുത്താന്‍ പറ്റാത്തത്ര ആളുകള്‍… പായും പുതപ്പും പേപ്പറുകളുമായി കുഞ്ഞുകുട്ടി പരാതീനവുമായി എത്തിയാല്‍ നേരം പുലരുമ്പോഴേ എല്ലാം ഉത്സവപ്പറമ്പ് വിടുകയുളളൂ… അതൊരു നല്ല കാലം… അക്കാലം പോയില്ലേ… ടി.വി വന്നതോടെ മുതിര്‍ന്നവര്‍ അതിന് മുന്നിലായി… കമ്പ്യൂട്ടറിനും മൊബൈലിനും മുമ്പില്‍ കുട്ടികളും… അതോടെ ഉത്സവപ്പറമ്പില്‍ ആളു കുറഞ്ഞു… നാടകം നടിക്കുന്നവരെ പുച്ഛിക്കുന്ന ഒരു തലമുറയാ വളര്‍ന്ന് വരുന്നത്… അവര്‍ സിനിമയെയും നാടകത്തേയും താരതമ്യം ചെയ്യുന്നു.. നൂറ് ടേക്കുകളും എഡിറ്റിംഗുകളും സ്പെഷ്യല്‍ എഫക്സിന്‍റെയും മിക്സുകളാ സിനിമകള്‍… ജനങ്ങള്‍ നേരിട്ട് ദര്‍ശിക്കുന്ന അഭിനയ സാക്ഷാത്കാരമാണ് നാടകം… അവരുടെ അഭിനയത്തിലെയോ ഡയലോഗിലെയോ ഒരു പിഴവ് മതി നാടകം പരാജയപ്പെടാന്‍… അതറിഞ്ഞ് അവര്‍ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ചെയ്യുന്നത്… കുട്ട്യോളെ ഇതെല്ലാം കൊണ്ട് പോയി കാണിക്കണമെന്നാ എന്‍റെ അഭിപ്രായം… പുച്ഛിക്കാനല്ല… ഒരു നല്ല കലാരൂപത്തെ എന്നെന്നും നിലനിര്‍ത്താന്‍…”

നാടകത്തെ കുറിച്ച് ചന്ദ്രന്‍മാമന്‍റെ വികാരഭരിതമായ വിവരണം ആ കുടുംബത്തിലെ പുതുതലമുറ ഉള്‍പ്പടെ എല്ലാവരും താല്‍പ്പര്യത്തോടെ ഏറ്റ് വാങ്ങി…

പോസ്റ്റില്‍ വച്ചിരുന്ന ചെറിയ സ്പീക്കറിലൂടെ നാടകം തുടങ്ങാന്‍ പോകുന്നുവെന്ന അനൗണ്‍സ്മെന്‍റ് കേട്ടു… പിറകെ തുടങ്ങുന്നതിന് മുന്നോടിയായി മണിയടി ഒച്ചയും കേട്ടു…

3 Comments

  1. സുദർശനൻ

    കഥ നന്നായിട്ടുണ്ടു്. വില്ലന്മാരില്ലാത്ത സോദ്ദേശകഥ. ഇത്തരം കഥകൾ തുടർന്നും പ്രതീക്ഷിക്കന്നു!

  2. adipoli tto

  3. സൂപ്പർ

Comments are closed.