അമ്മ ഇല്ലാത്ത ഒരു കുറവും അറിയിക്കാതെ ആണ് അച്ഛൻ എന്നേയും ചേച്ചിയേയും നോക്കിയത്. നാട്ടിൽ എന്തുപണിക്കും അച്ഛൻ ഓടി എത്തു. പാടത്തും പറമ്പിലും നിന്ന് അച്ഛൻ കൊണ്ട വെയിലൊക്കെ ഞാനൊക്കെ കൊണ്ടാൽ എപ്പോൾ കരിഞ്ഞു പോയി എന്നു ചോദിച്ചാ മതി.
അച്ഛൻ കൊണ്ട മഴക്ക് കണക്കില്ല ഒരിക്കൽ പോലും ഒരു ജലദോഷം പോലും വന്ന് വീട്ടിൽ ഇരുന്ന അച്ഛനെ ഞാൻ കണ്ടിട്ടില്ല.
ആരു ചോദിച്ചാലും പറയും മക്കളെ നല്ല നിലക്ക് വളർത്തണം ഞാനോ ഇങ്ങനെ ആയി. അവരെ എങ്കിലും നന്നായി പഠിപ്പിക്കണം…
പഠനശേഷം എനിക്കൊരു ചെറിയ ജോലി കിട്ടി. ചേച്ചിയുടെ വിവാഹവും കഴിഞ്ഞു. അപ്പോൾ എനിക്കൊന്നു തോന്നി ഇനി അച്ഛനെ ജോലിക്കൊന്നും പറഞ്ഞയക്കണ്ടാ എന്ന്.
ഞാൻ തന്നെ നിർബന്ധിച്ച് വീട്ടിൽ ഇരുത്തി.
വീട്ടിലെ ചിലവുകളും മറ്റു കാര്യങ്ങളും നോക്കാൻ തുടങ്ങിയപ്പോഴാണ് ഒരു കാര്യം മനസിലായത് ഞാൻ കെട്ടിയ ടയ് വെറും ഒരു ആർഭാടത്തിന്റെ ചിഹ്നം ആണെന്ന്.
നാളിതുവരെ അച്ഛൻ ഒരു ചില്ലി കാശിന്റെ വിഷമം ഞങ്ങളെ അറിയിച്ചിട്ടില്ല.
അച്ഛൻ പഠിച്ച ജീവിതത്തിന്റെ ഡിഗ്രിക്കു മുമ്പിൻ എന്റെ ഡിഗ്രി വെറും വട്ടപൂജ്യം ആണ് എന്ന് എനിക്ക് തോന്നി തുടങ്ങി. എന്നാലും ആരെയും അറിയിക്കാതെ ഞാൻ എല്ലാം കൊണ്ടു നടന്നു.
സ്ത്രീധനത്തിന്റെ പേരിൽ അളിയന്റെ വീട്ടുകാരുമായി ഒരു തർക്കം. അളിയനു ചേച്ചിയെ വലിയ ഇഷ്ട്ടം ആയിരുന്നു. വീട്ടുകാർക്ക് ആണ് പ്രശ്നം. പ്രത്യേകിച്ച് അമ്മായി അമ്മക്ക്. അതല്ലേലും സ്ത്രീകൾക്ക് സ്ത്രീകൾ തന്നെ ആവും ഏറ്റവും വലിയ പാര.
പോരാത്തതിന് കല്ല്യാണം കഴിഞ്ഞ് നാലു വർഷം ആയി കുട്ടികൾ ഒന്നും ആയില്ല. (അണിയറയിൽ അളിയനെ കൊണ്ട് വേറെ പെണ്ണുകെട്ടിക്കാനുള്ള പ്ലാനിങ്ങ് നടക്കുന്നത് ചേച്ചി അറിഞ്ഞിരുന്നു)
രണ്ടു ദിവസം നീ ഇവിടെ നിക്ക് അപ്പോഴേക്കും അമ്മയുടെ ദേഷ്യം ഒന്ന് കുറയട്ടെ എന്നിട്ട് ഞാൻ വരാം ചോച്ചിയെ ഏട്ടൻ വീട്ടിൽ ആക്കി തിരിച്ചുപോയി…