എന്നാലും വെറും അമ്പതിനായിരം രൂപയുടെ കടത്തിന്റെ പേരില്‍ മോഹനനിതു ചെയ്തല്ലോ ….
കൂട്ടുകാരും നാട്ടുകാരുമൊക്കെ കത്തിയെരിയുന്ന വിറകുവെളിച്ചത്തിലേയ്ക്ക് നോക്കി വേദനയോടെ പറഞ്ഞു..
മോഹനന്‍ ഫോണെടുക്കാത്തതിന്റെ ദേഷ്യത്തില്‍ റഹീംക രാത്രി വീട്ടില്‍ ചെന്ന് കുടുംബത്തിന്റെ മുന്നില്‍ വച്ച് അധിക്ഷേപിച്ചതിനാണത്രെ ഇന്ന് പുലര്‍ച്ചെ ചരുമുറിയിലെ ഫേനില്‍….
എന്നാലും റഹീംക അങ്ങിനെ ചെയ്തത് മോശായിപ്പോയി …
നമ്മളൊക്കെ ഇവിടെയുണ്ടാവുമ്പോ വീട്ടില്‍ പോവുന്നതിന് മുമ്പേ ഒന്ന് പറയാമായിരുന്നു…
അമ്പതു പേര് ആയിരം രൂപ വച്ചെടുത്താല്‍ തീരുന്നതല്ലേയുള്ളൂ വീടുപണിയ്ക്ക് വാങ്ങിയ അവന്റെ കടം …
ഒരു ദുശ്ശീലവുമില്ലാത്ത അവനെ നമുക്ക് വിശ്വാസവുമായിരുന്നല്ലോ…
നമ്മളോടൊക്കെ അവന്‍ കാര്യം തുറന്ന് പറയണമായിരുന്നു …
റഹീംകയുടെ വീട് പെയിന്റടിച്ച പരിചയത്തിന്‍മേലല്ലേ അദ്ദേഹം ഒരീടുമില്ലാതെ മോഹനന് അമ്പതിനായിരം രൂപ കടം കൊടുത്തത്…
പറഞ്ഞ സമയം മൂന്നു പ്രാവശ്യംതെറ്റിയപ്പോഴാണ് ആ പാവം ഒന്നിടഞ്ഞത്..അതൊരു തെറ്റല്ലല്ലോ…
അതുമാത്രമല്ല പണിയെടുത്തതും കുറിയില്‍ ചേര്‍ന്നതുമൊക്കെയായി അവന് കുറേ കാശ് കിട്ടാനുംണ്ടത്രെ….
കനലുകള്‍ മണ്ണിനോട് ചേര്‍ന്ന് തണുത്ത് കറുത്തപ്പോള്‍ അഭിപ്രായസമന്വിതര്‍ ഓരോരുത്തരായി മോഹനന്റെ വീട്ടില്‍ നിന്നും പടിയിറങ്ങി ..
അവരില്‍ പലരും അവനവന്റെ വീടുകളിലേയ്ക്ക് കയറുമ്പോള്‍ മോഹനന്റെ കാര്യത്തില്‍ ആരോടും പറയാതെ വല്ലാതെ പശ്ചാത്തപിച്ചിരുന്നു ….
കാരണം ചെറിയൊരു സഹായത്തിനായ് മോഹനന്‍ മരിയ്ക്കുന്നതിന് മുമ്പേ അവരുടെയൊക്കെ വാതിലില്‍ ദയനീയമായി മുട്ടിയിരുന്നു….
സത്യമാണ്.. സഹായിക്കുന്നതിനെക്കാൾ എളുപ്പം പരിതപിക്കാനാണല്ലോ.. കുറച്ചു വാക്കുകൾ കൂടിയുണ്ടായിരുന്നെങ്കിൽ ഒന്നുകൂടി മനോഹരമായേനെ??