ശ്യാം [Stency Thomas] 43

  എല്ലാവരുടെയും മുഖത്ത് കോപം… ഇനി ഇവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് തോന്നിയ ശ്യാം ആശുപത്രിക്ക് പുറത്തേക്കുനടന്നു. നടക്കുന്ന വഴിയിൽ അവൻ കണ്ടു ആ ബോഡി കൊണ്ടുപോകുവാൻ കിടക്കുന്ന ആംബുലൻസ്… അതിന്റെ മുൻപിൽ തൂക്കിയ ചെറിയ ഫോട്ടോ കണ്ട് അവൻ ഞെട്ടി.ആ ഫോട്ടോയിൽ അവൻ തലോടി ഒപ്പം അതിന്റെ അടിയിൽ കൊടുത്തിരിക്കുന്ന പേരും.

  ‘ശ്യാം ഗോപാൽ ‘

  അതെ അത് താൻ തന്നെയ്യാണെന്നവൻ മനസിലാക്കി…. ഇനി അവൻ ഭൂമിയിലില്ല, അവന്റെ അമ്മയെയും അച്ഛനെയും കൂട്ടുകാരെയും എല്ലാവരെയും പിരിയുകയാണ്…. കരയുവാനായി പോലും പറ്റുന്നില്ല… അവനിൽ ദേഷ്യത്തിന്റെ അമിട്ട് തുടരെ വെടിച്ചു തുടങ്ങി. അടുത്ത് കണ്ട ഒരു  ക്രിക്കറ്റ്‌ ബാറ്റ് കൈയിലാക്കി അവൻ ദേഷ്യത്തോടെ നടന്നു… അവന്റെ മുഖം ചുവന്നു തുടുത്തു… ആശുപത്രിയുടെ വാതിൽ തള്ളിതുറന്നു…. അവിടെ അടുത്തുകണ്ട സ്റ്റമ്പിന്റെ അടുത്ത് ബാറ്റ് ചെയ്യാനായി അവൻ നിന്നു…. ചുറ്റും ‘ശ്യാം… ശ്യാം…. ശ്യാം ‘ എന്നുള്ള മുഴക്കം അവന്റെ ചെവിയിൽ നൃത്തമാടി…

  പെട്ടെന്ന് തന്റെ ദേഹത്തേക്ക് മുകളിൽ നിന്നും വെള്ളം വീണു… ചുറ്റിലെയും ശ്യാം വിളികളും ഒരു ചിരിയായി തന്റെ ചെവിയിൽ പ്രതിധ്വനിച്ചു. പിന്നെയും പിന്നെയും വെള്ളം വീഴുന്നത് അറിഞ്ഞു…അപ്പോൾ തന്നെ ശ്യാം ഞെട്ടിയെഴുന്നേറ്റു.

  കണ്ണുതിരുമി നോക്കിയ അവൻ കണ്ടത് കൈയ്യിൽ ബക്കറ്റുമായി നിൽക്കുന്ന അമ്മയെയും ചിരിച്ചുകൊണ്ട് നിൽക്കുന്ന പെങ്ങളെയുമാണ്.

  ” ഈസ്റ്റർ ഒക്കെ ആണെന്ന് കരുതി ഇങ്ങനെയൊക്കെ കുടിച്ചും വന്നിട്ട് എന്തൊക്കെയാടാ പിച്ചും പേയും പറയുന്നേ… നേരമെത്രയ്യായെന്ന് വല്ല പിടിയുമുണ്ടോ… നിന്നെ കാത്ത് നിന്റെ വല്യച്ഛൻ പുറത്ത് അച്ഛനുമായി സംസാരിച്ചിരിക്കുന്നു. വേഗം ചെല്ല് അങ്ങോട്ട്… ” അമ്മയുടെ ആ ശകാരവാക്കുകൾ കേട്ടപ്പോൾ സാധാരണ പുച്ഛിച്ചു തള്ളുന്ന ശ്യാം ഇത്തവണ അമ്മയെ കെട്ടിപിടിച്ചു…

  ” സോറി അമ്മ… ” ശ്യാമിന്റെ പ്രവർത്തിയിൽ കിളിപോയി നിന്നു ശ്യാമിന്റെ പെങ്ങളും അമ്മയും. അവനെ തിരിച്ചു കെട്ടിപിടിച്ചു. ഏതൊരമ്മയും ചെയ്യുന്ന പോലെ ആ  അമ്മയും അവനെ ആശ്വസിപ്പിച്ചു.

  ” മോൻ അതിനു കുറ്റമൊന്നും ചെയ്തില്ലലോ… പിന്നെ മോൻ ഈ കുടിയൊന്ന് നിർത്തിയാൽ അമ്മക്ക് കൂടുതൽ സന്തോഷമാകും … എന്റെ മോനോട് എനിക്ക് ക്ഷമിക്കുവാൻ മാത്രമേ അറിയൂ…. ചെല്ലൂ പോയി കുളിച്ചു വല്യച്ഛനെ കാണൂ…”

  ശ്യാം കട്ടിലിൽ നിന്നുമെഴുന്നേറ്റ് ബാത്‌റൂമിലേക്ക് കയറി.ബാത്‌റൂമിലെ വാഷ്ബേസിൻ കണ്ണാടിയിൽ നോക്കി അവൻ പറഞ്ഞു

  “ഇനി ഞാൻ മദ്യപ്പിക്കില്ല…”

***************************

  ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങി തന്റെ മൊബൈൽ എടുത്ത് നോക്കി. അവൻ തിരിച്ച് ആ നമ്പറിലേക്ക് വിളിച്ചു.

  ” ഡാ… നീ വിളിച്ചിരുന്നോ.. ” അവൻ മറുതലക്കലുള്ള ആളോട് ചോദിച്ചു.

  ” ആഹ്… ഇന്ന് നീ ഇത്തിരി നേരത്തെ വരണം… നാളെ ജോലിക്ക് പോകണം… നേരത്തെ കിടക്കണം… രാത്രി മുഴുവൻ മദ്യപിച്ചിരിക്കുവാൻ വയ്യ… ഇന്ന് നമുക്ക് ഫുൾ തന്നെ വാങ്ങാം ഇന്നലത്തെ ബ്രാൻഡ്… “

  മറുതലക്കലെ ശബ്ദം കേട്ടതും അവനിൽ കോപം വന്നു.

  “നന്നാവേടാ…. ഇനിയെങ്കിലും മദ്യപിക്കാതെയിരി… നിർത്തെടാ ഇതൊക്കെ… നന്നാവാൻ നോക്ക് “

  അവൻ ഫോൺ കട്ട് ചെയ്ത് കട്ടിലിലേക്കിട്ടു. മറുതലക്കലെ അവന്റെ കൂട്ടുക്കാരൻ ‘ഇതിപ്പോ എന്താ സംഭവം… ഞാൻ ശ്യാമിനെത്തന്നെയല്ലേ വിളിച്ചത്’ എന്ന ചിന്തയോടെ വായും പൊളിച്ചിരിക്കുവായിരുന്നു.

  വീടിന്റെ ഉമ്മറത്തേക്ക് ചെന്ന ശ്യാമിനെ കാത്തു നിന്നത് വലിയൊരു ക്ലാസ്സ്‌ തന്നെയായിരുന്നു…ഒരു മാരക ക്ലാസ്… അവൻ എങ്ങനെയോ അവിടെ നിന്നും രക്ഷപ്പെട്ടു അകത്തേക്കു കയറുവാൻ നിന്നതും വീണ്ടുമൊരു ചോദ്യം…

  ” നിനക്ക് ജോലിയൊന്നുമായിലേ… “

  ശ്യാം കണ്ണടച്ചു പിടിച്ചു മനസ്സിൽ മന്ത്രിച്ചു “എന്റെ ആഞ്ജനേയ സ്വാമി…”

  തിരിഞ്ഞുനോക്കാതെ അവൻ അകത്തേക്കുകയറി. തന്റെ മുറിയിലെ കട്ടിലിൽ കിടക്കുന്ന മൊബൈൽ എടുത്ത് അവൻ നേരത്തെ വിളിച്ച നമ്പറിൽ വിളിച്ചു.

  ” ടാ… ഇന്നലെ വാങ്ങിച്ച ബ്രാൻഡ് തന്നെ മതി… അത് ലിറ്റർ ആക്കിക്കോ “….

ശുഭം