കാലത്തിന്റെ ഒഴുക്കിൽ വീണ ഇല പോലെ ഞാനൊഴുകുന്നുണ്ട് ഇന്നിവിടെ ദുബൈ നഗരത്തിന്റെ തിരക്കിൽ. ഒറ്റപെടൽ ഒരു പുതിയ കാര്യമല്ലന്നു ഞാനിടക്ക് ഓർക്കാറുണ്ട്; അമ്മാവന്റെ ഔദാര്യത്തിന്റെ ബലത്തിൽ പഠിച്ചു ഒരു അക്കൌണ്ടിംഗ് ഡിഗ്രിയും കൈയിൽ വെച്ച് നാട് തെണ്ടിയ നാൾ മുതൽ, ഇവിടെ ദുബൈയിലെ വിസിറ്റ് വിസക്ക് വന്നു, ജോലി തിരഞ്ഞ നാളിലും, ഞാൻ ആൾക്കൂട്ടങ്ങളിൽ തനിയെ ആയിരുന്നു. വിദ്യ പ്രസവത്തിനു ഒറ്റപ്പാലത്ത് പോയതിൽ പിന്നെ, ഭക്ഷണം ആകെ താളം തെറ്റി എന്ന് പറഞ്ഞാൽ മതിയല്ലോ? ഇന്നിപ്പോൾ ഗ്രാൻഡ് ഹയാത്തിൽ ഒരു കോക്ക്റ്റെയിലും കൈയിൽ പിടിച്ച് ഭക്ഷണത്തിനു ഓർഡർ കൊടുത്ത് പിന്നാലേയ്ക്ക് ചാഞ്ഞ് കണ്ണടച്ചിരിക്കുമ്പോൾ, പതിഞ്ഞ താളത്തിലെ ഏതോ അറബി പാട്ടിൽ ലയിച്ചിരികുമ്പോൾ , തോളിൽ അമർന്ന കൈപ്പടം…… തിരിഞ്ഞു നോക്കുമ്പോൾ വടക്കേ വീട്ടിലെ അപ്പു. അവനിവിടെ ഉണ്ടെന്നറിയാം, ഒരിക്കലും കാണരുതേ എന്നാഗ്രഹിച്ച മുഖങ്ങളിൽ ഒന്ന്….ഒരു ചിരി വരുത്തി, കൈ കൊടുത്ത്, അവനോടിരിക്കാൻ പറഞ്ഞു..വളരെ ഉപരിപ്ലമായി സംസാരിച്ചു, പിന്നെ നിശബ്ദത തളം കെട്ടി… വിദ്യയെ പറ്റി അവൻ ചോദിച്ചില്ല. അവൻ ചോദിക്കില്ല….… ആ നിശബ്ദതയിൽ നിറഞ്ഞു നിന്നിരുന്നത് തെക്കേടത്തെ അമ്മു ലക്ഷ്മിയായിരുന്നു. ഒരു കാലത്ത് രണ്ടാളുടെയും സ്വപ്ന സുന്ദരിയായിരുന്ന അമ്മുകുട്ടി ,തെക്കേടത്തെ അമ്മുക്കുട്ടി….ആളറിയാതെ ഞങ്ങൾ ഒരുപോലെ പ്രണയിച്ച അമ്മൂട്ടി…..ചെറു പ്രായത്തിൽ പഞ്ചാര മിട്ടായി കാട്ടി, നാരങ്ങ മിട്ടായി കാട്ടി, ആമ്പൽ പൂത്തണ്ട് പൊട്ടിച്ചു, കാക്ക പൂ പറിച്ചു, കൂട്ട് കൂടി പെറ്റിക്കോട്ടിട്ട ആറ് വയസ്സുകാരി അമ്മൂട്ടി…അവൾ ചിരിക്ക്കുമ്പോൾ വല്ലാത്തൊരു മയക്കം ബാധിക്കുമായിരുന്നു അന്നേ…. കുപ്പിവള കിലുങ്ങുന്നത് പോലെ? മണി കിലുങ്ങുന്നത് പോലെ? അല്ലല്ല, അവളെ പോലെ ചിരിക്കാൻ അവൾക്കു മാത്രേ കഴിയുമായിരുന്നുള്ളൂ… അവളെക്കാൾ 4 വയസ്സ് മൂപ്പുണ്ട് എനിക്കും അപ്പുവിനും. പ്രേമം ഒന്നും ആ പ്രായത്തിൽ ആരെയും ബാധിച്ചിട്ടില്ലാല്ലോ, എങ്കിലും അവളൊരു ഭ്രമമായിരുന്നു. അവളോട് കൂടി തായം കളിക്കാനും, ഊഞ്ഞാലാടാനും….. ആ വിട്ടു പോയല്ലോ, ഞങ്ങളുടെ വടക്കേല് ഒരു കുളമുണ്ട്, പച്ച നിറത്തിൽ വെള്ളം എല്ലാക്കാലത്തും നിറയെ വെള്ളമുള്ള കുളം. കുറെ ഏറെ പരൽ മീനുകൾ ഊളിയിടുന്ന വടക്കേലെക്കുളം, തറവാട്ടിലെ കുട്ടികൾ എല്ലാരും നീന്ത് പഠിച്ച സ്ഥലം. അവധി വരുമ്പോ ആർപ്പും ബഹളവും നിറയുന്ന കുളം, അവധി കഴിഞ്ഞാല് അത് എന്റെം അപ്പൂന്റെം അമ്മൂന്റെം കളിക്കാനുള്ള സ്ഥലമാണ്…. ഇടയ്ക്കു തറവാട്ടിൽ നിന്നാരേലും കുളിക്കാൻ വന്നാൽ ഒഴിഞ്ഞു കൊടുക്കണം.
?????❣️