വസന്തം മറന്ന പൂക്കൾ 22

നക്ഷത്ര കണ്ണുകളുള്ള ഒരു സുന്ദരി കുട്ടിയായിരുന്നു ശിവാനി. എപ്പോഴും, മുഖത്ത് നിഷ്കളങ്കമായ ഒരു ചെറു പുഞ്ചിരി ഒളിപ്പിച്ചുവച്ചിട്ടുണ്ട് അവള്. കണ്ടാല് ആര്ക്കും ഇഷ്ടം തോന്നുന്ന ഒരു കൊച്ചു മിടുക്കി. ദേവുവിന്റെ വിരല്തുമ്പില് പിടിച്ച് മുറ്റത്ത് ഓടിനടന്ന് കളിക്കുകയാണ് അവള്. ചന്തു ആ കാഴ്ച ഇമവെട്ടാതെ നോക്കി നിന്നു. ഏകാന്തതയും നിശബ്ദതയും തിങ്ങിനിറഞ്ഞ് ആകെ മൂടിക്കെട്ടിയിരുന്ന ആ വീടിന്റെ അന്തരീക്ഷം പതിയെ മാറുന്നു. ശിവാനിയുടെ ചിരിയും കരച്ചിലും അവളുടെ വളകളുടെ കിലുക്കവുമൊക്കെയായി ആ വീട്ടിലാകെ സന്തോഷം നിറയുന്നു. അങ്ങനെ സമയംപോയത് ആരുമറിഞ്ഞതേയില്ല. വെയില് താണുതുടങ്ങി. പകല് മുഴുവന് ആഹ്ലാദത്തോടെ ആര്ത്തുല്ലസിച്ചു കളിച്ചു നടന്ന ശിവാനി ക്ഷീണംകൊണ്ട് ഉറങ്ങിപ്പോയി. ശിവാനിയെ അകത്തെ മുറിയിലെ കട്ടിലില് കിടത്തിയിട്ട് പുറത്തേക്കിറങ്ങിവരുന്ന ദേവുവിനോട് ചന്തു പറഞ്ഞു, ദേവൂ,,

നമുക്ക് നമ്മുടെ ആ പഴയ മാഞ്ചുവട്ടില് കുറച്ചു സമയം ഇരിക്കാം. ദേവുവിന് മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല. വളരെയേറെ സന്തോഷമാണ് അവള്ക്കു തോന്നിയത്. പലപ്പോഴും ഏകാന്തത ഭ്രാന്തമായി ചുറ്റിപ്പിണഞ്ഞ് അവളെ ശ്വാസംമുട്ടിക്കുമ്പോള് മനസ്സ് ഒരുപാട് കൊതിച്ചിട്ടുണ്ട് ഇങ്ങനെ ഒരു നിമിഷം. അങ്ങനെ ഓര്ത്തുവക്കുവാനായി ഒരുപാട് ഓര്മ്മകള് സമ്മാനിച്ചിട്ടുള്ള, പടര്ന്നു പന്തലിച്ചു നില്ക്കുന്ന ആ വലീയ മാഞ്ചുവട്ടില് അവര് ഇരുന്നു. പ്രകൃതി സന്ധ്യക്കായി വേദിയൊരുക്കിത്തുടങ്ങുന്നു. മാനത്ത് വര്ണ്ണങ്ങള് വാരിവിതറുന്നു പ്രകൃതി. അസ്തമയ സൂര്യന്റെ ചുമപ്പ് നിറത്തിന് ഒരേയൊരു ഭാവമേയുള്ളൂ. അത്, നഷ്ടപ്രണയത്തിന്റെ ദുഖത്തിന്റെ ഭാവമാണ്. അതാ,, പടിഞ്ഞാറന് ചക്രവാളത്തില് വാക്കുകളാല് അവര്ണ്ണനീയമായ കാഴ്ച കണ്ണുകള്ക്ക് വിരുന്നേകുന്നു.

അന്തിക്ക് കൂടണയാനായി പറവകള് പറന്നകലുന്നു. ചന്തുവിനായി ദേവു വാക്കുകള് കൂട്ടിവച്ച് ഒരു മാല കോര്ത്തുവച്ചിരുന്നു. പക്ഷെ, ചന്തുവിനെ കണ്ടപ്പോള് ആ മാല നൂല് പൊട്ടി നിലത്തുവീണ് ചിന്നിചിതറിയതുപോലെ. ഉള്ളിന്റെയുള്ളില് ചിതറിക്കിടക്കുന്ന ആ വാക്കുകള് പറക്കിയെടുക്കാന് അവള് നന്നേ ബുദ്ധിമുട്ടുന്നു. ചന്തു നിശബ്ദനായി വിതൂരതയിലേക്ക് നോക്കി ഇരിക്കുകയാണ്. നിശബ്ദതക്ക് വിരാമമിട്ടുകൊണ്ട് ദേവു തന്നെ സംസാരിച്ചു തുടങ്ങുന്നു. പറയ് ചന്തു, നിന്റെ വിശേഷങ്ങള്. പണ്ട് ഒരുപാട് സംസാരിക്കുമായിരുന്ന നിനക്ക് ഇന്നിതെന്തുപറ്റി? നീ ഇങ്ങനെയൊന്നുമേ ആയിരുന്നില്ലല്ലോ? പതിയെ ചന്തു അവന്റെ ജീവിതമാകുന്ന പുസ്തകത്തിന്റെ താളുകള് ഓരോന്നായി മറിക്കുവാന് തുടങ്ങി.