വസന്തം മറന്ന പൂക്കൾ 22

പണ്ട് ഒരുപാട് സംസാരിച്ചിരുന്ന ചന്തു ഇന്ന് ഒരുപാട് മാറി. ഭക്ഷണം കഴിക്കുന്നതിനിടയിലും അവന് അധികമൊന്നും സംസാരിച്ചില്ല. ഭക്ഷണം കഴിച്ചുകഴിഞ്ഞ് അവന് കുഞ്ഞ് കിടക്കുന്ന കട്ടിലിനടുത്തെത്തി, കുഞ്ഞിനൊപ്പം വെറുതേയൊന്നു തല ചായ്ച്ചു. ആ കിടപ്പില് അവന് അറിയാതെ ഉറങ്ങിപ്പോയി. ക്ഷീണം കാണും. 2 പേരും നന്നായി ഉറങ്ങട്ടേയെന്നു അവളും മനസ്സില് കരുതി. ചന്തുവിന്റെ മനസ്സില് എന്തൊക്കയോ വിഷമങ്ങള് ഉണ്ട്. എന്തൊക്കയോ നിഖൂടതകള് അവനെ ചുറ്റിപ്പറ്റി നില്ക്കുന്നു.

അവന് ആളാകെ മാറിപ്പോയി. അങ്ങനെ ഓരോന്ന് ആലോചിച്ചാണ് ദേവു ഉറങ്ങാന് കിടന്നത്. പിറ്റേന്ന് നേരം പുലര്ന്നു. രാത്രിയുടെ കറുത്ത തിരശ്ശീല നീക്കി പകല് രംഗപ്രവേശനം ചെയ്യുന്നു. ദേവു അതിരാവിലെ തന്നെ ഉണര്ന്നിരുന്നു. യാത്രാക്ഷീണത്താല് തളര്ന്നുറങ്ങുകയായിരുന്ന ചന്തുവും കുഞ്ഞും ഇത്തിരി വൈകിയാണ് ഉണര്ന്നത്. മൂവരും ഒന്നിച്ച് പ്രഭാത ഭക്ഷണം കഴിച്ചു. കുഞ്ഞിന്, കൊച്ചുകുഞ്ഞുങ്ങളുടേതായ കുറച്ച് പിടിവാശിയൊക്കെ ഉണ്ടെങ്കിലും ചന്തുവിനെ ഏറെയിഷ്ടമായിരുന്നു. ഭക്ഷണം കഴിച്ചുകഴിഞ്ഞ് ചന്തു കുഞ്ഞിനേയും എടുത്തുകൊണ്ട് ഉമ്മറത്തിട്ടിരിക്കുന്ന ചാരുകസേരയില് ഭിത്തിയില് തൂക്കിയിരിക്കുന്ന ദേവുവിന്റെ അച്ഛന്റെയും അമ്മയുടെയും ഫോട്ടോയില് നോക്കിയിരിക്കുന്നു.

പതിയെ ദേവുവും അവിടേക്ക് നടന്നുവന്ന് അരഭിത്തിയില് ഇരിക്കുന്നു. എന്നിട്ട് ദേവു ചന്തുവിനോടായി ചോദിക്കുന്നു,, നിന്റെ വിശേഷങ്ങളൊന്നും പറഞ്ഞില്ലല്ലോ. കുഞ്ഞിന്റെ പേരെന്താണ്? എന്തുപറ്റി കുഞ്ഞിന്റെ അമ്മയെക്കൂടി കൂടെ കൂട്ടാതിരുന്നത്? കുഞ്ഞിന്റെ പേര് ശിവാനി എന്നാണ്. ചന്തു അതുപറഞ്ഞപ്പോഴേക്കും ശിവാനി മടിയില് നിന്നും താഴെയിറങ്ങാന് ചെറിയ നിര്ബന്ധം കാണിക്കുവാന് തുടങ്ങി. അതുകണ്ട്, ദേവു അവളെയും എടുത്തുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങി.