വസന്തം മറന്ന പൂക്കൾ 22

ആ മഴയുടെ തണുപ്പിലും അവള് ആകെ വിയര്ക്കുന്നു. പതിയെ യാഥാര്തഥ്യത്തിലേക്ക് തിരികെ വന്ന ദേവു, നിലത്തുവീണ എഴുത്ത് വിറയാര്ന്ന കൈകള്കൊണ്ടെടുത്ത് പൊട്ടിച്ച് ആ അരണ്ട വെളിച്ചത്തില് വായിക്കുവാന് തുടങ്ങുന്നു. ചുരുങ്ങിയ വാക്കുകളില് വികാരങ്ങള് കുത്തിനിറച്ച് ചന്തു എഴുതിയ കത്ത് ഇങ്ങനെയായിരുന്നു. പ്രിയപ്പെട്ട ദേവു അറിയുന്നതിന്, എന്നെ മറന്നിട്ടുണ്ടാവില്ല എന്ന് ഞാന് കരുതുന്നു.

എനിക്ക്, ഞാന് ഇന്ന് തികച്ചും ഒരു അപരിചിതനായിത്തീര്ന്നിരിക്കുന്നു. അപരിചിതനായ ഒരാളെക്കുറിച്ച് പറയുന്നതിലും അര്ത്ഥമില്ലല്ലോ. ഞാന്, ഞാനുമായി പിരിഞ്ഞ ദിവസത്തിന് കൃത്യമായ കണക്കുകളൊന്നും എന്റെ കൈവശമില്ല. ഒഴുക്കിനനുസരിച്ച് എങ്ങോട്ടന്നില്ലാതെ ഒഴുകുകയാണ് ഇന്ന് ഞാന്. ബാല്യം മുതല് നാം ഒരുമിച്ചുണ്ടായിരുന്ന ആ നല്ല നാളുകള് എനിക്ക് ഇന്ന് ഒരുപാട് വലിയ നഷ്ടമായി തോന്നുന്നു. ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത ആ മധുരം തുളുമ്പുന്ന ഓര്മ്മകള് എന്റെ മനസ്സിനെ കുത്തിക്കീറുകയാണ്. മനസ്സിലെ വിഷമങ്ങള് ഒന്നു പങ്കുവയ്ക്കാന്, മനസ്സിന്റെ ഭാരങ്ങള് എല്ലാം ഒന്നിറക്കിവക്കാന് അവിടേക്ക് ഒന്നു തിരികെ വരാന് ആഗ്രഹിക്കുന്നു ഞാന്.

അടുത്ത പൗര്ണ്ണമി നാളില് കുന്നുകയറി ഞാന് അവിടെ ഉണ്ടാകും, നിന്റെ വീട്ടില്. ഇത്രയും പറഞ്ഞ് ചന്തു കത്ത് അവസാനിപ്പിച്ചു. കത്ത് വായിച്ചുകഴിഞ്ഞപ്പോഴേക്കും, ദേവുവിന്റെ മനസ്സിലും കഴിഞ്ഞകാല ഓര്മ്മകളുടെ നഷ്ടമോര്ത്ത് വിഷാദം അലതല്ലിതുടങ്ങുന്നു. പതിയെ കത്ത് മടക്കി ഭദ്രമായി പുസ്തകങ്ങളുടെ ഒപ്പം മേശപ്പുറത്തു വച്ചിട്ട്, കലണ്ടറില് അടുത്ത പൗര്ണ്ണമി എന്നാണെന്നു നോക്കുവാന് ഓടുന്നു. നാളെയാണ് പൗര്ണ്ണമി. ചന്തുവിന്റെ വരവ് ഇങ്ങടുതല്ലോന്ന് ഓര്ത്തപ്പോള് അവളുടെ കണ്ണുകള് സന്തോഷത്താല് തിളങ്ങുന്നു.

തലവേദന കാരണം 2 ദിവസത്തേക്ക് ലീവ് എഴുതിക്കൊടുത്തത് എത്ര നന്നായി എന്ന് അവള് മനസ്സില് ഓര്ത്തു. എന്നിട്ട് ജോലികളെല്ലാം തീര്ത്ത് രാത്രി ഭക്ഷണവും കഴിച്ച് ഉറങ്ങാന് കിടന്നു. നാളെ അതിരാവിലെ എഴുന്നേല്ക്കണം, ചന്തുവിനെ സ്വീകരിക്കാന് വേണ്ട ഒരുക്കങ്ങള് ഒക്കെ ചെയ്യണം, ഇങ്ങനെ ഓരോന്ന് ആലോചിച്ച് കിടന്ന് അവള്ക്ക് ഉറക്കം വന്നതേയില്ല. രാത്രിക്ക് ദൈര്ഘ്യം കൂടുതലാണെന്നു പറഞ്ഞ് അവള് സമയത്തെ പഴിപറഞ്ഞു. ഉറക്കം വരാതെ ആയപ്പോള്, ചന്തുവിന്റെ കത്ത് അവള് വീണ്ടും പലതവണ വായിച്ച് അങ്ങനെ അങ്ങനെ എപ്പോഴോ അവന് ഉറക്കത്തിലേക്കു വഴുതിവീണു. പിറ്റേദിവസം പ്രഭാതം പൊട്ടിവിരിഞ്ഞപ്പോഴേക്കും മഴയൊക്കെ മാറി മാനം തെളിഞ്ഞു. കരണ്ടും വന്നു. ദേവു, തിരക്കുപിടിച്ച് ചന്തുവിന്റെ വരവിനായുള്ള ഒരുക്കങ്ങളില് മുഴുകിയിരിക്കുകയാണ്.