അതുകൊണ്ട് കത്തുകള് വല്ലതും ഉണ്ടെങ്കില് സ്കൂളില് എത്തിക്കുകയാണ് പതിവ്. ദേവു നേരത്തേ തന്നെ വീട്ടിലേക്കു മടങ്ങിയതുകാരണമാണ് മകളുടെ കയ്യില് കത്ത് കൊടുത്തുവിട്ടത്. അടുത്ത 2 ദിവസങ്ങള് ശനിയും ഞായറും ആണല്ലോ. അവധി ദിവസങ്ങള്. അമ്മൂ,, കയറിയിരിക്ക് മോളെ, മഴയല്ലെ ഒരു കപ്പ് ചൂട് കാപ്പി കുടിച്ചിട്ട് പോകാം. ദേവു അമ്മുവിനെ അകത്തേക്ക് ക്ഷണിച്ചു. വേണ്ട ചേച്ചി, നേരം ഇരുട്ടിതുടങ്ങി, പോരാത്തതിന് നല്ല മഴയും, കാപ്പി മറ്റൊരു ദിവസം കുടിക്കാട്ടോ. അതും പറഞ്ഞ് ഒരു കത്ത് അവള് ദേവുവിന് നേരെ നീട്ടി. കണ്ണന് എന്തു പറയുന്നു? കത്ത് കൈ നീട്ടി വാങ്ങുന്നതിനിടയില് ദേവു ചോദിച്ചു. എന്നും വിളിക്കാറുണ്ട്. അടുത്ത ഓണത്തിന് വരുന്നുണ്ട്.
അതും പറഞ്ഞ്, അമ്മു പതിയെ യാത്ര പറഞ്ഞ് ഇറങ്ങി. അമ്മുവിന്റെ ചേട്ടനാണ് കണ്ണന്. അവന്, ഇപ്പോള് മംഗലാപുരത്ത് ഒരു ആശുപത്രിയില് ജോലി ചെയ്യുകയാണ്. മഴയത്ത് കുടയുംചൂടി അമ്മു കുന്നിറങ്ങി വീട്ടിലേക്ക് പോകുന്നു. കാഴ്ച മറയുംവരെ ദേവു അത് നോക്കി നില്ക്കുന്നു. സാധാരണ അങ്ങനെ കത്തുകളൊന്നും വരാറില്ല. ലോണിന്റെ തവണകളടക്കാനുള്ള ഓര്മ്മപ്പെടുത്തലുമായി നോട്ടീസുകള് മാത്രമാണ് വരാറുള്ളത്. അത് പതിവുതെറ്റാതെ എല്ലാ മാസവും കൃത്യമായി എത്തും. കാലംതെറ്റി പെയ്യിത മഴയുടെ തുടര്ച്ചയെന്നോണം വീണ്ടും പതിവുകള് തെറ്റുന്നു. ഇത്തവണ അതൊരു നോടീസല്ല. അതൊരു എഴുത്തായിരുന്നു.
അത് ആരുടെ എഴുത്താണന്നറിയാന് അവള് എഴുത്ത് ചിമ്മിനി വിളക്കിനോട് അടുത്തുപിടിക്കുന്നു. From Address നോക്കുന്നു. അവള് ആകെ ഞെട്ടിപ്പോയി. അവിടെ ഒരു ചോദ്യചിഹ്നം മാത്രം. അതെ, ഇത് അവന് തന്നെ,, ചന്തു,,,! ഒരിക്കലും മറക്കില്ല അവള്. ചോദ്യചിഹ്നത്തെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന, ചോദ്യചിഹ്നത്തെ പ്രണയിച്ചിരുന്ന ചന്തു. ചെറുപ്പം മുതലേ ഒന്നിച്ചു കളിച്ചുവളര്ന്ന് പിന്നെ എങ്ങോട്ടെന്നില്ലാതെ എന്തിനൊക്കയോ വേണ്ടി അവളുടെ ജീവിതത്തില് നിന്നും ഓടി അകന്നുപോയ അവളുടെ ബാല്യകാല സുഹൃത്ത്. ഒരു മിന്നല് അവളുടെ ഉള്ളില് നിന്ന് പ്രവഹിച്ചുവോ എന്ന് അവള്ക്കു തോന്നി. ആ മിന്നല് പ്രകൃതിയിലേക്കും വ്യാപിച്ചതുപോലെ മഴയോടൊപ്പം ഒരു മിന്നല് വന്നതും ഒരുമിച്ചായിരുന്നു. അതുകൂടി ആയപ്പോള്, എഴുത്ത് അവളുടെ കയ്യില് നിന്നും അറിയാതെ താഴെ വീണു പോകുന്നു.