പക്ഷെ, കുറച്ചു കാലം മുന്പേ ജീവിതയാത്ര ആരംഭിച്ച ദേവുവിന് പഴയ സ്കൂള് ഓര്മ്മകള് അങ്ങനെയായിരുന്നില്ല. കാലത്തിന്റെ തേരിലേറി പിറകിലേക്ക് സഞ്ചരിക്കുമ്പോള്, കണ്ണീരിന്റെ നനവോടുകൂടി മാത്രം താലോലിക്കാന് കഴിയുന്ന കുറേ മധുരമുള്ള ഓര്മ്മകള് അവള്ക്കായി അവിടെ കാത്തിരിപ്പുണ്ട്. അങ്ങനെ മണ്ണിനെയും മനസ്സുകളെയും തൊട്ടറിഞ്ഞ്, പഠിച്ചുവളര്ന്ന ആ പഴയ സ്കൂളില് തന്നെയാണ് അവള് ഇന്ന് അദ്ധ്യാപികയായി വന്നിരിക്കുന്നതും. സ്കൂളിന്റെ മുന്നില് വിശാലമായ ഒരു മൈതാനവും അതിനപ്പുറത്തായി മനോഹരമായ ഒരു പ്രവേശന കവാടവും ഉണ്ട്. മൈതാനത്തിന്റെ ചുറ്റും അതിരുകളില് തണല് വിരിച്ചുകൊണ്ട് വാഹമരങ്ങള് തലയെടുപ്പോടെ നിരനിരയായി നില്ക്കുന്നു.
കുറച്ചപ്പുറതായി ഒരു വലീയ ആല്മരം പടര്ന്നു പന്തലിച്ചങ്ങനെ നില്പ്പുണ്ട്. അതിന് ചുറ്റും വളരെ ഭംഗിയായി ആകര്ഷകമായ രീതിയില് ഒരു ആല്ത്തറയും നിര്മ്മിച്ചിട്ടുണ്ട്. ആല്ത്തറയുടെ തെക്കേ മൂലയില് കയറിനിന്ന് കുറച്ച് പുറകിലേക്ക് നോക്കിയാല് കാണാം, മഞ്ഞുപോലെ തണുത്ത, കുളിര്മ്മയേകുന്ന വെള്ളം നിറഞ്ഞ, ഒരിക്കലും വറ്റാത്ത ഒരു കിണര്. അങ്ങനെ, പറഞ്ഞാല് തീരാത്ത ഒരുപാട് ഒരുപാട് വിശേഷങ്ങള് ഉണ്ട് സ്കൂളിന്. പ്രധാന കവാടമാല്ലാതെ സ്കൂളിന് മറ്റൊരു വഴികൂടിയുണ്ട്. ആ വഴിയില്കൂടി കുറച്ചു ദൂരം നടന്നാല് ദേവുന്റെ വീട്ടില് എത്താം.
സ്കൂള് മൈതാനത്തുനിന്നും ആ വഴിയിലൂടെ പുറത്തേക്കിറങ്ങുമ്പോള് കാണാം വിശാലമായ നെല്വയലുകള്. കൊയ്യാന് പാകമായ നെല്ച്ചെടികള് കാറ്റത്ത് ആടിയുലഞ്ഞ് നില്ക്കയാണ്. അതുകണ്ടാല്, കടലില് തിരമാലകള് ഓളം തല്ലുകയാണോ എന്ന് സംശയിക്കും. നെല്വയലുകളുടെ മധ്യത്തില്കൂടി ഒരു വരമ്പ് ഉണ്ട്. ആ വരമ്പ് അവസാനിക്കുന്നത് ഒരു ചെറിയ പാലത്തിനടുത്താണ്. വരമ്പിലൂടെ നടന്ന് പാലവും കയറിക്കഴിഞ്ഞാല് മറ്റൊരു മണ്പാതയായി. ആ പാതയില്കൂടി കുറച്ച് ദൂരം കൂടി മുന്നോട്ട് നടക്കുമ്പോള് ഗൃഹാതുരത്ത്വം വിളിചോദുന്ന ഒരു വഴിയമ്പലമാണ് നമ്മെ സ്വാഗതം ചെയ്യുന്നത്. ആ വഴിയമ്പലത്തിനോട് ചേര്ന്നു തന്നെ പുറകിലേക്ക് ഒരു ചെറിയ നടപ്പാത കൂടി കാണാം.