അനാഥാലയങ്ങള് മാത്രമാണ് എനിക്ക് മുന്നിലുള്ള മറ്റൊരേയൊരു പോംവഴി. ചന്തു വീണ്ടും വിടപറയുകയാണെന്ന് അറിഞ്ഞപ്പോള് അവള് പോലുമറിയാതെ അവളുടെ മിഴികള് ഈറനണിഞ്ഞു തുടങ്ങിയിരുന്നു. വീണ്ടും ചന്തുവിനെ പിരിയേണ്ടിവരുന്നതില് വിഷമം ഏറെയുണ്ടെങ്കിലും ചന്തുവിനെ പിന്തിരിപ്പിക്കാന് അവള് ശ്രമിച്ചില്ല. അവന്റെ ആഗ്രഹം തന്നെ നടക്കട്ടേയെന്ന് കരുതി. അവന്റെ വിഷമം കുറച്ചെങ്കിലും ഒന്ന് ശമിക്കാന് ആ തീരുമാനം ഉചിതമാണെന്നു തോന്നി. ചുറ്റും ഭയാനകമായ ഏകാന്തതയാല് വരിഞ്ഞു മുറുക്കപ്പെട്ടുകൊണ്ടിരുന്ന ദേവുവിന്റെ ജീവിതത്തിലേക്ക് ശിവാനി കടന്നുവന്നത് അവള്ക്ക് ഒരു വലീയ അനുഗ്രഹമായിരുന്നു, ആശ്വാസമായിരുന്നു. അവളുടെ ജീവിതത്തിന് പുതിയ അര്ത്ഥതലങ്ങള് കണ്ടെത്താനുള്ള ഒരു വാതില് തുറക്കപ്പെടുകയായിരുന്നു അവിടെ. മിഴികള് തുടച്ചുകൊണ്ട് അവള് പറഞ്ഞു, ശിവാനിയെ എനിക്ക് തന്നതില് ഞാന് അങ്ങേയറ്റം സന്തോഷിക്കുന്നു.
ഒരിക്കലും അവള് എനിക്കൊരു ബാധ്യതയാവില്ല. അത് പറഞ്ഞു തീര്ന്നപ്പോഴേക്കും അവള് വിതുമ്പിക്കൊണ്ട് അകത്തെ മുറിയിലേക്ക് ഓടിപ്പോയി. രംഗബോതമില്ലാത്ത ഒരു കോമാളിയാണ് മരണമെന്ന് പറയുന്നത് എത്രയോ ശരിയാണ്. മരണം, അവനതാ ജീവിതത്തിലേക്ക് നോക്കിക്കൊണ്ട് ചിരിച്ചുകൊണ്ട് പല്ലിളിച്ച് ഗോഷ്ഠികള് കാണിക്കുന്നു. വികാരങ്ങളുടെ ചുടലപ്പറമ്പാകുന്ന ചന്തുവിന്റെ മനസ്സ് അണഞ്ഞു തീരാത്ത ചിതപോലെ നീറി നീറി എരിഞ്ഞുകൊണ്ടേയിരുന്നു. ഇരുവര്ക്കും ഉറക്കം നഷ്ടമായ ഒരു രാത്രി. നിമിഷമാകുന്ന ഇലകള് കൊഴിഞ്ഞുവീണുകൊണ്ടേയിരുന്നു. സമയം അങ്ങനെ പുലച്ചെ 4 മണിയായി. പുലര്ക്കാലം പടിവാതിലിലേക്ക് പതുക്കെ നടന്നടുക്കുന്നു. കുന്നുകയറി വന്നപ്പോള് കയ്യില് കരുതിയിരുന്ന ബാഗ് ചന്തു മുറിയില് തന്നെ വച്ചു. അതുനിറയെ കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളുമായിരുന്നു. തോള്സഞ്ചി മാത്രം തോളില് തൂക്കികൊണ്ട് അവന് ദേവുവിന്റെ മുറിയുടെ വാതിലിനരികിലെത്തി പതിയെ ദേവുവിനെ വിളിച്ചു. എന്നിട്ട് തോള്സഞ്ചിയില് നിന്നും ഒരു വലീയ പൊതിയെടുത്ത് അത് ദേവുവിനെ ഏല്പ്പിച്ചു. എന്നിട്ട് പറഞ്ഞു, ഇതു മുഴുവന് എന്റെ സമ്പാദ്യമാണ്.