വസന്തം മറന്ന പൂക്കൾ 22

അങ്ങനെ ഞാൻ ഇവിടെ എത്തി. അതാണ് ഈ യാത്രയുടെ ചരിത്രം. കഥ മുഴുവൻ പറഞ്ഞുകഴിഞ്ഞ് ചന്തു മുഖം തിരിച്ച് ദേവുവിനെ നോക്കി. അവളുടെ മിഴികൾ നിറഞ്ഞുതുളുമ്പുകയായിരുന്നു. നിസ്സഹായതയോടെ ചന്തു ദേവുവിനെ തന്നെ നോക്കി ഇരുന്നു. ദേവു ചോദിച്ചു, എന്താ ചന്തു വിധി നമ്മുടെ ജീവിതത്തിലേക്ക് മാത്രമായിട്ട് ഇത്രത്തോളം ദുഃഖങ്ങൾ കരുതിവച്ചിരുന്നത്? അതിന് ചന്തുവിന് ഉത്തരമില്ലായിരുന്നു. അവൻ ദേവുവിനെ മാറോട് ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. അകത്തെ മുറിയിലെ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ഘടികാരത്തിന്റെ സൂചി ഒരുപാട് ദൂരം മുന്നോട്ട് സഞ്ചരിച്ചിരുന്നു. സമയം കടന്നുപൊയ്ക്കോണ്ടിരുന്നത് അവർ അറിഞ്ഞതേയില്ല.

അപ്പോഴേക്കും മുറിയിൽ ഉറങ്ങിക്കിടന്നിരുന്ന ശിവാനി ഉണർന്നിരുന്നു. അടുത്ത് ആരെയും കാണാതിരുന്നതുകൊണ്ട് അവൾ പരിഭ്രമിച്ചിരിക്കുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ദേവുവും ചന്തുവും വീട്ടിലേക്ക് മടങ്ങി. ദേവു അവളെ വാരിയെടുത്ത് ആശ്വസിപ്പിച്ചു. അവൾ പതിയെ ഉറക്കത്തിന്റെ മൂടാപ്പിൽ നിന്നും വിട്ട്, ഉത്സാഹവതിയായി. തലേ ദിവസത്തേതുപോലെ ആയിരുന്നില്ല രാത്രി ഭക്ഷണം. എല്ലാവരും ഒന്നിച്ചു തന്നെ ഭക്ഷണം കഴിക്കാൻ ഇരുന്നെങ്കിലും ദേവു ശിവാനിക്ക് ഭക്ഷണം കൊടുക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു. ദേവു ഭക്ഷണം കഴിച്ചില്ല. ചന്തു വെറുതെ ചോറുപാത്രത്തിൽ വിരലോടിച്ചിരുന്നു.

ഭക്ഷണം കഴിച്ചുകഴിഞ്ഞ് ശിവായനിയെ വീണ്ടും ഉറങ്ങാൻ കിടത്തി. ചന്തുവിനും ദേവുവിനും പക്ഷെ ഉറക്കം വന്നതേയില്ല. അവർ മുറിയിൽ എന്തൊക്കയോ ആലോചിച്ചു നിശബ്ദരായി ഇരുന്നു. പശ്ചാത്തലസംഗീതമൊരുക്കി മൗനം വാചാലനായി. കുറേ നേരത്തെ ആലോചനക്ക് ശേഷം ചന്തു പറഞ്ഞു. മരണം എന്നിലേക്ക് ഒരുപാട് അടുത്തുകഴിഞ്ഞു. മരണത്തിനായുള്ള കാത്തിരിപ്പ് ഭീകരമായ ഒരു അവസ്ഥയാണ്. നിന്റെ വിഷമം കണ്ടുനിൽക്കാൻ എന്റെ മനസ്സിന് ശക്തിയില്ല. ഞാൻ നാളെ പുലർച്ചെ സൂര്യനുദിക്കുന്നതിനും മുൻപ് ഇവിടെ നിന്നും വീണ്ടും യാത്ര പോവുകയാണ്. എന്നെ തടയരുത്. ഈ യാത്ര ഞാൻ മനസ്സിനുള്ളിൽ നേരത്തേ തന്നെ കുത്തികുറിച്ചിരുന്നതാണ്. ശിവാനിയെ ഞാൻ ഇവിടെ ഏൽപ്പിച്ചിട്ടാണ് മടങ്ങുന്നത്. അവൾ, ദേവുവിന് ഒരു ബാധ്യതയാവില്ലെങ്കിൽ മാത്രം.