അങ്ങനെ ഞങ്ങൾ കാന്റീനിൽ എത്തി പരസ്പരം അഭിമുഖമായി ഇരുന്നു. അദ്ദേഹം തന്നെ കോഫിയും ഓർഡർ ചെയ്യിതു. എന്തൊക്കയോ ഒരുപാട് സംസാരിക്കുവാനുണ്ടെന്ന് അദ്ദേഹത്തിന്റെ മുഖഭാവത്തുനിന്ന് എനിക്ക് മനസ്സിലായി. എന്തിനാണ് കാണണമെന്നു പറഞ്ഞതെന്ന് ഡോക്ടർ ഇതുവരെയും പറഞ്ഞില്ലല്ലോ എന്ന് ഞാൻ തിരക്കി. അദ്ദേഹം പതിയെ എന്നെകുറിച്ചും നാടിനെക്കുറിച്ചുമൊക്കെ ചോദിച്ചു. എന്നിട്ട് കുറച്ചു ഗൗരവത്തിൽ സംസാരം മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി. എനിക്ക് ഇങ്ങനെയൊരു വാർത്ത ചന്തുവിനോട് പറയേണ്ടിവന്നതിൽ അതിയായ വിഷമമുണ്ട്. പക്ഷെ, ഇക്കാര്യം മറച്ചുവെക്കുവാനും എനിക്ക് കഴിയില്ല. ചന്തു വളരെ ചെറുപ്പമാണ്. വിധിയുടെ വിരൽത്തുമ്പിലെ ചരടിൽ കെട്ടിയ കളിപ്പാവകൾ മാത്രമാണ് നാം. ചരടിന്റെ അങ്ങേയറ്റം നിയന്ത്രിക്കുന്നതു വിധിയാണ്. നാം തികച്ചും നിസ്സഹായരാണ്. ഡോക്ടർ വീണ്ടും നിശബ്ദനായി.
അദ്ദേഹത്തിന്റെ വാക്കുകളിലേ ആശയത്തിന്റെ കാഠിന്യം, വളരെ ഗൗരവമുള്ള എന്തോ വാർത്തയാണ് അദ്ദേഹത്തിന് എന്നോട് പറയാനുള്ളതെന്ന് സൂചിപ്പിച്ചുകൊണ്ടേയിരുന്നു. ഒരു കപ്പ് കോഫി കുടിച്ചുതീർന്നപ്പോഴേക്കും, എന്നെ മാരകമായ രക്താർബുദം ബാധിച്ചിരിക്കുന്നുവെന്ന് അദ്ദേഹം എങ്ങനെയൊക്കെയോ ഒരുവിധത്തിൽ പറഞ്ഞുതീർത്തു. ആ വാർത്ത കേട്ടപ്പോൾ തന്നെ ഞാൻ ആകെ മരവിച്ചിരുന്നുപോയി. മരുന്നുകൊണ്ട് ഭേതമാക്കാവുന്ന അവസ്ഥയൊക്കെ എന്നേ കഴിഞ്ഞിരിക്കുന്നു. പാതി മരിച്ച മനസ്സുമായി ഞാൻ അവിടെ നിന്നും ഇറങ്ങി. തികച്ചും യാന്ത്രികമായി ശിവാനിയെയും കൂട്ടി മുറിയിലെത്തി. അവളുടെ തിളങ്ങുന്ന കണ്ണുകളോടുകൂടിയ പുഞ്ചിരി തൂകുന്ന നിഷ്ക്കളങ്കമായ ആ മുഖത്തേക്ക് നോക്കിയ എനിക്ക് കദനം മറക്കാൻ കഴിഞ്ഞില്ല.
എന്റെ മിഴികൾ അനുസരണയില്ലാതെ കണ്ണുനീർ പൊഴിച്ചു. ഞാൻ പോയാൽ പിന്നെ ശിവാനിക്ക് ആരുണ്ട്? അവളെ മാറോടു ചേർത്ത് ആവോളം കരഞ്ഞു. കണ്ണൻ പറഞ്ഞ കഥയിലെ, എന്നെ കാത്തിരിക്കുന്ന ദേവുവിന്റെ മുഖം അപ്പോഴും എന്റെ മനസ്സിൽ മായാതെ തങ്ങിനിൽപ്പുണ്ടായിരുന്നു. കണ്ണനിൽ നിന്നും വിവരങ്ങൾ അറിഞ്ഞപ്പോൾ മുതൽ മനസ്സ് നാട്ടിലേക്ക് ഒരു മടങ്ങിവരവ് കൊതിച്ചു തുടങ്ങിയിരുന്നു. ബാക്കി ജീവിതം ദേവുവിനൊപ്പം ഒന്നിച്ചു ജീവിച്ചു തീർക്കാനായിരുന്നു അത്. പക്ഷെ, വിധി വീണ്ടും തോൽപ്പിച്ചു. ശിവാനി ഈ ലോകത്ത് ഒറ്റപ്പെട്ടുപോകുമല്ലോന്ന് ഓർത്തപ്പോൾ ഈ അവസരത്തിൽ നാട്ടിലേക്ക് ഒരു മടക്കയാത്ര തികച്ചും അനിവാര്യമാണെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. അങ്ങനെ കർത്തവ്യങ്ങളിൽ നിന്നെല്ലാം വിരമിച്ചുകൊണ്ട്, കഴിവതും വേഗത്തിൽ ഉള്ളതെല്ലാം കെട്ടിപറക്കി, ശിവാനിയെയും തോളിലെടുത്ത് മംഗലാപുരത്തിനോട് വിട പറഞ്ഞുകൊണ്ട് യാത്ര ആരംഭിച്ചു.