അങ്ങനെ ഞാന് അവനെയുംകൊണ്ട് ആശുപത്രിയില് എത്തി. അവിടെ എത്തിയപ്പോള് അവര് പരിശോധിച്ചിട്ട് പറഞ്ഞു, ഒരുപാട് രക്തം വാര്ന്നൊഴുകിപ്പോയതുകൊണ്ട് രക്തം ആവശ്യമായി വന്നേക്കാം എന്ന്. എങ്കില് എന്റെ രക്തം അനുയോജ്യമാണോയെന്ന് നോക്കാന് ഞാന് ആവശ്യപ്പെട്ടു. പെട്ടന്നുതന്നെ എന്റെ കുറച്ച് രക്തം എടുത്ത് അവര് ടെസ്റ്റ് ചെയ്യുന്നതിനായി കൊണ്ടുപോയി. എന്നോട് കാത്തിരിക്കുവാനും പറഞ്ഞു. അങ്ങനെ ഞാനവിടെ റിസള്ട്ടിനായി കാത്തിരിക്കുന്നതിനിടയില് നമ്മുടെ പോസ്റ്റ്മാന് കുട്ടന് ചേട്ടന്റെ മകന് കണ്ണനെ അവിചാരിതമായി കണ്ടു. കണ്ണന് ഇപ്പോള് അവിടെയാണ് ജോലിചെയ്യുന്നതെന്ന് ഞാന് അപ്പോഴാണ് അറിയുന്നത്. കുറേ വര്ഷങ്ങളായില്ലെ നാടുവിട്ടിട്ട്.
കണ്ണനോട് ഞാന് നാടിലെ വിശേഷങ്ങള് തിരക്കി. ദേവുവിനെകുറിച്ച് നിറയെ ചോദിച്ചു. അങ്ങനെ കണ്ണനില് നിന്നാണ് ദേവുവിന്റെ അച്ഛനും അമ്മയും മരിച്ചുപോയ കാര്യവും ദേവു ഇപ്പോള് തനിച്ചാണ് കഴിയുന്നതെന്നുമൊക്കെ ഞാന് അറിയുന്നത്. അതൊക്കെയറിഞ്ഞപ്പോള് മനസ്സ് വല്ലാതെ ഒന്നുലഞ്ഞു. നാട്ടിലേക്ക് ഒരു മടക്കയാത്ര മനസ്സ് ആഗ്രഹിച്ചു തുടങ്ങി. കണ്ണനുമായി സംസാരിച്ചു നില്ക്കുമ്പോള് ഒരു നേഴ്സ് വന്നു. സ്റ്റിച്ച് ഇട്ടിട്ടുണ്ട്, രക്തം ആവശ്യമായിവന്നില്ല. രോഗിക്ക് ഇപ്പോള് തിരികെ പോകാം. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാവുകയാനെങ്കില് മടിക്കാതെ വന്നു കാണിക്കണം.
പിന്നെ എന്നോടായിട്ട്, നിങ്ങള് ഡോക്ടറിനെ ഒന്നു കണ്ടിട്ടേ പോകാവൂ എന്നും അവര് പറഞ്ഞു. വീണ്ടും കാണാം എന്നു പറഞ്ഞ് കണ്ണനോട് യാത്ര പറഞ്ഞിട്ട്, കൈ മുറിഞ്ഞ ജോലിക്കാരനെ ഒരു ഓട്ടോറിക്ഷയില് കയറ്റിവിട്ടിട്ട് ഞാന് തിരികെ വന്ന് ഡോക്ടറിനെ കാത്ത് അങ്ങനെ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഡോക്ടർ അദ്ദേഹത്തിന്റെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി വന്നു. മലയാളിയായ അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നു. വെളിയിലേക്ക് നടന്നുപോകുന്ന അദ്ദേഹത്തെ സമീപിച്ചപ്പോൾ എന്നോട് പേര് ചോദിച്ചു. ഞാൻ പേര് പറഞ്ഞപ്പോൾ എന്നെ അദ്ദേഹത്തിന് മനസ്സിലായി. ചന്തു വരൂ, നമുക്ക് കാന്റീനിൽ നിന്ന് ഒരു കോഫി കഴിക്കാം. ക്ഷണനം നിരസിക്കാൻ തോന്നാത്ത തരത്തിൽ, അത്രത്തോളം ആത്മാർത്ഥമായിട്ടാണ് ക്ഷണിച്ചത്.