അവളുടെ യഥാര്ത്ഥ പേര് എന്താണെന്ന് എനിക്കറിയില്ല. ഞാന് അവള്ക്ക് ശിവനിയെന്ന് പേരിട്ടു. അന്നുമുതല് ഞാനാണ് അവള്ക്ക് കൂട്ടുകാരനും, അനിയനും ചേട്ടനും അച്ഛനും അമ്മയും അങ്ങനെ എല്ലാം എല്ലാം. അങ്ങനെ എന്റെ ജീവിതയാത്രയില് ഞാന് ശിവാനിയും കൂടെ കൂട്ടി. ആദ്യമൊക്കെ കുഞ്ഞിനെ നോക്കുന്നതും ജോലിക്കുപോകുന്നതും രണ്ടും കൂടി എനിക്ക് കുറച്ച് ബുദ്ധിമുട്ടായി തോന്നിയെങ്കിലും, പതിയെ പതിയെ അതൊക്കെ എനിക്ക് ശീലമായി. അടുത്ത് താമസിക്കുന്ന ചില നല്ലവരായ ആളുകളുടെ സഹായവും കിട്ടാറുണ്ടായിരുന്നു. ഉള്ളാള് എന്ന ആ വര്ക്കിംഗ് സൈറ്റ് കടലിനും കായലിനും നടുവിലായിരുന്നു. കടലിലേക്കും കായലിലേക്കും 50 മീറ്ററിന്റെ അകലം പോലും ഉണ്ടായിരുന്നില്ല. ജലത്താല് ചുറ്റപ്പെട്ട ഒരു സ്ഥലം. തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു ആ സൈറ്റ് എനിക്ക് സമ്മാനിച്ചത്. അവിടെ ശിവാനിയെ എന്റെ മകളായിട്ടു തന്നെയാണ് ഞാന് പരിചയപ്പെടുത്തിയിരുന്നത്.
പകല് സമയങ്ങളില് ശിവാനിയെ അടുത്തുള്ള ഒരു ഡേ കെയറില് ആക്കും. വൈകുന്നേരം ഞാന് തിരികെ പോകുമ്പോള് അവളെയും വിളിച്ചുകൊണ്ടു പോകും. അതായിരുന്നു പതിവ്. ദിവസങ്ങള് അങ്ങനെ മുന്നോട്ടുനീങ്ങി. Site-ല് പുതിയ plant-ന്റെ വര്ക്ക് പുരോഗമിച്ചുകൊണ്ടേയിരുന്നു. കടലിനോട് വളരെ അടുത്ത് ചേര്ന്നു കിടക്കുന്ന ഒരു site ആയതുകൊണ്ട് ഇത്തവണ MS ഒഴിവാക്കി, വര്ക്ക് പൂര്ണ്ണമായും SS-ല് ആണ് ചെയ്യുന്നത്. അതുകൊണ്ട് ഉപ്പിന്റെ സാന്നിദ്ധ്യം കൂടുതലാണെങ്കിലും തുരുമ്പ് പിടിക്കുമെന്ന പേടി വേണ്ട. ഒരുപാടുകാലം നിലനില്ക്കുകയും ചെയ്യും.
വര്ക്ക് കഴിവതും വേഗത്തില് തീര്ക്കുന്നതിനായി വെല്ടിംഗ് മെഷിനും കട്ടിംഗ് മെഷിനും ഒക്കെ വിശ്രമമില്ലാതെ പ്രവര്ത്തിച്ചുകൊണ്ടേയിരുന്നു. ഓഹ്, ക്ഷമിക്കണം ദേവു, അറിയാതെ വിഷയത്തില് നിന്നും ഞാന് ഒരുപാട് അകന്നുപോയി. ജോലിയില് ഉണ്ടായിരുന്ന സമയത്തെ ആ ഒരു ഓര്മ്മയില് ഞാന് പറഞ്ഞു പറഞ്ഞ് എങ്ങോട്ടോക്കയോ കാടുകയറി. ഞാന് വിഷയത്തിലേക്ക് തിരികെ വരാം. Site-ല് തിരക്കുപിടിച്ച് വര്ക്ക് നടക്കുന്നു. ഒരു ദിവസം ഒരു worker-ന്റെ മുഖത്തേക്ക് വെല്ടിംഗ് സ്പാര്ക്ക് തെറിച്ചു. പെട്ടന്ന് ഒഴിഞ്ഞു മാറുന്നതിനിടയില് അവന്റെ കൈ കട്ടിംഗ് മെഷിനില് തട്ടി മുറിയുന്നു. മുറിവ് കുറച്ച് ആഴത്തിലുള്ളതായിരുന്നു. ഞങ്ങള് എത്ര ശ്രമിച്ചിട്ടും രക്തം വാര്ന്നൊഴുകിക്കൊണ്ടേയിരുന്നു. അവസാനം അവനെ അടുത്തുള്ള ഒരു ആശുപത്രിയില് കൊണ്ടുപോകാന് തീരുമാനിച്ചു.