ഒരുനേരത്തെ ആഹാരത്തിന്റെ വിലയെന്താണെന്ന് ഞാൻ അറിഞ്ഞു. ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോൾ ആ കുഞ്ഞിന്റെ വിശപ്പും മാറി. ശേഷം, അവർ 2 പേരും സ്റ്റെയർകേസിന്റെ അടിയിൽ ചുരുണ്ടുകൂടി കിടന്നുറങ്ങുന്നത് ഞാൻ കുറച്ചു ദൂരെയിരുന്നു നോക്കി കണ്ടു. രാവിലെ പാസഞ്ചർ വരുന്നതിനുമുമ്പേ എഴുന്നേൽക്കാൻ ഫോണിൽ അലാറവും വച്ചിട്ട് ഞാൻ ഒന്നു കണ്ണടച്ചു. പക്ഷേ, രാവിലെ ഫോണിൽ അലാറം അടിക്കുന്നതിനു മുന്പ് ഒരു ആൾക്കൂട്ടത്തിന്റെ ബഹളം കേട്ട് ഞാൻ ഉണർന്നു. ഉണര്ന്നപ്പോള് അറിഞ്ഞു, അതിരാവിലെ വന്ന ഏതോ തീവണ്ടിക്ക് മുന്നില് ചാടി ആ ഭ്രാന്തിയായ അമ്മ ജീവന് ഒടുക്കി എന്ന്. എന്റെ മനസ്സ് ദുഖത്തിന്റെ ആഴക്കടലിലേക്ക് വഴുതി വീണതുപോലെ തോന്നി. അപ്പോഴേക്കും പാസഞ്ചര് വന്നു. ഞാന് പെട്ടന്ന് മുഖമൊക്കെയോന്നു നനച്ച് ഒന്നു ഫ്രഷ് ആയിട്ട് പാസഞ്ചറില് കയറി. മനസ്സില് അപ്പോഴും നിറഞ്ഞുനിന്നിരുന്നത് ആ ഭ്രാന്തിയായ അമ്മയും കുഞ്ഞുമായിരുന്നു.
ആ കുഞ്ഞിന് എന്താവും സംഭവിച്ചിട്ടുണ്ടാവുക എന്ന് ഞാന് ഓര്ത്തു. അങ്ങനെ മനസ്സില് പലതും ആലോചിച്ചുകൊണ്ട് ജനാലയിലൂടെ പുറത്തേക്ക് കണ്ണുംനട്ട് ഞാനിരുന്നു. കഴിഞ്ഞ ദിവസത്തെ മഴയുടെ സ്പന്ദനങ്ങള് ഓര്മ്മിപ്പിച്ചുകൊണ്ട് അപ്പോഴും ജനല് കമ്പികളിലൂടെ മഴത്തുള്ളികള് ഇറ്റുവീണുകൊണ്ടേയിരുന്നു. ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോള്, സംഭവിച്ചതോന്നുമറിയാതെ ആ പാവം കുഞ്ഞ് സ്റ്റെയര്കേസിന്റെ അടിയില് ഉറങ്ങിക്കിടക്കുന്ന കാഴ്ചയാണ് എന്റെ കണ്ണുകളില് പതിഞ്ഞത്. അതൊരു പെണ്കുഞ്ഞാണ്. അവള്ക്കു ചുറ്റും നിന്ന് അവളെ തുറിച്ചുനോക്കുന്ന കഴുകന് കണ്ണുകള് ഓര്ത്ത് എന്റെ മനസ്സിന്റെ സമാധാനം നഷ്ടപ്പെട്ടു.
അതെ, ഭാവിയില് അവളും വെട്ടയാടപ്പെട്ടേക്കാം. അവളെയും കാത്തിരിക്കുന്നത് അവളുടെ അമ്മയുടെ അവസ്ഥ തന്നെയായിരിക്കാം. മനസ്സിന്റെ ഉള്ളിന്റെ ഉള്ളില് വികാരങ്ങളുടെ വേലിയേറ്റവും വേലിയിറക്കവും. പാസഞ്ചര് പതിയെ യാത്രയാരംഭിക്കാന് ചലിച്ചു തുടങ്ങി. പെട്ടന്ന്, തികച്ചും യാന്ത്രികമെന്നോണം കഴുകന്മാര്ക്ക് പിച്ചിചീന്താന് ആ കുഞ്ഞിനെ വിട്ടുകൊടുക്കില്ലെന്ന് മനസ്സില് ഉറപ്പിച്ചുകൊണ്ട് പതിയെ നീങ്ങിത്തുടങ്ങിയ ആ തീവണ്ടിയില് നിന്നും ഞാന് ചാടിയിറങ്ങി ഓടിചെന്ന് ആ കുഞ്ഞിനേയും എടുത്തുകൊണ്ട് വീണ്ടും അതേ തീവണ്ടിയില് തന്നെ കയറി. തിരക്ക് കുറവായിരുന്നതുകൊണ്ട് ആരും അത് ശ്രദ്ധിച്ചില്ല. ആ കുഞ്ഞ് എന്റെ മാറില് കിടന്ന് ഉറങ്ങി. നക്ഷത്ര കണ്ണുകളുള്ള ആ പാവം കുഞ്ഞാണ് ശിവാനി.